ലോക രാഷ്ട്രങ്ങളുടെ ദുര്‍ഗതിയില്‍ ഇന്ത്യയുടെ സഹാനുഭൂതി

MAY 19, 2022, 12:20 AM

ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യ. ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് കുടുങ്ങിയ ഗോതമ്പ് കയറ്റി അയക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേക അനുമതി നല്‍കി. ലോഡ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന 17160 മെട്രിക് ടണ്‍ ഗോതമ്പാണ് കയറ്റുമതി ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ചത്. ഈജിപ്തിലേക്ക് കൊണ്ടുപോകാനായി എത്തിച്ചതായിരുന്നു ഇത്. മെയ് പതിമൂന്നിന് മുന്‍പ് കസ്റ്റംസ് പരിശോധനയ്ക്കായി നല്‍കിയ ചരക്കുകളും കയറ്റി അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഉയരുന്ന ഗോതമ്പ് വില പിടിച്ചു നിര്‍ത്താനായാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. 


ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യമായ ഉക്രെയ്ന്‍ ഇപ്പോള്‍ യുദ്ധത്തിന് നടുവിലായതാണ് ഭക്ഷ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ലോകത്ത് ഗോതമ്പ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ സ്വതവേ കയറ്റുമതിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇതിന് കാരണം, രാജ്യത്ത് ഗോതമ്പിന്റെ ആവശ്യം വളരെയേറെ ഉള്ളതാണ്. ഇക്കുറി രാജ്യത്ത് നല്ല വിളവെടുപ്പുണ്ടായിരുന്നു. എന്നാല്‍ ആഗോള സാഹചര്യം മനസിലാക്കി സ്വകാര്യ മില്ലുടമകളും കയറ്റുമതിക്കാരും വന്‍തോതില്‍ ഗോതമ്പ് വാങ്ങിക്കൂട്ടിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

vachakam
vachakam
vachakam

എന്നാല്‍ ഇന്ത്യ കൂടെ കൈവിട്ടാല്‍ മുന്നില്‍ മറ്റ് വഴികളില്ലെന്നതാണ് യൂറോപ്പ് അടക്കം മറ്റ് പല രാജ്യങ്ങളുടെയും ഗതി. ഗോതമ്പിന്റെ വില വന്‍തോതില്‍ ഉയരാനും ഇത് കാരണമായി. ഐക്യരാഷ്ട്ര സഭ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇന്ത്യാ ഗവണ്‍മെന്റ് കണ്ട്‌ല തുറമുഖത്ത് കിടന്ന ഗോതമ്പ് ലോഡ് വിദേശത്തേക്ക് കൊണ്ടു പോകാന്‍ അനുവാദം കൊടുത്തത്. രാജ്യത്തെ ജനങ്ങളെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമത്തിനിടയിലും ഇന്ത്യ ലോകരാഷ്ട്രങ്ങളോട് കാട്ടുന്ന സഹാനുഭൂതിയുടെ തെളിവായി ഇത് മാറി.


ഇന്ത്യയിലെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഗോതമ്പിന്റെ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ച അയല്‍ രാജ്യങ്ങളുടെയും ദുര്‍ബലരായ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത്. ഈ ഉത്തരവ് അനുസരിച്ച്, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ മുന്‍കൂറായി സാമ്പത്തിക കരാറില്‍ ഏര്‍പ്പെട്ട കേസുകളിലും മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവിടുത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമല്ല.

vachakam
vachakam
vachakam

അതിനിടെ, ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ അപലപിച്ച് ജി ഏഴ് രാജ്യങ്ങള്‍ രംഗത്തെത്തി. രാജ്യാന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതിന് പിന്നാലെയാണ് കയറ്റുമതി നിരോധനത്തിനെതിരെ ജി 7 രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച ജി 7 രാജ്യങ്ങളുടെ കാര്‍ഷിക മന്ത്രിമാര്‍, ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ പ്രധാന ഉത്പാദക രാജ്യങ്ങള്‍ ധാന്യങ്ങള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ലോകസമ്പത്ത് ഘടനയെ ദോഷകരമായി ബാധിക്കുമെന്നും കുറ്റപ്പെടുത്തി. 


കാനഡ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അതേസമയം ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ ഗോതമ്പിന്റെ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഉക്രെയ്ന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കയറ്റുമതി നിരോധനം കൂടി ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യാന്തര വിപണിയില്‍ ഗോതമ്പിന്റെ വില അഞ്ച് ശതമാനം ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യയില്‍ വില കുറഞ്ഞിട്ടുണ്ട്. ഗോതമ്പ് കയറ്റുമതി നിരോധനം താല്‍കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോള്‍ കയറ്റുമതി പുനരാരംഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

vachakam
vachakam

ലോകത്ത് ഗോതമ്പ് വില കുതിച്ചുയരാന്‍ കാരണക്കാര്‍ ഇന്ത്യയെന്ന് ലോകരാജ്യങ്ങള്‍ പറയുന്നത്. ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയമാണ് ലോകത്തെ വമ്പന്‍  രാജ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനം വരെ കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാര്‍ക്കറ്റില്‍ വീണ്ടും വില കുതിക്കുകയാണ്. 


ഉഷ്ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയര്‍ന്നു നില്‍ക്കുമ്പോഴുള്ള നിരോധനത്തിന്റെ  ആഘാതം  ലോക വിപണിയില്‍ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കന്‍ വിപണിയില്‍ ഗോതമ്പ് വില അഞ്ചു ശതമാനം ഉയര്‍ന്നു. 

ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഗോതമ്പ് വരവ് പല രാജ്യങ്ങളിലും കുറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക , ഫ്രാന്‍സ് , കാനഡ തുടങ്ങി ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉല്‍പ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രര്‍ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 


ഈ അതീവ ഗുരുതര സാഹചര്യത്തില്‍ ഇന്ത്യ കയറ്റുമതി നിര്‍ത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാല്‍ രാജ്യത്തിനുള്ളില്‍ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോള്‍ ഇതല്ലാതെ മറ്റു വഴികള്‍ ഇല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam