കേരളകോണ്‍ഗ്രസുകള്‍ മാത്രമല്ല, ചെറുപാര്‍ട്ടികല്‍ എല്ലാം ചേർന്ന് കേരളത്തിനായൊരു പാര്‍ട്ടി ഉണ്ടാക്കണം.

MAY 4, 2021, 5:05 PM

ജോഷി ജോര്‍ജ്
1964ല്‍ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടായി. അതിലൊരു കൂട്ടര്‍, ക്രൈസ്തവരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയോടെ കെട്ടിപ്പടുത്തതാണ് കേരളകോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അന്ന് നഷ്ടപ്പെട്ട സ്വാധീനം 56 വര്‍ഷം കഴിഞ്ഞിട്ടും വീണ്ടെടുക്കാനായില്ല. പിന്നീട് എത്രയോ പിളര്‍പ്പുകള്‍ കേരളകൊണ്‍ഗ്രസിനും നേരിടേണ്ടിവന്നു. ബ്രാക്കറ്റ് പാര്‍ട്ടികള്‍ പലതുണ്ടായി.
മന്ത്രിസഭയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍. ശങ്കറും പി. ടി ചാക്കോയും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളായിരുന്നു പിളര്‍പ്പിന് ആധാരം. പാര്‍ട്ടി പിളര്‍ന്നു കേരളകോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചതാകട്ടെ, ചാക്കോയുടെ നിര്യാണത്തിനുശേഷവും. ചാക്കോ ജീവിച്ചിരുന്നെങ്കില്‍ കേരളകോണ്‍ഗ്രസ് പിറവിയെടുക്കില്ലായിരുന്നെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. കാരണം ചാക്കോ അന്ത്യശ്വാസം വലിക്കുന്നതുവരേയും അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു.

വിമോചനസമരത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന പട്ടം മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറും ആഭ്യന്തരമന്ത്രിയായിരുന്ന പി. ടി ചാക്കോയും ഒരേ ഗ്രൂപ്പുകാരായിരുന്നു.
മറുഭാഗത്ത് സി. കെ ഗോവിന്ദന്‍ നായര്‍ നയിച്ച ഗ്രൂപ്പും പട്ടത്തെ ഒഴുവാക്കി ശങ്കര്‍ മുഖ്യമന്ത്രിയാകാന്‍ പാതയൊരുക്കിയതുവരെ പി. ടി ചാക്കോയായിരുന്നു. ശങ്കര്‍ മുഖ്യമന്ത്രിയായി കുറെ കാലം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ചില്ലറ അഭിപ്രായ ഭിന്നതകള്‍ തലപൊക്കിത്തുടങ്ങി. ചാക്കോ പ്രതിസ്ഥാനത്തായ പീച്ചി സംഭവത്തെത്തുടര്‍ന്ന് അത് രൂക്ഷമായി. അവസാനം ചാക്കോയില്‍ തനിക്ക് വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍  ചാക്കോ രാജിവയ്ക്കുകയായിരുന്നു.

അതോടെ പാര്‍ട്ടിക്കകത്ത് ശങ്കര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ശക്തി പ്രാപിച്ചുതുടങ്ങി. ഗ്രൂപ്പ് നേതാവായി മാറിയ കെ. എം ജോര്‍ജ് ആദ്യമൊക്കെ കൈവിട്ട കളിക്ക് എതിരായിരുന്നു. പിന്നീട് അദ്ദേഹവും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ശക്തമായ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രി ആര്‍. ശങ്കറിന് അനുകൂലമായ നിലപാടാണെടുത്തത്.

vachakam
vachakam
vachakam

പ്രതിപക്ഷം മന്ത്രിസഭയ്ക്ക് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതേത്തുടര്‍ന്ന് 1964 സെപ്റ്റംബര്‍ ഒന്നിന് കെ. എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് തങ്ങള്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നെന്ന് അറിയിച്ചു. പി. കെ കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകുമെന്ന് അതോടെ ഉറപ്പായി. പ്രമേയത്തില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറഞ്ഞ ശങ്കര്‍ അവസാനം തന്നെ കാലുവാരിയ കോണ്‍ഗ്രസ് അംഗങ്ങളോടായി പറഞ്ഞു: 'അവിശ്വാസപ്രമേയം പാസാകുന്നതോടുകൂടി കോണ്‍ഗ്രസിനെ തറപറ്റിച്ചുവെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കുതെറ്റി. ഒരു കാര്യം ഓര്‍ത്തോളു. ഞങ്ങള്‍ പോകുന്നതോടെ നിങ്ങളും പോകുകയാണ്.' അവിശ്വാസപ്രമേയം പാസായതോടെ പിളര്‍പ്പും പൂര്‍ത്തിയായി.

15 എംഎല്‍എമാര്‍ ചേര്‍ന്ന് കെ. എം ജോര്‍ജിനെ ചെയര്‍മാനാക്കി പുതിയ പാര്‍ട്ടിയുണ്ടാക്കി. 1965ലെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന് അഭൂതപൂര്‍വ്വമായ വിജയം കൈവരിക്കാനുമായി. കേരളകോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്ന പൂഞ്ഞാറിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 25 പേര്‍ ജയിച്ചുകയറി. അതൊരു അവിശ്വസനീയമായ അത്ഭുതമായിരുന്നു. ഒരു കക്ഷിക്കും പൂര്‍ണ്ണമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ വിളിച്ചുകൂട്ടാതെതന്നെ നിയമസഭ പിരിച്ചുവിടേണ്ടി വന്നു.

കോണ്‍ഗ്രസിന്റെ സമഗ്രാധിപത്വത്തിനെതിരെയുള്ള പ്രാദേശീക രാഷ്ടീയവികാരത്തിന്റെ കൂടി സന്തതികളാണ് കേരളകോണ്‍ഗ്രസും തമിഴ്‌നാട്ടിലെ ഡിഎംകെയും. പിന്നാട് ആന്ധ്രായിലുണ്ടായ തെലുഗുദേശവും ലാലുപ്രസാദിന്റെയും മായാവതിയുടേയും മമതാബാനര്‍ജിയുടേയും പാര്‍ട്ടികള്‍ പോലെയും കേരളത്തിന്റെ സ്വന്തം പാര്‍ട്ടിയായി വളരാന്‍ സമസ്ത സാധ്യതയും ഉണ്ടായിരുന്ന കേരളകോണ്‍ഗ്രസ് ഒടുവില്‍ അനുബന്ധാക്ഷരങ്ങളുടെ വിശേഷണത്തോടെ ഏതെങ്കിലും മുന്നണിയുടെ അനുബന്ധമായി ഭരണസുഖം നുകരുന്ന ദയനീയമായ കാഴ്ചയാണ് മലയാളികള്‍ കാണുന്നത്.

vachakam
vachakam
vachakam

അധികാര രാഷ്ട്രീയത്തിന്റെ ചരിത്രമാണ് എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ചരിത്രമെന്ന് പൊതുവേ പറയാമെങ്കിലും കേരളകോണ്‍ഗ്രസിന്റെ ചരിത്രം കുറേക്കൂടി വ്യത്യസ്തമായി വ്യക്തികളുടെ അധികാരമോഹത്തിന്റെ ചരിത്രം മാത്രമായിതീര്‍ന്നു. ഏതേതു വര്‍ഗങ്ങളുടേയും വിഭാഗങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കേരളകോണ്‍ഗ്രസ് നിലകൊള്ളുന്നുവെന്ന് അവകാശപ്പെട്ടിരുന്നുവോ അതിന് വിവിശദികരണമായി സാക്ഷാല്‍ കെ. എം മാണി അവതരിപ്പിച്ച പ്രസിദ്ധമായ അദ്ധ്വാനവര്‍ഗ സിദ്ധാന്തം അര്‍ത്ഥമില്ലാത്ത ഫലിതമായിതീരുകയുൂം കേരളകോണ്‍ഗ്രസ് എന്നത് രാഷ്ടീയമായി അപ്രസക്തമാകുന്ന പ്രസ്ഥാനമായിതീരുകയും ചെയ്യുന്ന ദു:ഖകരമായ കാഴ്ചയാണ് ഇന്നുകാണുന്നത്. കോശവര്‍ദ്ധനയില്‍ മൂന്ന് കേരളകോണ്‍ഗ്രസുകള്‍ ഒരു മുന്നണിയുടെ കുടക്കീഴില്‍ ഭരണം പങ്കിടുന്ന കാഴ്ചയും നമ്മള്‍ കണ്ടു. നേതാക്കള്‍ക്ക് ന്യായങ്ങള്‍ പലതും പറയാനുണ്ടാകാം. പക്ഷേ അതൊന്നും ജനത്തിനു സ്വീകാര്യമല്ലാത്ത അധികാര ദുര പിളര്‍പ്പിന്റെ വായ്മുറിയിലൂടെ നുരഞ്ഞൊഴുകുന്നു.

ഇന്ത്യയുടെ ആകെ ചിത്രമെടുത്താല്‍ പല പാര്‍ട്ടികളായി വിഘടിച്ചു നിന്നിട്ട് കാര്യമില്ലെന്ന വീണ്ടുവിചാരം ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ടായിക്കൊണ്ടിരിക്കുന്നു. ചെറുപാര്‍ട്ടികള്‍ക്കൊന്നുംതന്നെ ഒട്ടും നല്ല സന്തോഷമല്ല അടുത്തകാലങ്ങളിലായുള്ള ജനവിധികള്‍ നല്‍കുന്നത്.

ഈ ചുവരെഴുത്തുകളൊന്നും കാണാന്‍ കേരളകോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്പര്യമില്ല.
കേരളരാഷ്ട്രീയത്തിലെ എക്കാലത്തേയും നേതാക്കള്‍ക്കൊപ്പം നില്‍ക്കാനുള്ള ഔന്നത്യമുള്ള കെ. എം മാണി എന്ന തന്ത്രശാലിയായ നേതാവിന്റെ വിയോഗം, തങ്ങളുടെ വിലപേശല്‍ ശേഷി കുറച്ചുകഴിഞ്ഞിരിക്കുന്നുവെന്നതും അവര്‍ മറന്നുപോകുന്നു. കൂട്ടായ നേത്യത്വത്തിലൂടെ ശക്തി തെളിയിക്കേണ്ടവര്‍ തമ്മിലടിച്ച് ട്രോളുകള്‍ക്കും കോമഡി ഷോകള്‍ക്കും തുടര്‍ച്ചയായി ദയനീയ സംഭാവനകള്‍ നല്‍കിവരുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

vachakam
vachakam

കേരളകോണ്‍ഗ്രസ് രുപീകരിക്കുന്ന കാലത്ത് കൃഷി ഏക വരുമാനമായുള്ളവര്‍ ആയിരുന്നു പാര്‍ട്ടിയുടെ ശക്തി. പിന്നീടത് കൃഷി മുഖ്യവരുമാനമായവരുടെ പാര്‍ട്ടിയായി. ഇപ്പോള്‍ ഭാഗീകവരമാനക്കാരുടേയും. ഈ രാസമാറ്റം കൊണ്ടുതന്നെ ആ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അവരാരും വേവലാതിപ്പെടാറുമില്ല. ക്രൈസ്തവ സഭാ നേതൃത്വം ഇരുവിഭാഗങ്ങളോടും വിയോജിപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഏറ്റവും ഒടുവില്‍ ജോസഫും ജോസ് കെ മാണിയും രണ്ടു ചേരിയിലായി തമ്മിലടിച്ചു. ജോസഫിന് രണ്ടും ജോസ് കെ. മാണിക്ക് അഞ്ചും കിട്ടി. ജോസ് കെ. മാണിക്ക് അഞ്ച് കിട്ടിയിട്ടെന്തുകാര്യം..! ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെപ്പെട്ടാല്‍ പിന്നെന്തു കാര്യം എന്നപോലായി ടീയാന്റെ കാര്യം.

മാണിയുടെ സ്വന്തം പാലായില്‍ മാണിയുടെ മരണത്തെത്തുടര്‍ന്നു നടത്തിയ ഉപതെരഞ്ഞെടപ്പില്‍ മാണി സി. കാപ്പന്‍ അദ്യം അട്ടിമറി വിജയം നേടി. ഇപ്പോഴിതാ ജോസ് കെ. മാണിയെത്തന്നെ മലര്‍ത്തിയടിച്ചിരിക്കുന്നു കാപ്പന്‍.
ഇനിയെങ്കിലും കേരളകോണ്‍ഗ്രസുകള്‍ ഒന്നിച്ചാല്‍ ആ പാര്‍ട്ടികള്‍ക്കുമാത്രമല്ല, നാടിനും ഗുണമുണ്ടാകും. അല്ലെങ്കില്‍ നാടിനുവേണ്ടി നിലകൊള്ളുന്ന കേരളത്തിന്റെ ഒരു പാര്‍ട്ടിയാകാന്‍ എന്‍സിപിയും കോണ്‍ഗ്രസ് എസും ആര്‍എസ്പിയും മുസ്ലീം ലീഗും ജെഎല്‍ഡിയും ജെയുഡിഎസും കേരളകോണ്‍ഗ്രസുകള്‍ക്കൊപ്പം ചേര്‍ന്ന് ഒറ്റപ്പാര്‍ട്ടിയാകുകയാണ് വേണ്ടത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam