ടെക്നോളജിയോട് നന്ദി പറയാതെ ഇങ്ങനെ ഒരു കുറിപ്പെഴുതുവാൻ എനിക്ക് കഴിയില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് നാട്ടിൽ പുറത്തു വന്ന മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പ് , ഷിക്കാഗൊയിൽ ഇരുന്നുകൊണ്ട് ഇവിടുത്തെ 17ന് തന്നെ വായിക്കുവാൻ കഴിയുക എന്നുള്ളത് കുറച്ചു കാലം മുന്നേ ആലോചിക്കാനേ കഴിഞ്ഞിരുന്നില്ല. “മാഗ്സ്റ്റർ” എന്ന സബ്സ്ക്രിപ്ഷൻ വഴി, ലോകത്തെവിടെയിരുന്നുകൊണ്ടും അയ്യായിരത്തിലധികം മാസികകളും, മറ്റു മാധ്യമങ്ങളും നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ വിരൽത്തുമ്പിലെത്തിക്കാൻ കഴിഞ്ഞത് ടെക്നോളജിയുടെ വികസനം കൊണ്ട് മാത്രമാണല്ലോ. അങ്ങനെ പൂജ്യം ഡിഗ്രിയിൽ താഴെ താപനിലയുള്ള എന്റെ ഒരു പ്രഭാതത്തിൽ ഒരു ചുടുംകാപ്പിയുമായി മാതൃഭൂമി മറച്ചു നോക്കുമ്പോഴാണ്, സി. രാധാകൃഷ്ണന്റെ "കാലം കാത്തുവെക്കുന്നത്" എന്ന നോവലിന്റെ തുടക്കം എന്റെ കണ്ണിൽപ്പെട്ടത്.
"റോമിൽ ചെന്നാൽ റോമിലെ പോലെ" എന്ന ചൊല്ല് അതേ പടി പാലിച്ചു പോന്നിരുന്ന എനിക്ക് രാധാകൃഷ്ണനോട് തീരാത്ത കടപ്പാടുണ്ട്. ഇന്റർനെറ്റിന്റെ കാലമില്ലാതിരുന്ന കാലത്തു അമേരിക്കയിലെത്തിപ്പെട്ട എന്റെ ജീവിതത്തിൽ വായനയും, സംഗീതവും സിനിമയും എല്ലാം ഇംഗ്ലീഷിൽ ഒതുങ്ങി നിന്നിരുന്ന കാലത്താണ് ഞാൻ രാധാകൃഷ്ണന്റെ "തീക്കടൽ കടഞ്ഞു തിരുമധുരം" എന്ന കൃതി വായിക്കുന്നത്. ഇത് എനിക്കൊരു തിരിച്ചുവരവായിരുന്നു, മലയാളവായനയിലേക്കുള്ള എന്റെ തിരിച്ചു നടത്തം! ലോകസാഹിത്യത്തിന് മുന്നിൽ മലയാള സാഹിത്യം മുൻനിരയിൽ തന്നെയെന്ന് എനിക്ക് ഉറപ്പു തന്ന ഒരു വായനാനുഭവമായിരുന്നു അത്. ഇംഗ്ലീഷിലും, ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ, ജാപ്പനീസ്, ടർക്കിഷ്,സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് എന്നിങ്ങനെ വിവിധ ഭാഷയിലുള്ള കൃതികളടക്കം ഏകദേശം 48 പുസ്തകങ്ങൾ കഴിഞ്ഞ കൊല്ലം വായിച്ച എനിക്ക് ഇക്കാര്യം അടിവരയിട്ട് പറയാൻ കഴിയും.
ഇനി നമുക്ക് രാധാകൃഷ്ണന്റെ പുതിയ കൃതിയായ "കാലം കാത്തുവെക്കുന്നത്" എന്ന നോവലിലേക്ക് കടക്കാം. ഒരു നോവലിൻറെ ഏറ്റവും പ്രധാനപ്പെട്ട പേജുകൾ അതിലെ ആദ്യത്തെ പത്തു പേജുകളാണെന്ന് കേട്ടിട്ടുണ്ട്. ഈ പേജുകളിൽ വായനക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ, പലരും വായന നിർത്താൻ സാധ്യതയുണ്ട്. ഇത് എത്ര അർത്ഥവത്താണെന്ന്, കാലം കാത്തുവെക്കുന്നതിന്റെ ഈ ആദ്യപേജുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി. കുട്ടിക്കാലത്തു മാതൃഭൂമിയിലെ ഖണ്ഡശ്ശ നോവലുകൾ വായിച്ചു അടുത്ത ലക്കത്തിന് വേണ്ടി ഉറക്കമുളച്ചിരുന്ന കാലം തിരിച്ചു കിട്ടിയ പോലെ!
നിളാനദിയുടെ തീരത്തെ കഥകൾ പറഞ്ഞു തന്ന രാധാകൃഷ്ണന് ചൈനയിലെ യാങ്സായാലും, അമേരിക്കയിലെ മിസ്സിസിപ്പിയായാലും, പാരിസിലെ സെയിൻ എന്ന് വേണ്ട ചൊവ്വയിൽ ഒരു നദിയുണ്ടെങ്കിൽ ആ നദീതീരത്തിരുന്നുകൊണ്ടും കഥകളെഴുതാൻ വഴങ്ങും എന്നുള്ളതിന്റെ ഒരു മുന്നോടിയായിട്ടാണ് ഈ വായനാനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കിയത്. ശാസ്ത്രവും സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണൻ, സമകാലീന ലോകത്തിൽ ഇന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ശാസ്ത്രവിഭാഗമായ ജനറ്റിക്സ് (ജനിതകശാസ്ത്രം) സമർത്ഥമായി ഈ പുതിയ നോവലിന്റെ തുടക്കത്തിൽ കൈകാര്യം ചെയ്യുന്നു. ഭാരതയുദ്ധത്തിന്റെ അവസാനത്തിൽ, ഒരു ദർഭപ്പുല്ലുകൊണ്ടു മനുഷ്യർ പരസ്പരം കൊന്നു നശിക്കുന്നതുപോലെ, ഇനിയുള്ള കാലം മനുഷ്യർ, കത്തികൊണ്ടോ, തോക്കുകൊണ്ടോ, ബോംബ് കൊണ്ടോ അല്ല യുദ്ധം ചെയ്യുക, അവ്യക്തമായ ഒരു അണുജീവിയായിരിക്കാം മനുഷ്യവർഗത്തിന്റെ നാശത്തിന് കാരണം എന്ന് കൊറോണ എന്ന വൈറസ് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്തു, രാധാകൃഷ്ണന്റെ നോവലിനെപ്പോലെ മറ്റേതൊരു കഥക്കാണ് സമകാലീനപ്രസക്തി? കഥയുടെ തുടക്കമേ ആയിട്ടുള്ളൂ. ഇത്, എവിടെ, എങ്ങനെ, എപ്പോൾ അവസാനിക്കും എന്നുള്ള അതീവ ജിജ്ഞാസയിലാണ് ഞാനിപ്പോൾ.
ഗരുഡമുത്തച്ഛന്റെ മടിയിലുരുന്ന് കഥകേൾക്കാൻ കാതോർത്തിരിക്കുന്ന ഒരു കുട്ടിയായി മാറിയിരിക്കുകയാണ് ഞാൻ. കോവിഡ് 19 എന്ന രോഗം, ശാസ്ത്രത്തിനെ സാധാരണക്കാരിൽ എത്തിച്ചത് നമ്മൾ കണ്ടിരിക്കുന്ന കാലമാണല്ലോ. ഇന്ന് ഡിൻഎ യും (DNA) ർൻഎ യും (RNA), ഫ്ളാറ്റനിങ് ദ കർവും (Flattening the curve) എല്ലാം ഏവർക്കും സുപരിചിതം. എന്നാൽ, ജനിതകമാറ്റങ്ങളും (Genetic Mutation) ശാസ്ത്രത്തിന്റെ മറ്റു നേട്ടങ്ങളും അതുകൊണ്ടു വരാൻ പോകുന്ന വിപത്തുക്കളും, പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളുമായിരിക്കും, രാധാകൃഷന്റെ പുതിയ നോവലിന്റ വിഷയങ്ങൾ എന്ന സൂചനയാണ് ഈ ലക്കത്തിലൂടെ എനിക്ക് ലഭിച്ചിട്ടുള്ളത്. കൂടുതൽ പറഞ്ഞു കഥയുടെ രസച്ചരട് മുറിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നോവൽ ആരംഭിച്ചിട്ടേയുള്ളൂ. മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങുക, “കാലം കാത്തുവെച്ചത്” തുടക്കം മുതലേ വായിക്കുക, ആസ്വദിക്കുക, ഈ വിഷയത്തെക്കുറിച്ചു് സംവദിക്കുക എന്ന അപേക്ഷ മാത്രമേ പ്രിയ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളൂ.അതെ, ഇതേക്കുറിച്ചു് ചർച്ച ചെയ്യേണ്ടത് മാനവികതയുടെ അത്യാവശ്യമാണെന്ന് കൂടി ഞാൻ ശക്തമായി വിശ്വസിക്കുന്നു.
A short note by Lakshmy Nair
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.