ജയലളിത എന്ന അത്ഭുതാവതാരവും എരിഞ്ഞടങ്ങി

MAY 18, 2023, 2:56 PM

പുരട്ചീതലൈവർ എംജിആറിന്റെ നോമിനി ആയതുകൊണ്ട് മാത്രം ജെ. ജയലളതിയ്ക്ക് പലതും തരണം ചെയ്യാൻ പറ്റി എന്നത് ഒരു വസ്തുതയാണ്. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തോടെ ശത്രുക്കൾ സംഘമായി ആ സ്ത്രീയെ ആക്രമിച്ചു പുറത്തുചാടിച്ചു. അവിടം മുതലാണ്, കാലം ജയലളിത എന്ന സ്ത്രീയെ അംഗീകരിച്ചുപോകുന്ന മനഃസ്ഥൈര്യം അവർ പ്രകടിപ്പിച്ചു തുടങ്ങുന്നത്.

ജയലളിതയുടെ മനസ് അവസാനകുറേ വർഷങ്ങൾ ആകെ ആകുലത നിറഞ്ഞ കാലമായിരുന്നു. തന്നെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടു ശശികലയും കൂട്ടരും സമാന്തര ഭരണം നടത്തുന്നതു ജയലളിതയെ മാനസികമായി തളർത്തി. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നതായിരുന്നു സത്യം. ആദ്യമൊക്കെ ഈ സംഗതി രഹസ്യമായിരുന്നെങ്കിൽ പിന്നീടത് മറനീക്കി പുറത്തുവരുവാൻ തുടങ്ങി.
2012 ൽ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും തന്റെ വസതിയായ പോയസ് ഗാർഡനിൽ നിന്നു പുറത്താക്കിയിരുന്നു. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ശശികലയും കൂട്ടരും സമാന്തരമായ അധികാര കേന്ദ്രം സ്ഥാപിച്ചതായി മനസ്സിലാക്കിയാണ് ജയലളിത പ്രിയ തോഴിയെ പുറത്താക്കിയത്. പുറത്താക്കി മുപ്പത് ദിവസങ്ങൾക്കു ശേഷം ശശികലയെ ജയലളിത പോയസ് ഗാർഡനിലേക്കു തിരിച്ചു വിളിച്ചു. പുറത്താക്കിയ വാർത്ത സൃഷ്ടിച്ച അമ്പരപ്പു മാറുന്നതിനു മുമ്പുള്ള തിരിച്ചെടുക്കലിനു പിന്നിൽ വൻ ബ്ലാക്ക് മെയിലുകൾ നടന്നിരുന്നു.
തിരിച്ചെത്തിയ ശശികല തലൈവി മരിക്കും വരെ കൂടെ ഉണ്ടായിരുന്നു. ഭരണത്തിൽ ശശികല ഭയാനകമാം വിധം കൈകടത്തിയതു ജയലളിതയെ ഒരുഘട്ടമെത്തിയപ്പോൾ അമ്പരപ്പിച്ചിരുന്നതായും ജയലളിതയോടടുത്ത കേന്ദ്രങ്ങൾ പിന്നീട് പുറത്തുവിടുകയുണ്ടായി.

തന്റെ അടുപ്പക്കാരെ ചുറ്റും വിന്ന്യസിച്ചു ജയലളിതയെ ശശികല പൂട്ടിയെന്നും ആരോപമുണ്ടായി. മോണോ റെയിൽ പദ്ധതിയുടെ കരാർ സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് നൽകാൻ ജയലളിത നീക്കം നടത്തിയിരുന്നു. എന്നാൽ ശശികല ഇടപെട്ട് മറ്റൊരു കമ്പനിയുമായി ചർച്ച നടത്തി. ശശികലയെ പുറത്താക്കുന്നതുവരെ കാര്യങ്ങൾ എത്തിയ തർക്കങ്ങളിലെ പ്രധാന കാരണം ഇതായിരുന്നു. ജയലളിതക്കെതിരെ നിലനിന്ന അനധികൃത സ്വത്ത് സമ്പാദന കേസിൽ മൊഴി നൽകുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ഓരോ ഘട്ടത്തിലും ശശികല ജയലളിതയെ വിരട്ടി  അതിന്റെ പൂർണ്ണ നിയന്ത്രയണ അവരുടേയും കൂട്ടാളികളുടേയും കരങ്ങളിലൊതുക്കുകയായിരുന്നു.

vachakam
vachakam
vachakam

2016 സെപ്തംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു, വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാർശ ചെയ്‌തെങ്കിലും നടത്തിയില്ല, ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുധ്യങ്ങൾ കണ്ടുതുടങ്ങിയപ്പോൾ മുതൽ ഈ സംശയം സാധാരണക്കാരിൽ പോലും ഉടലെടുത്തിരുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയുളള ജയലളിതയുടേതെന്ന് പറയപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ്  പിന്നീട് വൈറലാകുകയും ചെയ്തിരുന്നു. ഓഡിയോയിൽ, ജയലളിത പ്രകോപിതയാകുന്നതായും തുടർച്ചയായി ചുമക്കുന്നതും പരാതിപ്പെടുന്നതായും ഒരു ജീവനക്കാരൻ ഡാറ്റ റെക്കോർഡു ചെയ്യാൻ ശ്രമിക്കുന്നതായും കേൾക്കാം.
ഇതുപോലെ 2017 ൽ ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഡോക്ടർ റിച്ചാർഡ് ബീലിന്റെ വീഡിയോയും വൈറലായിരുന്നു. തുടക്കത്തിലെ തന്നെ തന്ത്രപരമായ ബാലൻസ് ആയിരുന്നുവെന്ന് റിച്ചാർഡ് ബീൽ വീഡിയോയിൽ പറയുന്നത് കേൾക്കാം. ജയലളിത വിദേശത്തേക്ക് പോകേണ്ടത് ആവശ്യമാണോയെന്നും ശശികല ചോദിക്കുന്നുണ്ട്. പോകണം എന്ന് ഡോക്ടർ പറയുന്നതായും, അവർ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ ജയലളിത തയ്യാറായില്ല.

ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തതക്കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടത്. ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കർ എന്നിവരായിരുന്നു ഇതിനു പിന്നിൽ നിന്നും കളിച്ചത്.

vachakam
vachakam
vachakam

ആരോഗ്യ നില മോശമായതിനെത്തുടർന്നു 2016 സെപ്തംബർ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിനു ജയലളിത മരിച്ചതായുള്ള റിപ്പോർട്ട് പുറത്തുവിട്ടു. അതിങ്ങനെയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി 12.15 ഓടെയാണ് ഇങ്ങനെയൊരു വാർത്താക്കുറിപ്പിറക്കിയത്. സംസ്‌കാരം ഇന്ന് വൈകിട്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് സെപ്തംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അസുഖം ഭേദമായി വരുന്നതായും യന്ത്രസഹായത്തോടെ സംസാരിച്ചതായും ഡോക്ടർമാർ അറിയിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തോളം നീണ്ട നാടകീയ മുഹൂർത്തങ്ങൾക്കു ശേഷമാണ് ആശുപത്രി അധികൃതർ മരണവിവരം അറിയിച്ചത്. ജീവൻ നിലനിർത്താൻ പരമാവധി ശ്രമിച്ചുവെന്ന് വാർത്താക്കുറിപ്പിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. കനത്ത സുരക്ഷാവലയത്തിൽ മൃതദേഹം പോയ്‌സ് ഗാർഡനിലെ വസതിയിലെത്തിച്ചു. അപ്പോളോ ആശുപത്രിയിലും പോയ്‌സ് ഗാർഡനിലും എഐഎഡിഎംകെ ആസ്ഥാനത്തും വൻ ജനാവലിയാണ് തടിച്ചുകൂടിയത്. തമിഴ്‌നാട്ടിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചെന്നൈ രാജാജി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
ആശുപത്രിയിൽ കഴിയുന്ന ദിവസങ്ങളിൽ തന്നെ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ജയലളിതയുടെ മരണ വാർത്തക്കുപിന്നാലെ അന്നത്തെ അണ്ണാ ഡിഎംകെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ ചില ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചിരുന്നു.

ഹൃദയസ്തംഭനമാണു മരണ കാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരിക്കുന്നുണ്ടെങ്കിലും അക്കാര്യങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും ആരോപണമുണ്ടായി. അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ. ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ശശികലയെ പേടിച്ചാണു താനുൾപ്പെടെയുള്ള മന്ത്രിമാർ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതെന്നായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ജയലളിതയുടെ മരണത്തിൽ സംശയത്തിന്റെ മുനകളെല്ലാം നീണ്ടതു ശശികലയുടെ കുടുംബത്തിനു നേരെയാണ്. അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ച് മരണകാരണം വ്യക്തമാക്കിയെങ്കിലും പൊതു സമൂഹം അക്കാര്യങ്ങൾ വിശ്വസിച്ചില്ല. ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ പനീർസെൽവവും ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു.

vachakam
vachakam

ജയലളിതക്കു തോഴി ശശികല പതിയെ പ്രവർത്തിക്കുന്ന വിഷം (സ്ലോ പോയിസൺ) നൽകി എന്നതടക്കമുള്ള ആരോപണങ്ങൾ തമിഴ്‌നട്ടിൽ പടർന്നു. രോഗിയായിരുന്നപ്പോൾ നടത്തിയ രക്ത പരിശോധനയിൽ ജയലളിതയുടെ ശരീരത്തിൽ ലെഡിന്റെ അളവ് കൂടുതലായിരുന്നു. സ്ലോ പോയിസൺ ശരീരത്തിൽ കടന്നിരുന്നതായി വാർത്തകൾ പടർന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അമ്പത് ദിവസത്തോളം ജയലളിത ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ശശികലയും ഏതാനും ചില വിശ്വസ്തരും മാത്രമേ ആശുപത്രിയിൽ അവരെ പരിചരിക്കാൻ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ ശശികല പറയുന്നത്  തിരിച്ചാണ്. ഒരു ഘട്ടത്തിൽ ജയലളിതയുടെ അസുഖം മാറി ഡിസ്ചാർജ് ചെയ്യാൻ വരെ തയ്യാറായവന്നതാണ്. എന്തുചെയ്യാം, നിർഭാഗ്യവശാൽ, ജയലളിതാമ്മ ഞങ്ങളെ വിട്ടുപോയി. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ, അനുമാനങ്ങൾ ഉയർത്തുന്നതിന് പകരം കമ്മീഷൻ എന്റെമേൽ കുറ്റം ചുമത്തുന്നത് എങ്ങനെയാണ് ന്യായമാകുന്നത്?. ഞാൻ 30 വർഷത്തോളം അമ്മയ്‌ക്കൊപ്പം താമസിച്ചു. അമ്മയെപ്പോലെ അവരെ സംരക്ഷിച്ചു. അവരുടെ ചികിത്സയിൽ ഞാൻ ഇടപെട്ടിട്ടില്ല. അവൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. അമ്മയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് ഞാൻ ഒരിക്കലും തടഞ്ഞിട്ടില്ല എന്നാണ്.

ജയലളിതയുടെ മരണത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് 2017ലെ എഐഎഡിഎംകെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ 14 തവണയാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. 2022 ഓഗസ്റ്റിലാണ് സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതുതന്നെ..!

സംഗതി എന്തുതന്നെ ആയാലും എംജിആറിന്റെ നോമിനി ആയതുകൊണ്ട് മാത്രം ജയലളതിയ്ക്ക് പലതും തരണം ചെയ്യാൻ പറ്റി എന്നത് ഒരു വസ്തുതയാണ്. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തോടെ ശത്രുക്കൾ സംഘമായി ആ സ്ത്രീയെ ആക്രമിച്ചു പുറത്തുചാടിച്ചു. അവിടം മുതലാണ്, കാലം ജയലളിത എന്ന സ്ത്രീയെ അംഗീകരിച്ചുപോകുന്ന മനഃസ്ഥൈര്യം അവർ പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഒരുപക്ഷേ വെട്ടിമാറ്റപ്പെട്ട റീലുപോലെ വലിച്ചെറിയപ്പെടുമായിരുന്നൊരു ജീവിതം, തിരികെ പിടിക്കാൻ അവർക്ക് കഴിഞ്ഞത് മനസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ്

(അവസാനിച്ചു)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam