ഗോഡ് ഫാദറും' ഹാജി മസ്താനും താരാദാസും ഔട്ട്; ജയിലിൽനിന്ന് കരുത്തോടെ കരു നീക്കി കൊടി സുനി

JULY 3, 2021, 7:40 AM

ഹാജി മസ്താന് ചരിത്രപുരുഷന്റെ പ്രതിഷ്ഠാ പീഠമൊരുക്കിയ മുംബൈ രാഷ്ട്രീയത്തിന്റെ നേരവകാശികൾ കേരളത്തിൽ അരങ്ങു തകർത്താടിയത് പഴങ്കഥയല്ല. കാസർഗോട്ടും ബേപ്പൂരിലും മറ്റും വന്നടുത്ത ലോഞ്ചുകളിലൂടെ അതിസാഹസികതയും അമിതലാഭവും കൈകോർത്ത് 'അറബിപ്പൊന്നി'ന്റെ അസാധാരണ ബിസിനസ് കൊഴുത്തപ്പോൾ സർവ സന്നാഹങ്ങളും ഒരുക്കി നൽകാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായിരുന്നു.

1975 ൽ അടിയന്തരാവസ്ഥ വന്നതോടെ കാസർഗോട്ടെ മാലിക് ദീനാർ സംരംഭങ്ങളുടെ നായകനായിരുന്ന കെ. എസ്. അബ്ദുള്ളയ്ക്കു പിന്നാലെ കല്ലട്ര അബ്ബാസ് ഹാജിയും മറ്റും കോഫെപോസ നിയമ പ്രകാരം കള്ളക്കടത്തിന് അറസ്റ്റിലായത് മുസ്ലീം ലീഗിനെ ഒട്ടൊന്നുമല്ല അക്കാലങ്ങളിൽ വിഷമിപ്പിച്ചത്. സ്വർണ്ണക്കടത്തിന്റെ ദുർഭൂതം ഇപ്പോൾ കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലൂടെ ചിറകു വിടർത്തുമ്പോൾ സി.പി.എമ്മും പ്രതിരോധത്തിലാകുന്നു.

മാരിയോ പൂസോ 'ഗോഡ് ഫാദർ' നോവലിലും സിനിമയിലും വരച്ചിട്ട വിത്തോ ആന്തോളിനിയുടെ ഏകദേശ അവതാരമായിരുന്നു ഹാജി മസ്താൻ. പണവും അധികാരവും സ്വാധീനവും ആണ് സമൂഹത്തിൽ അംഗീകാരം നേടിത്തരുന്നതെന്ന് മനസ്സിലാക്കി ഒലിവ് എണ്ണ വ്യാപാരത്തിൽ ആരംഭിച്ച് പകയുടെയും വൈരാഗ്യത്തിന്റെയും കരിനിഴലിലെ മാഫിയ പ്രവർത്തനങ്ങളിലൂന്നി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത 'ഡോൺ വിത്തോ കൊർലിയോണെ' ആയി മാറിയ അതുല്യ കഥാപാത്രമാണ് വിത്തോ ആന്തോളിനി. ഇതേ ഡോണിന്റെ ഏകദേശ പാതയിലൂടെ മുംബൈയിൽ വളർന്നുപന്തലിച്ച ഹാജി മസ്താന് ശിവസേനയുടെയും ഇതര രാഷ്ട്രീയ പാർട്ടികളുടെയും ഊറ്റമായ പിന്തുണ ഉറപ്പാക്കാൻ അനായസേന കഴിഞ്ഞു.

vachakam
vachakam
vachakam

അതിന്റെ ഗുണം ഇരുപക്ഷത്തിനും ലഭിച്ചു. അടിയന്തരാവസ്ഥ വന്നതോടെ തടവിലായി ക്ഷയിച്ച മസ്താൻ പ്രാഭവത്തിന് ദാവൂദ് ഇബ്രാഹിമിലൂടെയും മറ്റും പിന്തുടർച്ചയുണ്ടയി. മുംബൈ ഡോണിന്റെ കാസർഗോഡ് പതിപ്പായിരുന്നു കെ. എസ്. അബ്ദുള്ള.

1984 ൽ ബ്ലോക്ബസ്റ്റർ ആയി മാറിയ അതിരാത്രം എന്ന ഐ വി ശശി ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച താരാദാസിനെ ചിത്രീകരിച്ചത് കെ. എസ്. അബ്ദുള്ളയെ മനസിൽ കണ്ടായിരുന്നുവെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ പിന്നീട് തെളിച്ചുപറഞ്ഞിട്ടുണ്ട്. അതിരാത്രത്തിൽ പോലീസ് ഓഫീസർ ആയെത്തുന്ന മോഹൻലാൽ അറബിപ്പൊന്നുമായി വരുന്ന താരാദാസിന്റെ കാരവൻ തടയുന്ന ഹ്രസ്വ സീൻ ആരും മറക്കാനിടയില്ല. 'എന്താണ് അങ്ങയുടെ ജോലി'യെന്ന  ചോദ്യത്തിന് 'സ്മഗ്‌ളിംഗ് ' എന്ന കൂസലെന്യേയുള്ള മറുപടി കേട്ട് വണ്ടി പരിശോധിക്കാൻ പോലും  മുതിരാതെ വിട്ടയക്കുന്നു ഇൻസ്‌പെക്ടർ.  എന്നാൽ, ഇത്തരം ഹീറോയിസത്തിനും മുസ്ലീം ലീഗ് ബന്ധത്തിനും അപ്പുറമായി കിടയറ്റ സാമൂഹിക പ്രവർത്തനത്തിലൂടെ കെ. എസ്. അബ്ദുള്ള ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. 2006 ൽ മമ്മൂട്ടിയിലൂടെ വീണ്ടും താരാദാസ് പ്രേക്ഷകരെ ത്രസിപ്പിച്ചു.


vachakam
vachakam
vachakam

ഇപ്പോഴത്തെ കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിന് പറയത്തക്ക കാസർകോട് ബന്ധമില്ലെങ്കിലും ഹാജി മസ്താനെയും താരാദാസിനെയും അതിശയിപ്പിക്കാൻ പോന്ന കഥകളാണ് പുറത്ത് വന്നിട്ടുള്ളത്. കേസിലെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ് കരുതുന്ന കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ഡോൺ കഥകളെ ഓർമ്മിപ്പിക്കുന്നു. സ്വപ്‌ന സുരേഷ്, സരിത്ത് തുടങ്ങിയവരുമായി ചേർന്ന തിരുവന്തപുരത്തെ യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവർ നടത്തിയ സ്വർണ്ണക്കടത്തിന്റെ മുന്നിലെത്തുമോ ഇപ്പോഴത്തേതെന്ന കാര്യം വ്യക്തമായിട്ടില്ല.  

ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം അതിതീവ്രമാണെന്നു തെളിയിക്കുന്നുണ്ട് കരിപ്പൂർ കേന്ദ്രീകരിച്ചു വിഹരിക്കുന്ന സ്വർണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ. രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഒരു പ്രദേശിക സി പി എം നേതാവായ സജേഷിന്റേതാണ്.

സജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി താൽക്കാലിക മുട്ടുശാന്തി കണ്ടെത്തിയിരിക്കുകയാണ്  ജില്ലാ സെക്രട്ടേറിയറ്റ്. ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് മൂന്ന് വർഷം മുമ്പ് സി പി എം പുറത്താക്കിയിരുന്നു ആയങ്കിയെ. രാമനാട്ടുകര വാഹനാപകടത്തിൽ അർജുനുമായി പാർട്ടി പ്രവർത്തകർക്കുള്ള ബന്ധം വെളിച്ചത്തു വന്ന സാഹചര്യത്തിൽ പാർട്ടിയിൽ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ് സി പി എം.

vachakam
vachakam

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പ്രതിയായി ശിക്ഷ വാങ്ങി ജയിലിൽ കഴിയുന്ന കൊടി സുനി പുറത്തിറങ്ങാതെ തന്നെ കള്ളക്കടത്ത് സ്വർണം പിടിച്ചുപറിച്ചും സ്വത്ത് തർക്കങ്ങളിൽ ഇടനില നിന്നും ദശലക്ഷങ്ങൾ സമ്പാദ്യമുണ്ടാക്കിവരുന്നുവത്രേ. കൊടി സുനിയുൾപ്പെടെയുള്ള രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളാണ് ഇത്തരം തട്ടിക്കൊണ്ടുപോകലുകളിൽ സജീവമായിട്ടുള്ളത്. ക്വട്ടേഷൻ സംഘത്തിന്റെ പ്രവർത്തനം കൊടി സുനി സംഘത്തിന്റെ തണലിലെന്ന് സംഘാംഗങ്ങൾ പറയുന്ന ഫോൺ സംഭാഷണം ഇതിനിടെ പുറത്തായി. സംഘത്തെ 'പാർട്ടിസംഘം' എന്നാണ് പരിചയപ്പെടുത്തുന്നത്.

പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതംവെക്കും.  തട്ടിയെടുക്കുന്നതിന് പൊട്ടിക്കുക എന്നാണ് കോഡ്.  ഒരുഭാഗം  പൊട്ടിക്കുന്നവർക്ക്, മറ്റൊരു ഭാഗം കടത്തുകാർക്ക്, മൂന്നാമത്തെ പങ്ക് പാർട്ടിക്ക് എന്നാണ് വയ്പ്. ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത സംഘത്തിലെ പ്രധാനികളായ

കൊടിസുനി, മുഹമ്മദ് ഷാഫി എന്നിവരാണ്  സംഘത്തിന്റെയും നായകർ. ഇവർ റിക്രൂട്ടുചെയ്ത ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവരുടെ പേരും ഉൾപ്പെടുന്നു സംഭാഷണത്തിൽ.'നാലു മാസായിട്ട് ഒരുപാട് ഗെയിം നടന്നിട്ടുണ്ട്'. പിടിക്കപ്പെടാതിരിക്കാനാണ് പാർട്ടിക്ക് ഒരുപങ്ക് നീക്കിവെക്കുന്നതെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ നമ്മുടെ പിള്ളേരാണെന്നു പറഞ്ഞ് കൊടി സുനി രക്ഷിക്കുമെന്നും സംഭാഷണത്തിലുണ്ട്.

സുനിയുടെയും ഷാഫിയുടെയും ആജ്ഞാനുവർത്തികളാണ് പോലീസും മറ്റ് അധികൃതരുമെന്ന് അവകാശപ്പെടുന്ന സംഭാഷണവും പുറത്തായിരുന്നു.' എയർപോർട്ടിൽ നമ്മുടെ ടീം കൂട്ടാൻ വരും. നീ വന്ന് വണ്ടിയിൽ കയറുകയേ വേണ്ടൂ...ഷാഫിക്കയോ, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ. ഇവരിൽ മൂന്നിൽ രണ്ടാൾ ഒരുമിച്ചുണ്ടാവും.മൂന്നിൽ ഒന്ന് പാർട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.

ഗോൾഡിന്റെ ടീം അന്വേഷിക്കുകയാണെങ്കിൽ ഷാഫിക്കനേക്കെണ്ടോ സുനിയേട്ടനെ കെണ്ടോ വിളിപ്പിക്കും. പിന്നെ വീണ്ടും വരുകയാണെങ്കിൽ ഡയറക്ട്  അവരെപ്പോയി കാണും. ആ കാണുന്നതിന് കൊടുക്കുന്നതാണ് മൂന്നിലൊരുഭാഗം. അതായത് ഷാഫിക്ക, ജിജോ തില്ലങ്കേരി എന്നിവർക്കെല്ലാം കൊടുക്കുന്നത്, നിന്നെ സേവ്  ചെയ്യാനാണത്' സംഭാഷണം ഇങ്ങനെ.

കണ്ണൂർ വിമാനത്താവളം വഴി ആര് സ്വർണം കടത്തിയാലും കൊടി സുനിയുടെ നേതൃത്വത്തിലുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങളുടെ കൈയിലെത്തുന്ന സാഹചര്യമുള്ളതായി കസ്റ്റംസ് കരുതുന്നു.  കഴിഞ്ഞ മാർച്ചിൽ ദുബായിൽനിന്ന് നാദാപുരം തെരുവൻപറമ്പിലെ ഒരു ചെറുകിടസംഘം എത്തിക്കാൻ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണം കാരിയറെ സ്വാധീനിച്ച് ഈ സംഘം തട്ടിയെടുത്തു. തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി. ദുബായിൽനിന്ന് വന്ന കാരിയർ പത്തുദിവസത്തിനു ശേഷമാണ് വീട്ടിലെത്തിയത്. അത്രയും ദിവസം ക്വട്ടേഷൻ സംഘം മാറ്റിനിർത്തി. വിവരം പോലീസ് അറിഞ്ഞെങ്കിലും പരാതി കിട്ടാത്തതിനാൽ നടപടിയെടുത്തില്ല.

ഷുഹൈബ് വധത്തിനുശേഷമാണ് ആകാശ് തില്ലങ്കേരി ക്രിമിനൽ ബ്രാൻഡ് നെയിമായി മാറിയതെന്നാണ് പോലീസ് പറയുന്നത്. ദുബായിൽനിന്ന് കാരിയർമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളിൽനിന്ന് വിവരം ചോർന്നുകിട്ടുന്ന തലത്തിലേക്കുവരെ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും വളർന്നു കഴിഞ്ഞെന്ന് കസ്റ്റംസ് മനസിലാക്കിയിട്ടുണ്ട്.

ആകാശ് തില്ലങ്കേരി സ്വർണക്കടത്ത് പൊട്ടിക്കൽ സംഘത്തിലുണ്ടെന്ന് രണ്ടു വർഷംമുമ്പാണ് പോലീസിന് വിവരം ലഭിച്ചത്. അതുകൊണ്ട് ആകാശിന്റെ ഒരോ നീക്കവും അവർ നിരീക്ഷിച്ചിരുന്നു. പക്ഷേ, ഒരു പരാതി പോലുമില്ലാത്തതിനാൽ ഒട്ടേറെ ഓപ്പറേഷനുകൾ നടത്തിയിട്ടും ഒരു കേസിലും പെട്ടില്ല. തില്ലങ്കേരിയുടെ സമീപ പ്രദേശങ്ങളായ മുഴക്കുന്ന്, മുടക്കോഴിമല, പെരിങ്ങാലം എന്നിവിടങ്ങളിലും കാസർകോട് ജില്ലയുടെ ചില പ്രദേശങ്ങളിലുമാണ് കാരിയർമാരെ ഒളിവിൽ പാർപ്പിക്കുന്നതെന്നാണ് സൂചന.

പാർട്ടിഗ്രാമങ്ങളായതിനാൽ പുറത്തുനിന്നാരും ഇവിടേക്ക് എത്തുകയില്ല. ആകാശിന് വീരപരിവേഷമുള്ളതുകൊണ്ട് എന്തു സഹായവും ചെയ്തുകൊടുക്കാൻ ആളുകളുമുണ്ട്. ആകാശിനു മാത്രമല്ല, അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ  തില്ലങ്കേരിയിൽനിന്നുള്ള സൈബർസഖാക്കളായ ജിജോ തില്ലങ്കേരിക്കും രജീഷ് തില്ലങ്കേരിക്കും സ്വർണം തട്ടിക്കൊണ്ടുപോവുന്നതിൽ പങ്കുണ്ടെന്ന രീതിയിലുള്ള ശബ്ദസന്ദേശവും പുറത്തുവന്നു.

കൊടി സുനി ജയിലിൽനിന്ന് ആസൂത്രണം ചെയ്ത, തിരുനെല്ലിയിൽവെച്ച് അഞ്ചു കോടി തട്ടിയെടുത്ത സംഭവത്തിലും ആകാശ് തില്ലങ്കേരിയുടെ പങ്കു പുറത്തുവന്നിരുന്നു.ആകാശ് തില്ലങ്കേരിയെ സംരക്ഷിച്ചു നിർത്തുന്നതിനെതിരേ പ്രദേശത്തെ ഒരുവിഭാഗം നേതാക്കൾക്കിടയിൽ നേരത്തേതന്നെ കടുത്ത എതിർപ്പുണ്ടായിരുന്നു. പാർട്ടിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള ചില പ്രവർത്തനങ്ങളിൽ ഇടപെട്ടതോടെ ആകാശിന് ഏറ്റവും അടുപ്പമുള്ള പ്രമുഖനായ ഒരു നേതാവ് ഇടപെട്ട് പാർട്ടി ഓഫീസിലെ  ജീവനക്കാരനാക്കി തിരുവനന്തപുരത്തേക്ക് അയച്ചു. എന്നിട്ടും പ്രശ്‌നങ്ങളുണ്ടായതോടെ പരസ്യമായി തള്ളിപ്പറഞ്ഞു.

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക ഗുണ്ടാ സംഘങ്ങളും ബോംബ് ഉൾപ്പെടെ ആയുധ ശേഖരങ്ങളുമുണ്ടെന്ന കാര്യം രഹസ്യമല്ല. സംസ്ഥാനത്ത് പലപ്പോഴായി നടന്ന ഒട്ടേറെ കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളുടെ പങ്ക് വെളിപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ കേന്ദ്രങ്ങളിൽ നിന്ന് ആയുധങ്ങൾ പിടികൂടുന്നതും ബോംബ് നിർമാണത്തിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് പാർട്ടി പ്രവർത്തകർ മരണപ്പെടുന്നതും ഗുരുതര പരുക്കേൽക്കുന്നതുമെല്ലാം അസാധാരണമല്ല.

മുഖ്യമായും കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്ത് രാഷ്ട്രീയ സായുധ വിഭാഗത്തിന്റെയും രാഷ്ട്രീയ ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളുടെയും പിറവിക്കു വഴിയൊരുക്കിയത്. എതിർ രാഷ്ട്രീയക്കാരെ പ്രതിരോധിക്കാനും സ്വന്തം പാളയത്തിലെ പട ഒതുക്കാനുമെല്ലാം തങ്ങളോട് വിധേയത്വം പുലർത്തുന്ന ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളെ രാഷ്ട്രീയ നേതൃത്വങ്ങൾ ഉപയോഗപ്പെടുത്തുന്നു. പാർട്ടിക്കു വേണ്ടി ആയുധമെടുക്കുന്നതിനു പുറമെയാണിവർ മദ്യശാലകൾക്ക് കാവൽ ആകുന്നതും മണൽക്കടത്തിനും സ്വർണക്കടത്തിനും സഹായമേകുന്നതും.

ജനസേവനമെന്ന ആശയാദർശ രാഷ്ട്രീയം അധികാരകച്ചവട താത്പര്യങ്ങൾക്ക് വഴിമാറിയ മുറയ്ക്കാണ് മാഫിയകളും ഗുണ്ടകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിത്തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ളവരിൽ നല്ലൊരു വിഭാഗം നിയമവിധേയമോ അല്ലാത്തതോ ആയ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളികളുമാണ്. പണം കൊള്ളപ്പലിശക്ക് കൊടുക്കുന്നവർ, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാർ, ട്രക്ക്‌ലോറി ബിസിനസ്സുകാർ, മരം കള്ളക്കടത്തുകാർ തുടങ്ങിയവയാണ് ഈ ബിസിനസ്.

തഴച്ചു വളരുന്ന മണൽ മാഫിയ, സ്പിരിറ്റ് കടത്ത്, കുഴൽപ്പണ ഇടപാട്, സ്വർണക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ശൃംഖലകളുടെ അറ്റത്തും രാഷ്ട്രീയ സാന്നിധ്യം സുലഭം. കരിപ്പൂർ വഴിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നതെന്നും ഈ മേഖലയിൽ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളുടെ സഹായമാണ് ഇതിനു കാരണമെന്നും കസ്റ്റംസുദ്യോഗസ്ഥരും പോലീസും പറയുന്നു. അതേസമയം തന്നെ എയർപോർട്ട്, കസ്റ്റംസ് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രബല രാഷ്ട്രീയ നേതാക്കളും ഇത്തരം സംഘങ്ങൾക്കു സംരക്ഷണമേകിവരുന്നു.

പ്രത്യക്ഷത്തിൽ രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും ക്വട്ടേഷൻ പ്രവർത്തനങ്ങളെയും തള്ളിപ്പറയുന്നു രാഷ്ട്രീയ നേതാക്കൾ. പക്ഷേ, അവർ തന്നെ കൊലയാളികൾക്ക് സംരക്ഷണം നൽകുന്നു, പിടിക്കപ്പെട്ടാൽ മോചിപ്പിക്കാനായി എല്ലാ സഹായവും ലഭ്യമാക്കുന്നതും നേതൃത്വത്തിന്റെ സാമർത്ഥ്യം.

രണ്ട് വർഷം മുമ്പത്തെ പോലീസ് കണക്കനുസരിച്ച് സംസ്ഥാനത്തെ ഗുണ്ടകളുടെ എണ്ണം 2,200 വരും. കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നടപടി സ്വീകരിച്ചാൽ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് വിട്ടയക്കേണ്ടി വരുന്നു മിക്കപ്പോഴും പോലീസിന്. രാഷ്ട്രീയക്കാർക്കു വേണ്ടി ദാസ്യപ്പണിയെടുക്കുന്നവരാണ് പോലീസെന്ന ആരോപണം തീവ്രമാകുന്നു ഇതുമൂലം. പോലീസിന് കൃത്യനിർവഹണത്തിൽ വല്ലാത്ത ക്‌ളേശമുണ്ടാക്കുന്നു രാഷ്ട്രീയ കടന്നു കയറ്റമെന്നത് അനിഷേധ്യം.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam