അന്യായം തന്നെ അണ്ണാ... ഗാന്ധിയോട് സ്വയം ഉപമിച്ച്  ഇ.പി. സഖാവ് !

SEPTEMBER 28, 2022, 1:03 PM

കേരളത്തിലെ സി.പി.എം. ബഹുത് ഹാപ്പിയാണ്. കാരണമുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ പാർട്ടിക്ക് മാലയിട്ട് പൂജിക്കാൻ കണ്ണൂരിൽ നിന്ന് ഒരു 'ഗാന്ധി'യെ കിട്ടി. രാഷ്ട്രപിതാവിനെ പോലെ, ജയിൽ ശിക്ഷയനുഭവിച്ചും കോടതി കയറിയും ബ്രിട്ടീഷുകാരെ കിടുകിടാ വിറപ്പിച്ച ഒറിജിനലിനെ വെല്ലുന്ന ഇ.പി. ജയരാജ ഗാന്ധിയെന്ന പുതിയ അവതാരത്തിന്റെ മുമ്പിൽ ആരും വാ പൊത്തി നിൽക്കും. അത്രയ്ക്കുണ്ട് 'കണ്ണൂർ കാന്തി (ഗാന്ധി)യുടെ കസറൻ ഡയലോഗ്.

തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാൻ പോയ ഇ.പി. ഗാന്ധി പത്രക്കാരെ വെറുതെ പീപ്പി വിളിച്ച് ഊതിക്കളഞ്ഞത് തിങ്കളാഴ്ച ചാനലുകളിൽ കാണാൻ മലയാളികൾക്ക് ഭാഗ്യം ലഭിച്ചു. ഒരു രാഷ്ട്രീയ നേതാവാകുമ്പോൾ കേസുകളുണ്ടാകും. കോടതി കയറേണ്ടിയും വരും. എന്താ നമ്മുടെ ഗാന്ധിജിയെല്ലാം അതുപോലെ തടവിൽ കിടന്നവരും കോടതി കയറിയവരുമല്ലേ ? ഞാനും ഒരു രാഷ്ട്രീയ നേതാവാണ്. അപ്പോ ചിലപ്പോൾ കോടതി കയറും. ജയിലിൽ കിടക്കും. അതൊക്കെ സ്വാഭാവികമെന്നല്ലാതെ എന്തു പറയാൻ ?

കാപ്പ ചുമത്തിയ 'ജൂനിയർ ഗാന്ധി' പിന്നാലെ...

vachakam
vachakam
vachakam

ഇടതു മുന്നണി കൺവീനർ ഇ.പി. തിരുവനന്തപുരം കോടതി പരിസരത്ത് 'ഗാന്ധിപടം' തകർത്തഭിനയിച്ചപ്പോൾ മധ്യ തിരുവിതാംകൂറിൽ എവിടെയോ ഒരു ബ്രാഞ്ച് സെക്രട്ടറി എട്ടു  കേസുകളിൽ  വിചാരണ നേരിട്ടുവരവേ, കാപ്പ ചുമത്തപ്പെട്ടിട്ടും റോഡിൽ വച്ച്  ഒരു കുടുംബത്തെ ആക്രമിച്ചശേഷം, ഞാനാണ് അവരെ തല്ലിയതെന്ന് വിളിച്ചു പറഞ്ഞ് ആറാം തമ്പുരാൻ റോളിൽ തകർത്ത് അഭിനയിച്ചതു കാണാനും രണ്ട് പോലീസ് കഥാപാത്രങ്ങൾക്ക് ഭാഗ്യമുണ്ടായി.

പാർട്ടിക്കാരുടെ കേസുകൾ വാദിക്കാൻ മാത്രം ഒരു 'ഗുണ്ടാ സഹായനിധി'രൂപീകരിച്ചില്ലെങ്കിൽ സി.പി.എം. ഇനി പാടുപെടും. സി.പി.എം. പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം സി.പി.എം. അനുഭാവി ആത്മഹത്യ ചെയ്തുവെന്ന് കോൺഗ്രസുകാരല്ല പറയുന്നത്, അതേ പാർട്ടിയെ കൃത്യമായി വോട്ട് ചെയ്തു വിജയിപ്പിച്ചുവരുന്ന ഒരു വീട്ടമ്മയാണ്. ഇവിടെയും പാർട്ടിയുടെ ജില്ലാ നേതൃത്വം കുറ്റം ചെയ്തതായി പറയപ്പെടുന്ന ലോക്കൽ നേതാക്കൾക്ക് ''അവരൊന്നും ചെയ്തില്ലെന്നും പറഞ്ഞ്'' ഇതുവരെ അവർക്ക്  അഭയം നൽകിയിട്ടുണ്ട്. ആശുപത്രി സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച പാർട്ടിക്കാർക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടും പോലീസ് അതേ പ്രതികൾക്കു വേണ്ടി വല വിരിച്ചു കാത്തിരിക്കുകയാണത്രെ.

ജയന്റെ സിംഹാസനത്തിൽ ജയരാജ സഖാവ് !

vachakam
vachakam
vachakam

രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് കൈയിൽ കിട്ടിയപ്പോൾ തന്നെ, ആ ശമ്പളം കിട്ടാൻ വേണ്ടിയുള്ള ജാഥയിൽ മുദ്രവാക്യം വിളിച്ചു കൊടുത്ത സി.പി.ഐ. ജോയിന്റ് കൗൺസിൽ ഭാരവാഹിയെയും മകളെയും മർദ്ദിച്ച കെ.എസ്.ആർ.ടി.സി. ജോലിക്കാരുടെ 'കൊണവതിയാരം' പറയാതിരിക്കുകയാണ് ഭേദം. ഇതാണോ, ഇവരുടെ യൂ... അല്ല , ഊ...ണിയൻ പ്രവർത്തനം ? സങ്കടമുണ്ട്.

അതും ഒരു മകളുടെ മുമ്പിൽവച്ചെല്ലാം ഒരച്ഛനെ തല്ലിപ്പരുവമാക്കുന്ന ഈ വിദ്വാന്മാർ മിക്കവാറും ഇ.പി. ഗാന്ധിയെ കണ്ട് വളർന്നുവരുന്ന നേതാക്കളാണല്ലോ ? വിമാനത്തിൽ സ്റ്റണ്ട് നടത്തിയ സിനിമാതാരം ജയനുശേഷം ആ സിംഹാസനം ചുക്കിലിവല പിടിച്ച് ഒഴിഞ്ഞു നടക്കുകയായിരുന്നു. ഏതായാലും ജയന്റെ സിംഹാസനത്തിൽ ജയരാജാഭിഷേകമായി !

എന്നാലും ജനത്തിന്റെ പുറത്തുനിന്ന് കൈയെടുക്കില്ല !

vachakam
vachakam

റോഡിലെ കൊടിമരങ്ങൾ മാറ്റാൻ കോടതി, കുഴികളടയ്ക്കാൻ കോടതി, ശമ്പളം വാങ്ങിക്കൊടുക്കാൻ കോടതി അങ്ങനെ കേരളാ ഹൈക്കോടതിയിലെ ആദരണീയരായ ന്യായാധിപന്മാർ അവരുടെ തലവിധിയോർത്ത് സങ്കടപ്പെടുകയാണിപ്പോൾ. കോടതിയുടെ ചോദ്യങ്ങൾക്കുപോലും മുട്ടാപ്പോക്ക് മറുപടിയാണ് സർക്കാർ ഇപ്പോൾ നൽകിവരുന്നത്.

നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയാറില്ലേ, ''അന്വേഷിച്ചു വരുന്നു'' ''പരിഗണനയിലാണ്'' തുടങ്ങിയ പതിവ് പല്ലവി കോടതിയിൽ വേണ്ടെന്നു പറഞ്ഞിട്ടും തിങ്കളാഴ്ച (സെപ്തബർ 26) കെ.റെയിൽ സംബന്ധിച്ചുള്ള മറുപടിയിൽ സർക്കാർ വല്ലാതെ ഉരുണ്ടു കളിച്ചു. കെ.റെയിൽ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചുവെന്ന സർക്കാർ പ്രസ്താവന കോടതിയെ തെറ്റിദ്ധരിപ്പിക്കലായി. കാരണം കേരളം പദ്ധതിയുടെ  സവിശദ  റിപ്പോർട്ട് (ഡി.പി.ആർ) ഇനിയും നൽകിയിട്ടില്ലെന്ന് റെയിൽവേയുടെ അഭിഭാഷകൻ അറിയിച്ചത് കേട്ട് ഹൈക്കോടതിയും ഞെട്ടി.

സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ പിന്നീട് പറഞ്ഞതാണ് കൗതുകകരം. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളും പിൻവലിക്കില്ലെന്നും ഇതേ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനത്തെ കോടതികയറ്റി 'രസിക്കുന്ന' ഏത് കലികാല അവതാരമാണാവോ ഭരണസിരാകേന്ദ്രത്തിൽ കുടിയേറിയിരിക്കുന്നത് ? എന്തായാലും, ആ അവതാരം വിജയനെയും കൊണ്ടേ പോകൂ എന്നു കട്ട പ്രതിജ്ഞയെടുത്തിട്ടുണ്ടാകാം.

കേട്ടോ, (അ) ക്രമസമാധാന പരിപാലന രാഗം...

ചിലപ്പോഴെങ്കിലും എഴുതിപ്പോയത് അറം പറ്റിയ മട്ടിലാകുമ്പോൾ, ഒരു മനഃപ്രയാസം സ്വാഭാവികമാണ്. പോയവാരത്തെ കുറിപ്പിൽ ''ക്രൈം : കൊച്ചി കൂവിത്തെളിയുന്നു'' എന്നൊരു പരാമർശമുണ്ട്. ഇന്ന് (ചൊവ്വ സെപ്തംബർ 27) ഈ നഗര ജാലകക്കാഴ്ച എഴുതാനിരിക്കുമ്പോൾ പേനയിൽ വീണ്ടും ചോര വീണു കഴിഞ്ഞു. ഒന്നരമാസത്തിനിടെ ഏഴാമത്തെ കൊലപാതകവും കണ്ട് കണ്ണ് മഞ്ഞളിച്ചുനിൽക്കുകയാണ് ഇപ്പോൾ കൊച്ചി നഗരം.

ഇനി ഒറ്റവഴിയേ കൊച്ചിയുടെ മുമ്പിലുള്ളൂ. 'താപ്പാന' എന്ന സിനിമയിൽ മമ്മൂട്ടിയുടെ സാംസൺ എന്ന ഗുണ്ടാവേഷം ഒരു ഗ്രാമത്തിന്റെ ക്രമസമാധാന നില ഭദ്രമാക്കാൻ വിജയരാഘവന്റെ പൊലീസ് എസ്.ഐ. വേഷത്തെ സഹായിക്കുന്ന ചില രംഗങ്ങളുണ്ട്. നഗരത്തിന്റെ മുക്കും മൂലയും സിറ്റി പൊലീസിനെക്കാൾ നന്നായി അറിയാവുന്ന ഗുണ്ടകളുടെ 'പട്രോളിംഗ്' പരീക്ഷിക്കാവുന്നതാണെന്ന സൂചന പോലും ചില മാധ്യമങ്ങളിൽ കണ്ടു. 2022 ഓഗസ്റ്റ് 10, 14, 16, 28, സെപ്തബർ 10, 18 തുടങ്ങിയ ദിനങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ പ്രതികളെ മുഴുവനായി പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

കൊച്ചി നഗരത്തിൽ പട്രോളിംഗ് ശക്തമാക്കി ക്രമസമാധാനനില ഭദ്രമാക്കുമെന്ന് പൊലീസ് ഏമാന്മാർ പത്രക്കാരോട് പറഞ്ഞു കഴിഞ്ഞു. എന്നാൽ ലഹരി, ഗുണ്ടാ സംഘങ്ങളും അധോലോക കുറ്റവാളികളും നഗരത്തിലെ രാത്രികൾ കൈയടക്കിക്കഴിഞ്ഞു. സ്ത്രീകളും രാത്രിയിലെ പതിവ് പരിപാടികളെല്ലാം നിർത്തി, ലഹരി വിൽപ്പന തുടങ്ങിയിട്ടുണ്ട്. കാശിന് വളരെ ആവശ്യമുള്ള നിയമപാലകരെ കണ്ടെത്തി ലഹരിസംഘങ്ങൾ അവർക്ക് സാമ്പത്തിക സഹായം നൽകുന്നതുവരെയെത്തി നിൽക്കുകയാണ് കാര്യങ്ങൾ.

ആഭ്യന്തര വകുപ്പിന്റെ പൊലീസിലുള്ള നിയന്ത്രണത്തിൽ പോലും ചില പാളിച്ചകൾ പറ്റുന്നതായി ഒരു കൂട്ടം സഖാക്കൾ ചിന്തിച്ചു തുടങ്ങി. പക്ഷെ, 'മുകളിലിരിക്കുന്നവർ' ഇതൊന്നും' കേട്ട മട്ടില്ല.

'ഉണ്ടത്രെ' എന്നെഴുതിയെങ്കിലും ഉണ്ട്...

ഗാന്ധി ജയന്തി ഞായറാഴ്ചയായതോടെ, ഒരവധി പോയതിൽ സർക്കാർ ജീവനക്കാർ സങ്കടത്തിലാണ്. ബിവറേജസ് കടകൾ ഗാന്ധിജയന്തി ദിനത്തിൽ തുറക്കാത്തതും ഞായറാഴ്ച കുടിയന്മാരെ രോഷാകുലരാക്കി കഴിഞ്ഞു. ഈ അസംതൃപ്തർക്കു പിന്നാലെ പേരറിയാത്ത രാസലഹരികളുമായി മയക്കുമരുന്ന് കണ്ണികൾ പായാൻ തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ ഒരു 'ഇവന്റ്' ഒരു 'സംഭവ' മാകണമെങ്കിൽ രാസലഹരി കൂടിയേ തീരുവെന്ന മട്ടിൽ കാര്യങ്ങൾ പുരോഗമിച്ചിട്ടുണ്ട്.

മയക്കുമരുന്ന് റാക്കറ്റിന്റെ സ്വാധീനം ലോക്കൽ പൊലീസ് കരുതുന്നതിനെക്കാൾ ഉയരങ്ങളിലാണ്. അത്രയും ഉയരത്തിലേക്ക് കേരളാപൊലീസിന്റെ കൈകൾ ഉയരില്ല. ഇനി ഏതെങ്കിലും കൈകൾ ഉയർന്നാൽ തന്നെ, അതേ കൈകളിൽ നോട്ട് വിളമ്പാൻ ആളുകൾ ക്യൂവിലാണ്. നോട്ടിൽ വീഴാത്തവരെ, അവരുടെ ദൗർബല്യങ്ങൾ കണ്ടറിഞ്ഞ് കൈകാര്യം ചെയ്യാൻ പറ്റിയ ട്രീറ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകൾ കൂടി ഈ സംഘങ്ങളിലുണ്ടത്രെ.

ഗേറ്റിൽ കാവലല്ല മാഷേ, ഗേറ്റിനു കാവൽ...

എന്താ, മാഷേ, രാത്രി ഉറക്കമൊന്നുമില്ലേ ? വീടിന്റെ ഗേറ്റിനു മുന്നിൽ ഇരുന്നും നിന്നും നേരം വെളുപ്പിക്കുന്ന ചെർപ്പുളശ്ശേരിക്കാരോടാണ് ചോദ്യം. പാലക്കാട് ജില്ലയിലാണ് ചെർപ്പുളശ്ശേരി. എറണാകുളത്തുനിന്നാണ് യാത്രയെങ്കിൽ പെരിന്തൽമണ്ണയിൽ എത്തിയാൽ വലത്തോട്ട് തിരിഞ്ഞാൽ ചെർപ്പുളശ്ശേരിയിലെത്താം. ഇവിടെ ഇപ്പോൾ ഗേറ്റിൽ കാവൽ അല്ല, പകരം ഗേറ്റിനു കാവൽ നിൽക്കുകയാണ് നാട്ടുകാർ. വീടുകളുടെ മാത്രമല്ല, തൊടികളുടെ (മ്മടെ പറമ്പ് തന്നെ തൊടി) ഗേറ്റുകൾ പോലും രാത്രിക്കുരാത്രി അടിച്ചുമാറ്റുന്ന സംഘമാണിവിടെ വിലസുന്നത്.

പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷെ, ഓരോ ഗേറ്റിനും വേണ്ടി പാറാവ് നിൽക്കാൻ ആ സ്റ്റേഷനിൽ പൊലീസില്ല. നാട്ടുകാരുടെ ഗതികേട്. സെക്യൂരിറ്റി ജോലിക്ക് പോയിരുന്ന ഒരു വീട്ടുകാരൻ ആ പണി കളഞ്ഞ് സ്വന്തം വീടിന്റെ ഗേറ്റിന് സെക്യൂരിറ്റി നൽകുകയാണിപ്പോൾ. അദ്ദേഹത്തിന്റെ ആത്മഗതം കൂടി കേട്ടോളൂ : ''ഇരുമ്പിനൊക്കെ എന്താ വില ? പണ്ട്, 40 വർഷം മുമ്പ് 500-600 രൂപ റേഞ്ചിൽ കിട്ടിയിരുന്ന ഇരുമ്പ് ഗേറ്റിന്റെ വില കേട്ടാൽ ഞെട്ടും.

സെക്യൂരിറ്റിയായി പോയാൽ കിട്ടുന്ന 8 മാസത്തെ ശമ്പളം കൊടുത്താൽ പോലും ഇതുപോലൊരു ഗേറ്റ് പണിയാനാകില്ല. അതുകൊണ്ട് പുറം കാവലും ആ കൂലിയും വേണ്ടെന്നുവച്ചു. വീടിനു പുറത്ത് ഗേറ്റിനു കാവലായി ആ മധ്യവയസ്‌ക്കൻ ഉണർന്നിരിക്കുകയാണ്. സ്വാതന്ത്ര്യ നേടിയതിന്റെ 75-ാം വർഷത്തിൽ എഴുപതുകാരനു കൊടുത്ത പണിയെ ഓർത്ത് പുളകം കൊള്ളുന്നുണ്ടാകാം ഗേറ്റ് കള്ളന്മാർ !

കലണ്ടർ നോക്കാതെ കന്നിമാസം തിരിച്ചറിഞ്ഞ പട്ടികൾ 

ഓൺലൈൻ 'വാടാ പോടാ'വിളികൾക്കുശേഷം ഗവർണർ ഒക്‌ടോബർ 3 ന് തിരുവനന്തപുരത്തെത്തുന്നുണ്ട്. വാഴ്‌സിറ്റികളെ കാവി പുതപ്പിക്കേണ്ടെന്നും, പകരം ഞങ്ങൾ പുതപ്പിച്ചുകൊണ്ടിരിക്കുന്ന 'ചുവപ്പ് ശീല' തന്നെ മതിയെന്നും സി.പി.എം. വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഒപ്പ് വയ്ക്കാത്ത ഓർഡിനൻസുകൾ സമ്മാനം കിട്ടാത്ത ലോട്ടറി ടിക്കറ്റുകൾ പോലെ ഉപയോഗശൂന്യമാണെന്ന് ഗവർണർ തറപ്പിച്ചു പറയുന്നു.

ഗവർണർ പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്ന് വാഴ്‌സിറ്റി അധികൃതരും വായ്ത്താരി മുഴക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗം അങ്ങനെ ഉന്നതങ്ങളിൽ തന്നെ തിളച്ചുമറിയുകയാണ്. കെടുകാര്യസ്ഥതയുടെ കൊടിമരങ്ങൾ നാട്ടിയ വാഴ്‌സിറ്റി വളപ്പുകളിൽ ചുവപ്പ് ന്യൂജെൻ പിള്ളാരെ ബോംബും കത്തിയും കൊടുത്ത് ഒരുവിധം വളർത്തിയെടുക്കുന്നതിനിടയിൽ ഗവർണറുടെ 'പുലികളി' കണ്ട് വിറളിപിടിച്ചിരിക്കുകയാണ് പിണറായി. ഇതിനിടെ ഗവർണറുടെ അന്യസംസ്ഥാനക്കാരനായ സെക്രട്ടറിയും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. 

മീശമാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാൻ സ്വന്തമാക്കും എന്ന പാട്ടിന്റെ പാരഡിയായി കന്നിമാസം ചേർത്ത് ഗാനമേള നടത്തി വിലസുകയാണ് നാട്ടിലെങ്ങും പേപ്പട്ടികൾ. വാക്‌സിനെടുത്ത നായ കടിച്ചാലും കുത്തിവെപ്പ് നിർബന്ധമാണ്. ആഹാ, വാക്‌സിൻ കമ്പനികൾ വായ്ക്കുരവയിടുന്നു. ഒപ്പം കന്നിമാസത്തിന്റെ പുളപ്പിൽ പേപ്പട്ടികളും. പാവം ജനം!'

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam