കാലാവസ്ഥ വ്യതിയാനവും കാട്ടുതീയും തമ്മില്‍ ബന്ധമുണ്ടോ?

MAY 24, 2023, 12:36 AM

കാലാവസ്ഥ മാറ്റവും കാട്ടുതീയും തമ്മില്‍ പരസ്പരപൂരകമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. അമേരിക്കയിലെ കാലാവസ്ഥ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ലോകത്തെ മുന്‍നിര ഫോസില്‍ ഇന്ധന നിര്‍മ്മാണ കമ്പനികളില്‍ നിന്ന് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ കാട്ടുതീ ഉണ്ടാകാന്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന റിപ്പോര്‍ട്ടാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്സിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'ബിഗ് 88' എന്ന് വിളിക്കപ്പെടുന്ന മുന്‍നിര കമ്പനികളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍ എന്നിവ കാട്ടുതീയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ പടിഞ്ഞാറന്‍ അമേരിക്കയില്‍ ഉണ്ടായ കാട്ടുതീയ്ക്ക് കാരണം ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ ആകെ വനപ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗവും കാട്ടുതീയില്‍ നശിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടായി അമേരിക്കയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കാനഡയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലും കാട്ടുതീ ഉണ്ടാകുന്നതായി യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റിന്റെ എഴുത്തുകാരി ക്രിസ്റ്റീന ഡാല്‍ പറഞ്ഞു. കാട്ടുതീയുടെ വ്യാപ്തി കൂടുന്നതായും അവര്‍ പറഞ്ഞു.

പലപ്പോഴും കാട്ടുതീ ഉണ്ടായതിന് ശേഷമുള്ള പുനരധിവാസവും അതിനായുള്ള ചെലവുകളും വഹിക്കുന്നത് ജനങ്ങളാണ്. അതുകൊണ്ട് തന്നെ ഫോസില്‍ ഇന്ധന നിര്‍മ്മാണ കമ്പനികളില്‍ നിന്നുള്ള വാതക ബഹിര്‍ഗമനത്തെപ്പറ്റി അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം അപകടങ്ങളിലുണ്ടാകുന്ന ചെലവിന്റെ ന്യായമായ വിഹിതം നല്‍കാന്‍ അവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ക്രിസ്റ്റീന ഡാല്‍ പറഞ്ഞു. ബിഗ് 88 കമ്പനികളില്‍ ExxonMobil, BP, Chevron, Shell എന്നിവ ഉള്‍പ്പെടുന്നതായി ശാസ്ത്ര സംഘം കണ്ടെത്തിയിരുന്നു. ക്ലൈമറ്റ് മോഡലിംഗിന്റെ സഹായത്തോടെയായിരുന്നു ഈ കണ്ടെത്തല്‍.

ആഗോള താപനില 0.9 ഡിഗ്രി ഫാരന്‍ഹീറ്റ് ആയി ഉയരാന്‍ ഈ ബഹിര്‍ഗമനം കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരുപതാം നുറ്റാണ്ടിന്റെ ആരംഭം മുതലാണ് താപനില ഇത്രയധികം വര്‍ധിക്കാന്‍ തുടങ്ങിയതെന്നും ശാസ്ത്രസംഘം പറയുന്നു. അതേസമയം ഫോസില്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നുള്ള വാതക ബഹിര്‍ഗമനം മാത്രമല്ല പഠനത്തിനായി ഈ സംഘം തിരഞ്ഞെടുത്തത്. നിത്യജീവിതത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സാഹചര്യവും പഠനത്തിന് വിധേയമാക്കിയിരുന്നു.

കൂടാതെ നീരാവി മര്‍ദ കുറവിനെ (vapour pressure deficit -VPഉ) കമ്പനികളില്‍ നിന്നുള്ള ബഹിര്‍ഗമനം എത്രമാത്രം സ്വാധീനിച്ചുവെന്ന് നിരീക്ഷിക്കാനും ഈ പഠനം ലക്ഷ്യമിട്ടിരുന്നു. ഉയര്‍ന്ന വിപിഡിയുള്ള പ്രദേശത്ത് തീപിടിത്തത്തിനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഫോസില്‍ ഇന്ധന കമ്പനികളില്‍ നിന്നുള്ള ബഹിര്‍ഗമനം കാട്ടുതീയ്ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന കണ്ടെത്തലില്‍ ശാസ്ത്ര സംഘം എത്തിയത്. 1986നും 2021നും ഇടയില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലും കാനഡയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തുമുണ്ടായ 37 ശതമാനം കാട്ടുതീയ്ക്കും കാരണം ഇത്തരം കമ്പനികളില്‍ നിന്നുള്ള വാതക ബഹിര്‍ഗമനമാണെന്നും പഠനത്തില്‍ പറയുന്നു.

ഇതുകൂടാതെ മനുഷ്യന്റെ അമിതമായ ഇടപെടലും വനപ്രദേശങ്ങളിലെ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനധികൃതമായി മനുഷ്യര്‍ കൈയ്യേറ്റം നടത്തുന്നതും ഈ അപകടങ്ങളുടെ ആക്കം കൂട്ടുന്നതായും പഠനത്തില്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനത്തിലൂടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം, അതിലൂടെയുള്ള ആഗോള താപനില വര്‍ധനവ്, സമുദ്ര നിരപ്പിന്റെ വര്‍ധനവ് എന്നിവയെല്ലാം ചേര്‍ത്തുള്ള പഠനമാണ് ഗവേഷകര്‍ നടത്തുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam