തൃക്കാക്കരയിലെ തരംഗം മുൻകൂട്ടി കണ്ടറിഞ്ഞ് ജനക്ഷേമ മുന്നണി

MAY 25, 2022, 8:31 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചൂട് സംസ്ഥാനാതിർത്തികൾക്കപ്പുറത്തേക്കു പടർന്നിട്ടുണ്ടെങ്കിലും വിജയാപജയ സാധ്യത സംബന്ധിച്ച തർക്ക പരിണാമം ഏറെക്കുറെ 'ഉമോന്മുഖം' തന്നെ. കോൺഗ്രസിന്റെ ശനിദശയ്ക്കിടെ ഇടതു മുന്നണിക്കു വികസന രാഷ്ട്രീയ വിളവെടുപ്പിൽ നൂറുമേനി ഉറപ്പാക്കാനാകുമെന്നും അതുവഴി തൃക്കാക്കരയിൽ പുതു ചരിത്രം പിറക്കുമെന്നുമുള്ള വാദങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെപതിവ് അഭ്യാസത്തിനപ്പുറമായി വോട്ടർമാർ വലിയ വില കൽപ്പിക്കുന്നില്ലെന്നു വ്യക്തം.

കേരള പോലീസിന്റെ സ്‌പെഷൽ ബ്രാഞ്ച് ഒഴികെ, വോട്ടർമാരെ ബന്ധപ്പെട്ടു മണ്ഡലത്തിന്റെ മനമറിയാൻ ശ്രമം നടത്തിയ മിക്ക ഏജൻസികളും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് വൻ വിജയ സാധ്യത പ്രവചിക്കുന്നതായാണ് സൂചന. ഇടതു മുന്നണിയുടെ സി.പി.എം സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിന്റെ തൂക്കം 'ജ്യോമെട്രിക് പ്രോഗ്രഷനി'ലാണ് മുഖ്യമന്ത്രി നേരിട്ടിറങ്ങിയതോടെ ഏറിവരുന്നതെന്ന് വിവിധ മാധ്യമങ്ങളുടെ കണ്ടുപിടുത്തമുണ്ടെന്നതു ശരി. പക്ഷേ, അതിനു പിന്നിൽ മുഖ്യമായുള്ളത് പി.ആർ. ഏജൻസികളുടെ വലിയ അധ്വാനമാണെന്ന ആരോപണം അവഗണിക്കാനാകില്ല.

പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ വിവാദങ്ങൾക്ക് പിടികൊടുക്കാതെ സ്ഥാനാർഥികൾ കളം നിറഞ്ഞുള്ള വോട്ടഭ്യർഥനയിലാണ്. ദിലീപ് പ്രതിസ്ഥാനത്തുള്ള പീഡനക്കേസിലെ ഇരയായ നടിയുടെ ഹർജിയും, വിവാദങ്ങളും, സ്ത്രീസുരക്ഷയുമൊക്കെ പ്രചാരണത്തിൽ ആരോപണവും പ്രത്യരോപണവുമായി നിറയുമ്പോൾ തൃക്കാക്കരയിൽ രാഷ്ട്രീയം പറയാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുണ്ട് ഇടതു മുന്നണി. അതേസമയം, രാഷ്ട്രീയം പറയാൻ കഴിയാത്തത് ഇടതു മുന്നണിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിക്കുന്നു.

vachakam
vachakam
vachakam

ഇതിനിടെ, ഒരു മുന്നണിയെയും പിന്തുണയ്‌ക്കേണ്ടെന്ന് ജനക്ഷേമ മുന്നണി കൈക്കൊണ്ട തീരുമാനം ആർക്കാകും ഗുണകരമെന്ന ചർച്ചയും കൊഴുക്കുന്നു. പ്രവർത്തകർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ട്വന്റി 20 യുടെയും ആം ആദ്മി പാർട്ടിയുടെയും സംയുക്ത നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ട്വന്റി 20 ഏറ്റവും ശക്തമെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. ആം ആദ്മി പാർട്ടിയുടെ കൂട്ടുണ്ടായിട്ടും അവിടെ മൽസരിക്കുന്നില്ലെന്ന നിലപാട് ഒരു തരത്തിലും മനസിലാക്കാനാകുന്നില്ലെന്നു പറയുന്നു ട്വന്റി 20യുടെ പല അനുഭാവികളും. മുന്നണികളെ ഒന്നടങ്കം എതിർത്തശേഷം നിർണ്ണായക ഘട്ടത്തിൽ കൈയും കെട്ടിനിൽക്കുന്നത് ജനക്ഷേമ മുന്നണിയുടെ മുന്നേറ്റത്തിനു തടസമാകുമെന്നും ഓട്ടത്തിനു തുനിയാതെ മുൻകൂട്ടി തോൽവി ഏറ്റുവാങ്ങിയത് വലിയ ദോഷം ചെയ്യുമെന്നുമാണ് അവരുടെ പരിഭവം.  

ട്വന്റി 20ക്ക് സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര എന്നതു ശരി. എന്നാൽ സ്വന്തമായൊരു സ്ഥാനാർഥിയെ നിർത്തി വിജയിപ്പിക്കാനുള്ള ശേഷിയില്ലെന്നതും യാഥാർത്ഥ്യം. കേരളത്തിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന പാർട്ടിയാണ് ആം ആദ്മി. പക്ഷേ ഇവർക്കും സ്വന്തമായൊരു സ്ഥാനാർഥിയെ നിർത്തി വിജയിപ്പിക്കാനുള്ള ശേഷി തൃക്കാക്കരയിലില്ല. രണ്ടു കക്ഷികളും ചേർന്നു രൂപീകരിച്ച ജനക്ഷേമ മുന്നണി തൃക്കാക്കരയിൽ വൻ ശക്തിയാണെന്ന അനുമാനം എന്തായാലും മുഖവിലയ്‌ക്കെടുക്കുന്നില്ല ട്വന്റി 20 യുടെയും ആം ആദ്മി പാർട്ടിയുടെയും നേതാക്കളെന്നു വ്യക്തമായി.

രണ്ടു മുന്നണികളും വിജയം മാത്രം ലക്ഷ്യമാക്കി പോരു മുറുക്കുമ്പോൾ മറ്റു കക്ഷികളുടെ സാന്നിധ്യം അപ്രസക്തമാകുന്നു. അതു മുൻകൂട്ടി കണ്ടു തന്നെയാണ് സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നു ജനക്ഷേമ മുന്നണി കലേകൂട്ടിത്തന്നെ തീരുമാനിച്ചത്. രാഷ്ട്രീയ കേരളത്തിന്റെ ഒരു ചീന്തു തന്നെയാണു തൃക്കാക്കരയെന്നത് ട്വന്റി 20 ക്കും ആം ആദ്മി പാർട്ടിക്കും നന്നായറിയാം. കേരളത്തിന്റെ മൊത്തം രാഷ്ട്രീയ ചിത്രം ഇവിടെ തെളിയുമെന്നും നിരീക്ഷകർ മുൻകൂട്ടി കണക്കാക്കുന്നു. രണ്ടു മുന്നണികൾക്കിടയിൽപ്പെട്ടു സ്വന്തം പ്രസക്തി കളയണ്ട എന്ന ബുദ്ധിപൂർവമായ നിലപാടു സ്വീകരിച്ചിരിക്കുകയാണ് ജനക്ഷേമ മുന്നണി. ഈ ചിത്രം എന്നു മാറുമോ, എന്നെങ്കിലും മാറുമോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടിവന്നേക്കും.
സംസ്ഥാനത്ത പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന രണ്ടു മുന്നണികൾക്കിടയിൽ ഒരു ഇടം കണ്ടെത്തി വേരുറപ്പിച്ചു തലയെടുക്കാനുള്ള ശേഷി രണ്ടു കക്ഷികൾക്കുമില്ലെന്നതിനു പുറമേ  രണ്ടു പാർട്ടികളുടെയും മുന്നണിയായ ജനക്ഷേമ മുന്നണിക്കും ഈ കരുത്തില്ല.

vachakam
vachakam
vachakam

ഇതു തന്നെയാണ് കേരള രാഷ്ട്രീയത്തിന്റെ ഒരു നേർചിത്രം. ഈ ചിത്രത്തിൽ ഒരു ഇടം കണ്ടെത്താൻ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷകൾക്കും അടിസ്ഥാനമുറയ്ക്കുന്നില്ല.
ജനക്ഷേമ മുന്നണിക്ക് കേരളത്തിൽ ഇടം കണ്ടെത്താമെങ്കിൽ രണ്ടു മുന്നണികളിൽ ഏതെങ്കിലുമൊന്നിനു ക്ഷീണം സംഭവിക്കണം. രണ്ടു തവണ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയതിന്റെ ക്ഷീണം ഐക്യജനാധിപത്യ മുന്നണിക്കുണ്ടെന്നതു വസ്തുത തന്നെ. പക്ഷെ ആ ക്ഷീണം മുതലാക്കി തൃക്കാക്കര പിടിച്ചെടുക്കാനുള്ള കരുത്ത് ട്വന്റി 20 ക്കോ ആം ആദ്മി പാർട്ടിക്കോ രണ്ടും ചേർന്നുള്ള ജനക്ഷേമ മുന്നണിക്കോ ഇല്ലെന്നതാണു വസ്തുത. ഇക്കാര്യം കാണാതിരിക്കാനാകില്ല രണ്ടു കക്ഷികളുടെയും നേതാക്കൾക്ക്. ആർക്കും നേരിട്ടു പിന്തുണ പ്രഖ്യാപിക്കാതെ വോട്ടർമാരെ സ്വതന്ത്രമായി വോട്ടു ചെയ്യാൻ വിടുകയാണു ബുദ്ധിയെന്ന തിരിച്ചറിവുണ്ടാകാൻ കാരണം മറ്റൊന്നല്ല.

ഡൽഹിയിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോഴാണ് ആം ആദ്മി വേരുറപ്പിച്ചു പടർന്നു കയറിയത്. അതിനു പറ്റിയ നേതാക്കളും ഈ പുതിയ പാർട്ടിക്കുണ്ടായി. ഡൽഹി വോട്ടർമാരെ ആകർഷിക്കുന്ന മുദ്രാവാക്യങ്ങളുണ്ടാക്കാനും അവരുടെ വിശ്വാസം ആർജിക്കാനും ആം ആദ്മി പാർട്ടിക്കു കഴിഞ്ഞു. ആകർഷകമായ ജനക്ഷേമ പരിപാടികളിലൂടെ ഭരണത്തുടർച്ചയും നേടി. പക്ഷേ ഇതൊന്നും കേരളത്തിൽ ചെലവാകില്ലെന്ന് അരവിന്ദ് കെജ്രിവാളിനറിയാം. കേരളീയർക്കു രാഷ്ട്രീയമുണ്ട്; രാഷ്ട്രീയ ബോധമുണ്ട്. പുതിയൊരു പാർട്ടിയെ കണ്ടോ പുതിയൊരു മുദ്രാവാക്യം കേട്ടോ മനം മാറുന്നവരല്ല കേളീയർ.

പക്ഷേ പഞ്ചാബിലെ കഥ ഇതായിരുന്നില്ല. കുറെക്കാലമായി പഞ്ചാബിൽ ശ്രദ്ധ ഊന്നി വരികയായിരുന്നു ആം ആദ്മി പാർട്ടി. കോൺഗ്രസിന്റെ അവസാനത്തെ കോട്ടകളിലൊന്നും കൂടിയായി പഞ്ചാബ്. അവിടെ സ്വന്തം കോട്ടയിളക്കിയത് കോൺഗ്രസ് നേതൃത്വം തന്നെ, കൃത്യമായി പറഞ്ഞാൽ ഹൈക്കമാൻഡ്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പഞ്ചാബ് സംസ്ഥാനം ഭരിച്ചു കൊണ്ടിരുന്ന കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിങ്ങിന്റെ കസേരയിളക്കിയത് ഹൈക്കമാൻഡായിരുന്നു, സ്ഥാപിത താൽപ്പര്യങ്ങൾ പുലർത്തിയ അംബികാ സോണിയുടെ ഇംഗിതാർത്ഥമെന്ന് പിന്നീട് തെളിഞ്ഞു.

vachakam
vachakam

ഒരു രാഷ്ട്രീയ സ്ഥിരതയുമില്ലാത്ത നവ്‌ജ്യോത് സിങ്ങ് സിദ്ദുവിന് സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃത്വം ഏൽപ്പിച്ചു കൊടുത്തതും ഹൈക്കമാൻഡ്. പിന്നെ ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ മാറ്റി പെട്ടെന്ന് തെരഞ്ഞെടുപ്പു നടന്നപ്പോൾ ആം ആദ്മി പാർട്ടി പഞ്ചാബിൽ ഭരണം പിടിച്ചടക്കി. കോൺഗ്രസ് അവിടെയും തരിപ്പണമായി. പഞ്ചാബിൽ ഭരണം പിടിക്കാൻ കുറേ കാലമായി ആഞ്ഞുപിടിച്ചു കൊണ്ടിരുന്ന ബി.ജെ.പിക്കെതിരേ കോൺഗ്രസ് അടിയുറപ്പിച്ചു നിന്നുവെന്നതു ശരി. പക്ഷേ, കോൺഗ്രസിന്റെ അടിത്തറയിൽ ഹൈക്കമാൻഡ് തന്നെ ഉണ്ടാക്കിയ വിള്ളൽ പരിഹാസ്യവും നാശകാരിയുമായി.

ഹൈക്കമാൻഡിന്റെ തീട്ടൂരത്തിൽ അമരീന്ദർ സിങ്ങിന്റെ മുഖ്യമന്ത്രി കസേര തെറിച്ചു. പാർട്ടിയുടെ കെട്ടുറപ്പു ശിഥിലമായി. സംഘടന ആടിയുലഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടകൾ തകർന്നടിഞ്ഞു. ഭരണം കാറ്റിൽ പറന്നു. പകരം അധികാരത്തിൽ വന്നത് ആം ആദ്മി പാർട്ടി. ഡൽഹിക്കു ശേഷം ആം ആദ്മിക്ക് പഞ്ചാബ് കൂടി കൈയിൽ കിട്ടിയിരിക്കുന്നു.
പഞ്ചാബിൽ കോൺഗ്രസ് തളർന്നപ്പോൾ എന്തുകൊണ്ട് ബി.ജെ.പി പകരം വന്നില്ലെന്നും പഞ്ചാബിലെ ജനങ്ങൾ എന്തുകൊണ്ട് ആം ആദ്മി പാർട്ടിയിൽ വിശ്വാസമർപ്പിച്ചെന്നും ചോദ്യങ്ങളുയരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയരുന്ന വലിയ ചോദ്യങ്ങളാണിത്. പഞ്ചാബിലും ഹരിയാനയിലും യു.പി.യിലും രൂപം കൊണ്ട് വളർന്ന് ബി.ജെ.പിയെയും കേന്ദ്രഭരണകൂടത്തെയും വെല്ലുവിളിച്ച കർഷക സമരത്തിന്റെ പ്രഭവകേന്ദ്രം പഞ്ചാബായിരുന്നുവെന്നത് ഇതുമായി ബന്ധപ്പെട്ടു പരിഗണിക്കേണ്ടതുണ്ട്.

കർഷകർക്ക് ഏറെ പ്രാമുഖ്യമുള്ള പഞ്ചാബ് ജനതയ്ക്ക് ബി.ജെ.പിയെ വിശ്വസിക്കാനായില്ലെന്നതാണു സത്യം. പകരം കനത്ത പ്രചാരണവുമായി മുന്നിലെത്തിയത് ആം ആദ്മി പാർട്ടി. കോൺഗ്രസിനു പകരം ആം ആദ്മിയെ പഞ്ചാബിലെ ജനങ്ങൾ വരിക്കുകയായിരുന്നു. തൃക്കാക്കരയിൽ, കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ ലിസി ആശുപത്രിയുടെ ഉള്ളറകളിൽ നിന്ന് സി.പി.എം സ്വന്തം സ്ഥാനാർഥി ഡോ. ജോ ജോസഫിനെ കണ്ടുപിടിച്ച് അവതരിപ്പിച്ചത് വലിയ കണക്കുകൂട്ടലോടെ തന്നെ. സാമുദായിക സമവാക്യങ്ങളുടെയും വികസന മുദ്രാവാക്യങ്ങളുടെയും പുതിയ ചേരുവകൾ ചേർത്ത് തൃക്കാക്കര തിരിച്ചു പിടിക്കാൻ സി.പി.എം പെടാപ്പാടു പൊടുന്നു.

കെ.വി തോമസ് ഘടകവും പരീക്ഷണത്തിലുണ്ട്. അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഡൽഹിയിലേതല്ല, പഞ്ചാബിലേതുമല്ല. കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. പി.ടി തോമസ് മികച്ച വിജയം നേടിയ സീറ്റ്. മത്സരിക്കുന്നത് അന്തരിച്ച നേതാവിന്റെ ഭാര്യ ഉമാ തോമസ്.
മത്സരം അങ്ങേയറ്റം മൂർച്ചയേറിയതു തന്നെ എന്ന് തൃക്കാക്കരയിലെത്തുന്ന ആർക്കും തോന്നാം. ഉമാ തോമസിന്റെ വിജയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യം. കോൺഗ്രസിന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും. മുൻകാല ഭൂരിപക്ഷം എത്ര കണ്ടുയരും എന്നതിലേ കോൺഗ്രസ് നേതാക്കൾക്കു സംശയമുള്ളൂ.

അതേസമയം, സിൽവർ ലൈൻ മുതൽ വിവിധങ്ങളായ വികസന പദ്ധതികളെ മുൻകൂട്ടി കാണുന്ന എൽ.ഡി.എഫിനു ലക്ഷ്യം പൂർത്തീകരിക്കാൻ തൃക്കാക്കരയിൽ വിജയം അനിവാര്യമെങ്കിലും വോട്ടർമാരിൽ ഭൂരിഭാഗവും മറിച്ചു ചിന്തിക്കുന്നതായാണ് അനൗദ്യോഗിക ഹിതപരിശോധനകളിലെ ഏകപക്ഷീയ സൂചന.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam