കേരള ദിനേശ് ബീഡി: സഹകരണ  ഇതിഹാസം രചിച്ച പ്രസ്ഥാനനം

OCTOBER 14, 2021, 10:40 AM

വിജയം എന്നത് ഒറ്റ രാത്രികൊണ്ടുണ്ടാകുന്നതല്ല. മറിച്ച് അത് ഒരുപരിണാമാണ്. അല്ലെങ്കിൽ അതൊരു യാത്രയാണ്. അതുമല്ലെങ്കിൽ അനന്തമായൊരു പദ്ധതിയാണ്. നന്മയുടേയും കഷ്ടപ്പാടിന്റേയും കാലത്തിലൂടെ, സന്തോഷത്തിലൂടേയും വേദനയിലൂടേയും ഉയർച്ചതാഴ്ചകളിലൂടേയും കടന്നുപോകുന്ന അവസാനിക്കാത്തൊരു പ്രക്രിയയാണ് വിജയം. അങ്ങിനെ വിജയത്തിന്റെ അമ്പത് പിന്നിട്ട ഒരു മഹാപ്രസ്ഥാനത്തെ നിങ്ങൾക്കു പരിചയപ്പെടുത്താം.  കേരള ദിനേശ് ബീഡി സഹകരണ  സംഘത്തിന്റെ കഥ നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. 

ഒരു കത്രികയും മുറവും വിരലുകളും മാത്രം സ്വന്തമായുള്ള നിലയിലായിരുന്നു സംഘത്തിന്റെ തുടക്കം. ഒരു ഘട്ടത്തിൽ 42000 തൊഴിലാളികൾക്ക് ജോലി നൽകുന്ന സഹകരണമേഖലയിൽ ലോകത്തിനുതന്നെ മാതൃകയായി സ്ഥാപനം വളർന്നു. ദിനേശിന്റെ വിജയരഹസ്യത്തെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് പലരും ദിനേശ് ബീഡി കേന്ദ്രസംഘത്തിലെത്തിയിരുന്നു. 

കേന്ദ്രസർക്കാരിന്റെ 1966ലെ ബീഡിസിഗാർ തൊഴിലാളി നിയമം 1968ൽ അന്നത്തെ കേരല സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവതോടെ സംസ്ഥാനത്തെ ബീഡിതൊഴിലാളി മേഖലയിൽ ഏറെ അസ്വസ്തതയുണ്ടായി. അതുവരെ രംഗം അടക്കിവാണ കർണാടകത്തിലേയും മറ്റും ബിഡിക്കമ്പനി ഉടകൾതൊഴിലാളികളെ അനാഥമാക്കിക്കൊണ്ട് സ്ഥം വിട്ടു. കണ്ണൂർ ജില്ലയിൽ മാത്രം 12,000 ത്തിലേറെ തൊഴിലാളികൾ പട്ടിണിയിലായി. ബീഡിവ്യവസായം പുനരാരംഭിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളൊക്കെ വ്യഥാവിലായി. 

vachakam
vachakam
vachakam

ഇവരെ രക്ഷിക്കാൻ എന്താണ് വഴി എന്ന് സർക്കാർതലത്തിൽതന്നെ ചിന്തകളുയർന്നു. പിന്നീട് നടന്നത് വെറുമൊരു കഥയല്ല, ഇതിഹാസമാണ്. തൊഴിലാളികളുടെ ഓരോ രൂപാവിഹിതത്തിൽ നിന്നും ഉയിർകൊണ്ട ഇതിഹാസം..! പതിനായിരങ്ങളുടെ പട്ടിണിമാറ്റി അവരെ മാന്യവും ഭദ്രവുമായി പുനരധിവസിപ്പിച്ച സാഹസീക സംഭവത്തിന്റെ ചരിത്രത്തിന് അങ്ങിനെ തുടക്കമായി. 

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് മാതൃകയായി വളർന്നുവികസിച്ച കേരള ദിനേശ് ബീഡി എന്ന തൊഴിലാളികളുടെ സഹകരണ വ്യവസായ സ്ഥാപനത്തെ ആരംഭത്തിൽ ആശങ്കയോടും അവജ്ഞയോടും വീക്ഷിച്ചവർ പിന്നീട് അതിന്റെ പുരോഗതികണ്ട് അത്ഭുതം കൂറി നിൽക്കുന്നതും കേരളം കണ്ടു. 

മുഖത്തോടുമുഖം നോക്കാൻ പോലും മടിച്ചിരുന്ന ഭിന്ന രാഷ്ട്രീയ അഭിപ്രായം വച്ചുപുലർത്തുന്ന തൊഴിലാലികളേയും അവരെ നയിക്കുന്ന നേതാക്കളേയും ഒരുകുടക്കീഴിൽ കൊണ്ടുവരിക എന്നത് ആലോചിക്കാനാകാത്ത കാലത്ത്  അത് സാധ്യമാക്കി വ്യവസായ സ്ഥാപനം തുടങ്ങി എന്നുമാത്രമല്ല പ്രതിസന്ധികളെ ഒന്നൊന്നായി തരണം ചെയ്ത് പുരോഗതിയുടെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. ഈ പ്രത്യേകതയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ നിന്നുപോലും അഭിനന്ദനം നേടിക്കൊടുത്തത്. 

vachakam
vachakam
vachakam

സ്ഥാപനത്തിന് ബിജാവാപം നൽകിയ ഒരുകാലത്ത് കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന ടി വി തോമസ് എന്ന നേതാവോ, അന്നത്തെ വ്യവസായവകുപ്പ് ജോയിന്റ് ഡയർക്ടറായിരുന്ന ഐഎഎസുകാരനായ ജി കെ പണിക്കരൊ വിചാരിക്കാത്തത്ര പുരോഗതിയാണ് ദിനേശ്ബീഡി കൈവരിച്ചത്.

 കണ്ണൂരിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി വിശദമായ ചർച്ചകൾക്കുശേഷം ഒരു കേന്ദ്രസംഘവും 22 പ്രൈമറി  സംഘവും രൂപീകൃതമായി. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സഹകരണ സംഘത്തിന്റെ ഓഹരി എടുക്കാൻ കാശില്ലാത്ത ഘട്ടത്തിൽ അന്നത്തെ  സർക്കാർ 19 രൂപവീതം വായ്പയായി നൽകി സഹായിച്ചു.

ഈ തുക പിന്നീട് ജോലി ചെയ്തുകൊണ്ട് തൊഴിലാളികൾ തിരിച്ചടയ്ക്കുകയാണ് ഉണ്ടായത്.  ആദ്യഘട്ടത്തിൽ 3000 തൊഴിലാളികളുമായാണ് തുടങ്ങിയത്. ഇത്രയും തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന ബീഡി വിറ്റഴിക്കാൻ കഴിയാത്ത പ്രതിസന്ധി തുടക്കത്തിൽത്തന്നെ നേരിടേണ്ടി വന്നു. ബീഡി കെട്ടിക്കിടന്നതു കാരണം തൊഴിലാളികൾക്ക് ആഴ്ചയിൽ മൂന്നുദിവസം ജോലി, മുന്ന് ദിവസം ലേ ഓഫുമായിരുന്നു.

vachakam
vachakam

കമ്പനി അടച്ച് കടന്നുകളഞ്ഞ ബീഡി മുതലാളിമാരോടുള്ള രോഷവും തൊഴിലാളികളോടുള്ള പ്രതിബദ്ധതയും ജനങ്ങൾ വികാരപരമായി ഏറ്റെടുത്തു. ബീഡി വിൽപ്പന നടത്താൻ ജനങ്ങൾതന്നെ പലയിടത്തും തയ്യാറായി. ഇതിനെത്തുടർന്നാണ് ആദ്യഘട്ടത്തിലെ പ്രതിസന്ധി മറികടക്കാനായത്. പിന്നീട് ഒരു കുതിച്ചുചാട്ടമാണ് അനുഭവപ്പെട്ടത്. 

എന്നാലിന്ന് പുതിയ തലമുറയിൽ പുകവലിശീലം കുറഞ്ഞുവരികയും പുകവലിക്കെതിരായ പ്രചാരവേലയും വിവിധ കോടതികളുടെ ഇടപെടലുകളും ബീഡി വ്യവസായത്തെ തകർച്ചയിലേക്ക് നയിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് കേരള ദിനേശ് ബീഡി സഹകരണ സംഘത്തെയാണ്. ഉൽപ്പാദിപ്പിക്കുന്ന ബീഡിക്ക് വിപണി കണ്ടെത്താൻ കഴിയാതെ കെട്ടിക്കിടക്കേണ്ടിവപ്പോൾ തൊഴിൽദിനങ്ങൾ കുറയ്‌ക്കേണ്ടിവന്നു.

ഇനി ബീഡി വ്യവസായം ദീർഘകാലം പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയാണ് ദിനേശ് ബീഡി സംഘം വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങിയത്. അപ്പാരൽസ്, കുടനിർമാണം, ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം, ഐടി എന്നീ മേഖലകളിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ ഈ പ്രസ്ഥാനത്തിനുകഴിഞ്ഞു. 

ദിനേശ് അപ്പാരൽസിൽ നിർമിക്കുന്ന വസ്ത്രങ്ങൾക്ക് വിദേശ വിപണി കൈവരിക്കാൻ സാധിച്ചു. മായം കലരാത്ത ഭക്ഷ്യവസ്തുക്കൾക്ക് ഉപഭോക്താക്കളിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഐടി  സഹകരണമേഖലയിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ദിനേശിന്റെ ഐടി സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. കഴിഞ്ഞ മൂന്ന് നാല് വർഷക്കാലമായി ദിനേശ് ബീഡി സ്ഥാപനത്തിന്  നിരവധി അവാർഡുകൾ ലഭിക്കുകയുണ്ടായി.

നിലവിൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലെല്ലാമായി 6000 തൊഴിലാളികൾ ജോലി ക്കാരായുണ്ട്. സർക്കാർ അംഗീകരിച്ച നിയമപരമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭ്യമാക്കിക്കൊണ്ട് ഒരു മാതൃകാസ്ഥാപനമായി ദിനേശ്ബീഡി പ്രസ്ഥാനം 51ാം വയസ്സിലും  ശോഭയോടെ തലയുയർത്തി നിൽക്കുന്നു.

ജെ. ജി കുഴിയാഞ്ഞാൽ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam