പാർട്ടി സെക്രട്ടറി 'നാട്ടു നാട്ടു' ചവിട്ടി മാധ്യമങ്ങളെ വിറപ്പിക്കുന്നുവോ ?

MAY 10, 2023, 10:54 PM

ഭരണകക്ഷിയുടെ നായകനായ എം.വി. ഗോവിന്ദൻ മാഷ് മാധ്യമങ്ങളുടെ മുമ്പിൽ 'നാട്ടു നാട്ടു'വിന്റെ ചടുല താളത്തിൽ രാക്ഷസ താളം കൊട്ടിച്ചേർക്കുന്നത് നാം കണ്ടു. ഭരണത്തലവനെന്ന നിലയിൽ മുഖ്യമന്ത്രിയാകട്ടെ ബോട്ടപകടമുണ്ടായ താനൂരിലേക്ക് കുതിച്ചതും, വാർത്താ സമ്മേളനത്തിൽ ലീഗ് നേതാക്കളായ സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കൂടെയിരുത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും ക്യാമറാ വിവാദത്തിൽ കാലിടറി നിൽക്കുന്ന പിണറായിക്ക് ഭരണത്തിന്റെ രണ്ടാം വാർഷികാഘോഷത്തിന് ഒരു 'കോണി'ക്കയറ്റം കിട്ടിയതുപോലെയായി.

എം.വി.ഗോവിന്ദൻ മാസ്റ്റർ പാർട്ടി നയിക്കേണ്ട വ്യക്തിയാണ്. ജനങ്ങൾക്കും ഭരണത്തിനുമിടയിലുള്ള ഷോക്ക് അബ്‌സോർബർ സിസ്റ്റമായിരുന്നു എന്നും പാർട്ടി സെക്രട്ടറി. എന്നാൽ സി.പി.എമ്മിന്റെ തിരുവനന്തപുരത്തു നടന്ന സംസ്ഥാന കമ്മിറ്റിയുടെ ത്രിദിന സമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാൻ തീരുമാനമെടുത്തുവെന്ന് എ.കെ. ബാലന്റെയും മന്ത്രി പി.രാജീവിന്റെയും വാർത്താ സമ്മേളനങ്ങൾ സൂചന നൽകിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മുൻ മന്ത്രി ബാലന്റെ വിശദീകരണം തികച്ചും ബാലിശമായി.

ബാലനും രാജീവും ന്യായീകരണങ്ങളും

vachakam
vachakam
vachakam

ബാലൻ പറഞ്ഞത് മുഖ്യമന്ത്രിക്ക് ചുമതലയുള്ള വിജിലൻസ് വകുപ്പ് അന്വേഷിക്കുന്ന കേസിൽ അദ്ദേഹം എങ്ങനെ മറുപടി നൽകുമെന്നായിരുന്നു. ക്യാമറ വിവാദം സംബന്ധിച്ച ഒരു കേസും ഇപ്പോൾ വിജിലൻസ് അന്വേഷിക്കുന്നില്ലെന്നിരിക്കേ എങ്ങനെ ബാലൻ ഇങ്ങനെ വ്യത്യസ്തമായി പ്രതികരിച്ചുവെന്നതിന് അദ്ദേഹത്തിന്റെ ഉള്ളിൽ പൂത്തുനിൽക്കുന്ന പിണറായി ഭക്തിയാണ് കാരണമെന്ന്ചിലർ പറയുന്നുണ്ട്.

മന്ത്രി പി. രാജീവാകട്ടെ എല്ലാവരെയും പൊട്ടന്മാരാക്കുന്ന പരുവത്തിൽ വാർത്താ ലേഖകരെ തിരിച്ച് ഇന്റർവ്യൂ ചെയ്ത രീതിയാണ് അവലംബിച്ചത്. ഇതൊരു ചൈനീസ് പ്രതികരണ രീതിയാണ്. ആരോപണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒരെണ്ണത്തെ 'പൊട്ടുകുത്തി പൗഡറിട്ട്' മന്ത്രി അവതരിപ്പിക്കുന്നു. എന്നിട്ട് വാർത്താലേഖകരോട് ചോദിക്കുന്നു: ''നിങ്ങൾ ഈ ആരോപണം വിശ്വസിക്കുന്നുണ്ടോ?'' പി. രാജീവ് മാളക്കാരനാണല്ലോ. അതിനടുത്തല്ലല്ലോ ഏതായാലും കുതിരവട്ടം !

അഴിമതിയെന്നാൽ തോന്ന്യാസമോ?

vachakam
vachakam
vachakam

ഗോവിന്ദൻമാഷ് സി.പി.എമ്മിലെ ട്രബിൾ ഷൂട്ടറാണ് എക്കാലത്തും. ആലപ്പുഴയിൽ പാർട്ടിയിൽ ചേരാൻ കൊതിച്ചുനിൽക്കുന്നവർക്ക് കൊടികൾ നൽകി പാർട്ടി വളർത്താൻ അദ്ദേഹം പാടുപെടുന്നു. എറണാകുളത്ത് വിഭാഗീയതയെ ചെറുക്കാൻ പാർട്ടി കണ്ടെത്തിയ ഒതേന രൂപമാണ് ഗോവിന്ദൻ മാഷ്. എപ്പോഴും സൗമ്യമായി സംസാരിക്കുന്ന ഈ കഥാപാത്രം തിരുവനന്തപുരം പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്കു നേരെ നടത്തിയ ആക്രോശം എല്ലാവരെയും അമ്പരപ്പിച്ചു.

മുഖ്യമന്ത്രിക്ക് എതിരെ തോന്ന്യാസം (മാധ്യമങ്ങളുടെ ഭാഷയിൽ അഴിമതി) പറയരുതെന്ന് മാഷ് കൂതറ സ്‌റ്റൈലിലാണ് പറഞ്ഞത്. എന്തായാലും സി.പി.എം. പോകുന്ന രാഷ്ട്രീയ മാർഗം പൂർണ്ണമായും ചൈനീസ് രീതിയിൽ ഏകാധിപത്യത്തിലേക്കാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ജീവിച്ചിരിക്കുന്നതുവരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുകയെന്ന രീതിയിൽ പിണറായിയുടെ കട്ടൗട്ട് ഇപ്പോൾ തന്നെ തയ്യാറാക്കിയിട്ടുണ്ടാകാം.


vachakam
vachakam

മയിലെണ്ണ ഇനി മാധ്യമങ്ങൾക്ക് കട്ട് !

വെറും 23 വയസ്സുള്ള ഒരു വനിതാ ഹൗസ് സർജനെ ലഹരിയ്ക്കടിപ്പെട്ട രോഗി കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽവച്ച് കുത്തിക്കൊന്നുവെന്ന വാർത്ത കേട്ടാണ് ഇന്ന് (ബുധൻ) കേരളം ഞെട്ടിയുണർന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന വിവാദങ്ങൾക്കു ചൂടുപിടിക്കവേ ആരോഗ്യവകുപ്പ് മന്ത്രിയുടെ ആദ്യ പ്രതികരണം തന്നെ കല്ലുകടിയായി.

ഏതായാലും ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്ക് മയിലെണ്ണ കൊടുക്കരുതെന്ന് സർക്കാർ സാങ്കല്പിക ഉത്തരവ് ഇറക്കിക്കഴിഞ്ഞു. കാരണം ദിവസേന മയിലെണ്ണ മാധ്യമങ്ങൾക്ക് ലഭിച്ചാൽ അവർ അത് വെയിലത്ത് ചൂടാക്കി പുരട്ടി മന്ത്രിമാരുടെയും മറ്റും  പ്രസ്താവനകൾ വളച്ചൊടിക്കുമെന്ന് ആർക്കാണറിയാത്തത്? ഒരു കാര്യം ഓർക്കണം : ഈ വർഷം മാത്രം 137 ആരോഗ്യ പ്രവർത്തകരാണ് ജോലിസ്ഥലത്ത് വച്ച് ആക്രമിക്കപ്പെട്ടത് !

മന്ത്രി വീണയോട് അല്ലെങ്കിൽതന്നെ ഹൗസ് സർജന്മാർക്ക് കട്ടക്കലിപ്പാണ്. കോവിഡ് കാലത്ത് സമയം നോക്കാതെ ജോലി ചെയ്ത ഹൗസ് സർജന്മാർക്ക് വർഷം തോറും 2 ശതമാനം വർധന നൽകാതെ മന്ത്രി തന്ത്രം പയറ്റിയത് അവരെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 2500ഓളം ഹൗസ്  സർജന്മാരേയുള്ളു. അവർക്കുള്ള നക്കാപ്പിച്ച നൽകാതെ പിടിച്ചുവയ്ക്കുന്നതിൽ വല്ല ന്യായീകരണവുമുണ്ടോ?

കാർഡുടമകളേ കൈകൂപ്പി പ്രാർത്ഥിച്ചോളൂ....

താനൂർ ബോട്ടു ദുരന്ത വാർത്തകളുടെയും മറ്റും കുത്തൊഴുക്കിൽ 2.02 ലക്ഷം കാർഡുടമകൾക്ക് റേഷൻ ലഭിക്കാതെ പോയത് ചാനലുകൾക്ക് വലിയ വാർത്തയായില്ല. നഷ്ട പരിഹാരം കാർഡുടമകൾക്ക് ലഭിച്ചേക്കാം. പക്ഷെ 2018 ലെ പ്രളയ ദുരിതാശ്വാസവും കർഷകരുടെ നഷ്ടപരിഹാരത്തുകയുമെല്ലാം ഖജനാവിൽ പിടിച്ചുവച്ചിട്ടുള്ളവർ ഇക്കാര്യത്തിൽ എന്തെങ്കിലും ജാഗ്രത കാണിക്കുമോ?

വോട്ട് കിട്ടാൻ കിറ്റും പെൻഷനുമായി ജനങ്ങളെ വീട്ടിലെത്തി പ്രീണിപ്പിച്ച പാർട്ടി ഇപ്പോൾ പാവങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന അലംഭാവത്തിന് പുകവലിയുടെ പരസ്യത്തിൽ പറയുന്നതുപോലെ വലിയ വില കൊടുക്കേണ്ടി വരാം.

പാർട്ടിക്കുടുംബം തന്നെ ഒരുമ്പെട്ടിറങ്ങിയാൽ?

സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ അനധികൃതമായ സ്വത്ത് സമ്പാദനത്തിനു വേണ്ടി നടത്തുന്ന കോപ്രായങ്ങൾ തിരുവനന്തപുരത്തു നിന്ന് ഒരു വാർത്തയിൽ കാണാം. എസ്.എഫ്.ഐ. നേതാവിന്റെ സഹോദരന്റെ കുടുംബത്തെത്തന്നെ ആന്ധ്രയിൽ നിന്ന് 95 കിലോഗ്രാം കഞ്ചാവ് കടത്താൻ ഉപയോഗിച്ചത് പാർട്ടിയുടെ പ്രാദേശിക വേരുകൾ ചീഞ്ഞുള്ള ദുർഗന്ധം എത്രയെന്ന്  സൂചിപ്പിക്കുന്നുണ്ട്.

ലീഗിന്റെ കോണിയിലൂടെ ആര് കയറി?

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും തുറമുഖം വകുപ്പുമന്ത്രി അഹമ്മദ് തേവർകോവിലിനും താനൂർ ദുരന്തം തടയുന്നതിൽ വീഴ്ച പറ്റിയെങ്കിലും എട്ട് മന്ത്രിമാരും ഉന്നതരടങ്ങിയ ഉദ്യോഗസ്ഥപ്പടയുമായി താനൂരിലെത്തിയ മുഖ്യമന്ത്രി ലീഗിനെ കൂട്ടുപിടിച്ച് ഈ മന്ത്രിമാർക്ക് എതിരെയുള്ള ഒരു കടന്നാക്രമണം ചെറുക്കുകയായിരുന്നു. ഒടുവിൽ ലീഗ് നേതാവ് സി.കെ.എ. മജീദ് ലീഗിന്റെ നിലപാട് മന്ത്രിസഭയ്‌ക്കെതിരെയാണെന്ന് പരസ്യമായി മാധ്യമങ്ങൾക്കു മുമ്പിൽ വിളമ്പേണ്ടിവന്നു.


2018 എന്ന സൂപ്പർ ഡൂപ്പർ ഹിറ്റ്!

ജൂഡ് ആന്റണി ജോസഫ് ഒരു ശുദ്ധഗതിക്കാരനായ  സിനിമാക്കാരനാണ്. അദ്ദേഹം സംവിധാനം ചെയ്ത 2018 സൂപ്പർ ഹിറ്റാണ്. സിനിമയുടെ മേക്കിംഗിൽ ആ കലാകാരൻ പ്രകടിപ്പിച്ച അതിമിടുക്ക് ഏതായാലും പ്രേക്ഷകർ അംഗീകരിച്ചു കഴിഞ്ഞു. പ്രളയം പോലും താരപ്പൊലിമയ്ക്കുവേണ്ടി മാർക്കറ്റ് ചെയ്തുവെന്ന ടോവിനോ തോമസിനെതിരെ നവമാധ്യമങ്ങളിൽ ഉയർന്ന ദുഷ്പ്രചാരണത്തിന്റെ തലയറുക്കാനും 2018ന് കഴിഞ്ഞു. ജൂഡേ, ഇനിയും തിരശീലയിൽ അത്ഭുതങ്ങൾ വിരിയിക്കാൻ ദൈവാനുഗ്രഹം ലഭിക്കട്ടെ !

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam