പിറന്നു വീഴുന്ന ചോരക്കുഞ്ഞേ, മാപ്പ്... നീയും കടത്തിന്റെ കാര്യത്തിൽ ലക്ഷപ്രഭു!

SEPTEMBER 14, 2022, 7:35 PM

മലയാളനാട്ടിലല്ല, 'വിശ്വ കേരള പൗരൻ'ആയി ഏത് ദുനിയാവിൽ പിറന്നുവീഴുന്ന കൈക്കുഞ്ഞിനും രണ്ടാം പിണറായി സർക്കാർ ഒരു കടക്കിരീടം തയ്യാറാക്കിക്കഴിഞ്ഞു. നിസ്സാരമല്ല, കുരുന്നു ശിരസ്സിൽ വയ്ക്കുന്ന സർക്കാർ കടം, ഒരു ലക്ഷാധിപതിയായി ജനിക്കുകയെന്നെല്ലാം പറയുമ്പോൾ അതിനൊരു സുഖമൊക്കെയില്ലേ? കടമായാലും ബാധ്യതയായാലും പിറന്നുവീഴുന്ന ചോരക്കുഞ്ഞിനായി ഒരുക്കി വച്ചിട്ടുള്ള കനക കടക്കിരീടത്തെപ്പറ്റി ധനമന്ത്രി ബാലഗോപാലൻ സാറ് പറയുന്നത്,

ഓ അതൊന്നും സാരമില്ല, ഖജനാവ് അടയ്‌ക്കേണ്ട കാര്യമൊന്നുമില്ലെന്നാണ്. ഖജനാവ് കാലിയായാൽ പിന്നെ അടച്ചാലും തുറന്നാലും 'എന്നാത്തിനാ' എന്ന് കോട്ടയം ഭാഷയിൽ ഏത് കോൺഗ്രസുകാരനും ചോദിക്കേണ്ടതാണ്. പക്ഷെ എം.എൽ.ഏ.മാരുടെ ശമ്പളം മുടങ്ങിയാലും പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം മുടങ്ങരുതേയെന്ന് സകല ദൈവങ്ങളെയും പിടിച്ച് എല്ലാ പാർട്ടിക്കാരും പ്രാർത്ഥിക്കാറുണ്ട്. കാരണം ലാലു അലക്‌സ് പറയുന്നതുപോലെ 'പെഴ്‌സണലായിട്ട് പറയുവാ' എന്ന മട്ടിൽ ഇക്കാര്യത്തിൽ വട്ടം ചവിട്ടിനിൽക്കാനേ എല്ലാ രാഷ്ട്രീയ്ക്കാർക്കും കഴിയൂ.

ഓണക്കിഴി കിട്ടി ആനവണ്ടിക്കാർക്കും

vachakam
vachakam
vachakam

ഇത്തവണ ഓണം ജഗപൊകയാക്കാൻ 15,000 കോടി രൂപവേണ്ടി വന്നു. കേന്ദ്രം തരാനുള്ളത് തരാതെ തടിതപ്പുന്നതാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാക്കുന്നതെന്ന ഒരു ഡയലോഗ് കൂടി എപ്പോഴും ധനമന്ത്രി പറയാറുണ്ട്. എന്തായാലും രണ്ടു മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സി.ക്കാർക്കു കൂടി സർക്കാർ നൽകിയ സന്തോഷവും നന്ദിയുമുണ്ട്. കാരണം, അത്രയേറെ ദുരിതത്തിലായിരുന്നു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ.

2022 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 99,470 രൂപയായിരുന്നു മലയാളിയുടെ പ്രതിശീർഷ കടം. സർക്കാരിനു ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനവും ദൈനംദിന ചെലവുകൾക്കും പലിശ നൽകാനുമാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. സംസ്ഥാനത്തെ കോർപ്പറേഷനുകളും പൊതുമേഖലാസ്ഥാപനങ്ങളും 36 അർധസർക്കാർ സ്ഥാപനങ്ങളുമടക്കമുള്ളവരുടെ കടം 31,800 കോടി രൂപയാണ്.


vachakam
vachakam
vachakam

വോർട്ടേജ് കുറയുന്ന കെ.എസ്.ഇ.ബി

സർക്കാർ സ്ഥാപനങ്ങൾ മാത്രമല്ല ഇപ്പോൾ കടക്കെണിയിൽ പെട്ടിരിക്കുന്നത്. വൈദ്യുതി ബോർഡിന്റെ നിലവിലെ അവസ്ഥ ഭീതിജനകമാണ്. ശമ്പളം വർധിപ്പിച്ചതിനുള്ള? എല്ലാ യൂണിയനുകളും ബോർഡ് ജീവനക്കാരിൽ നിന്ന് 2 മാസത്തെ ശമ്പള കുടിശ്ശിക മുഴുവനും പിടിച്ചുവാങ്ങുകയായിരുന്നു. എന്തിനാണ് യൂണിയൻ നടത്തിപ്പിന് ഇത്രയേറെ പണമെന്ന് ഭരണ, പ്രതിപക്ഷ, സ്വതന്ത്രയൂണിയനുകളൊന്നും ഇതേവരെ ചോദിച്ചില്ല.

ഇടതുപക്ഷ യൂണിയനുകൾ ആ പണം പാർട്ടിഫണ്ടിൽ അടച്ചേക്കാം. ഓഫീസേഴ്‌സ് യൂണിയനാകട്ടെ, പുതിയ ഫ്‌ളാറ്റ് സമുച്ചയ നിർമ്മിതിക്ക് ആ പണം ഉപയോഗിച്ചിരിക്കാം. എന്നാൽ കോൺഗ്രസ്, ലീഗ്, ബി.ജെ.പി. തുടങ്ങിയ പാർട്ടിയനുഭാവ യൂണിയനുകൾ ആ പണം എന്തു ചെയ്തു ? ഇലക്ട്രിസിറ്റി ബോർഡിലെ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ശമ്പളം നൽകി വന്നിരുന്നത്. 10 വർഷമായി ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി 1200 കോടിയിൽ ഏറെ രൂപ ലഭിച്ചിട്ടും ബോർഡിന്റെ നഷ്ടം 1500 കോടി രൂപയായതായി ധനകാര്യ വിഭാഗം കണക്കാക്കിയിട്ടുണ്ട്.

vachakam
vachakam

സഞ്ചിത നഷ്ടം 14,600 കോടി രൂപ. കടബാധ്യതയാകട്ടെ 11,000 കോടി രൂപയും. 1300 കോടി രൂപ വിറ്റുവരവുണ്ടായിട്ടും ശമ്പളവും പെൻഷനും നൽകിയാൽ പണപ്പെട്ടി കാലി. 33,000 ജീവനക്കാരും  30,000 പെൻഷൻകാരും കെ.എസ്.ആർ.ടി.സി.യുടെ പരുവത്തിലാകാൻ 3 വർഷം മതിയത്രെ. ഈ കണക്ക് ഒന്നുകൂടി വിശദീകരിക്കാം. 2020-21 മുതൽ 2021-23 വരെ ശമ്പളയിനത്തിൽ നൽകേണ്ടത് 4071.1 കോടി രൂപ. പെൻഷൻ ട്രസ്റ്റിലെ നിക്ഷേപ പലിശയിനത്തിലെ ചെലവ് 610 കോടി രൂപ. പ്രതിവർഷ വൈദ്യുതി വിറ്റുവരവ് 15,600 കോടി രൂപ. റവന്യൂ ചെലവ് 4700 കോടി. ബോർഡിന്റെ വരവിൽ 65 ശതമാനവും പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ വേണ്ടിവരും.

കെ.എസ്.ഇ.ബി. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുന്നതിൽ നിന്ന് 2 രൂപയോളം ശമ്പളത്തിനു ചെലവാകും. അതായത് 25 ശതമാനം. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 15 ശതമാനമാണ്. ബോർഡിന്റെ വിറ്റുവരവ് ഗണ്യമായി കുറഞ്ഞ നാളുകളിലാണ് ശമ്പളം പരിഷ്‌ക്കരിച്ചത്. സർക്കാർ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ പരിഷ്‌ക്കരിക്കാവൂ എന്ന നിയമം ഉണ്ടായിരിക്കെ, 2022 ഫെബ്രുവരിയിൽ ബോർഡിൽ ശമ്പളം കൂട്ടി സർക്കാർ അറിഞ്ഞില്ല, ബോർഡ് അറിയിച്ചതുമില്ല.

ബോർഡിലെ ഓഫീസർമാരുടെ ശമ്പളവർധന സർക്കാർ ജീവനക്കാർക്ക് കൂട്ടിയ 12.30 ശതമാനവും കടന്ന് 17.4 ശതമാനമായി കൂടി. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പേ ശമ്പള കുടിശ്ശികയും വിതരണം ചെയ്തു. ഈ കുടിശ്ശികയാണ് ഭരണപ്രതിപക്ഷ ഭേദമന്യേയുള്ള ട്രേഡ് യൂണിയനുകൾ വിഴുങ്ങിയത്. ബോർഡിന്റെ ദൈനംദിന ഭരണം ജോലിക്കാരുടെ യൂണിയനുകൾ (അതാതു കാലത്തെ ഭരണകക്ഷികളുടെ) കവർന്നെടുത്തിട്ട് വർഷങ്ങളേറെയായി. ഇതെല്ലാം ഉപയോക്താവിന്റെ ചുമലിൽ വീഴുമെന്നതിനും സൂചനകൾ ലഭിച്ചു കഴിഞ്ഞു.

വർഷം തോറും 'ഷോക്ക്' കിട്ടും

വില കുറച്ച് വൈദ്യുതി കിട്ടിയ കാലമൊക്കെ കഴിഞ്ഞു. ഇനി കേരളത്തിലുള്ളവർക്ക് വൈദ്യുതി വേണമെങ്കിൽ, മാസം തോറും 'അന്യായ ബിൽ' അടയ്‌ക്കേണ്ടിവരുമത്രെ. വൈദ്യുതി നിർമ്മാണക്കമ്പനികളുടെ അധികച്ചെലവ് വൈദ്യുതി ഉപയോക്താവിന്റെ കീശയിൽ നിന്ന് അടിച്ചു മാറ്റാനാണ് പുതിയ നിർദ്ദേശം. 2005ലെ വൈദ്യുതി നിയമമനുസരിച്ചാണ് നാം ഇപ്പോൾ വൈദ്യുതി വാങ്ങി ഉപയോഗിക്കുന്നത്. ഈ നിയമം പരിഷ്‌കരിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.

ഉയർന്നവിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്യുന്ന കമ്പനികളെയും ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾക്കും യൂണിറ്റിന് 12 രൂപയ്‌ക്കേ നിലവിൽ വൈദ്യുതി വിൽക്കാനാവൂ. വില കൂടിയ വൈദ്യുതി വാങ്ങാൻ ആളില്ലാത്തതിനാൽ ഈ പ്ലാന്റുകളെല്ലാം വൻ നഷ്ടത്തിലാണ്. അതുകൊണ്ട് റഗുലേറ്ററി കമ്മീഷനെ മൂലയ്ക്കിരുത്തി വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയൊരുക്കുന്നു. പണ്ടു മുതലേ വൈദ്യുതി വാങ്ങൽ കരാറുകളിലൂടെ കോടികൾ അടിച്ചുമാറ്റാൻ പാർട്ടി ഉദ്യോഗസ്ഥ സംഘം സദാ ജാഗരൂകരായതിനാൽ, ഈ ഉയർന്ന വൈദ്യുതി നിരക്ക് ജനത്തിന്റെ ചുമലിൽ വരാം. കരുതിയിരിക്കുക. അത്രയേ പറയാനുള്ളൂ.


വലിച്ചാൽ നീളു (ട്ടു)ന്ന ലാവ്‌ലിൻ കേസ്

എസ്.എൻ.സി. ലാവ്‌ലിൻ കേസിന്റെ വിചാരണ 31-ാം തവണയും സുപ്രീംകോടതി മാറ്റി. ഇത്തവണ മുഖ്യമന്ത്രി പിണറായി അടക്കമുള്ളവർ പ്രതി സ്ഥാനത്തുള്ള കേസ് മാറ്റിവയ്ക്കില്ലെന്നു ചീഫ് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ പ്രഖ്യാപിച്ചതെല്ലാം പാഴ്‌വാക്കായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ വാദം നീണ്ടുപോയതോടെയാണ് 2018 ജനുവരിയിൽ നോട്ടീസ് അയച്ച കേസ് മുപ്പത്തിയൊന്നാം തവണയും നീട്ടിവയ്ക്കുന്നത്.

എന്തുകൊണ്ട് ഇത്തരമൊരു സുപ്രധാനമായ കേസ് വീണ്ടും വീണ്ടും നീട്ടിവയ്ക്കപ്പെടുന്നുവെന്ന ചോദ്യം പൊതുജനത്തിന്റെ ചുണ്ടിലുണ്ട്. പക്ഷെ ആ ചോദ്യം ചുണ്ടിൽ നിന്ന് പുറത്തേക്കു വരില്ല. ഭരണത്തിൽ ഇരിക്കുന്നവരെ കേസിൽ പെടുത്തി താഴെയിറക്കാമെന്ന ആരുടെ മോഹവും അത്രയെളുപ്പം പുഷ്പിക്കില്ലെന്ന ഒരു പൊതുതത്വം പറഞ്ഞ് തൽക്കാലം തടിതപ്പാം.


പൊലീസ് അന്വേഷണവും എസ്.എഫ്.ഐ.യും

മാധ്യമങ്ങൾ ചുരുട്ടിക്കൂട്ടിയ ഒരു വാർത്തയുണ്ട് വയനാട്ടിൽ നിന്ന് രാഹുൽഗാന്ധിയുടെ 'ഭാരത് ജോ ഡോ' (ഭാരതത്തെ ഒന്നിപ്പിക്കൂ) യാത്ര കേരളത്തിൽ പ്രവേശിക്കുന്നതിനുമുമ്പേ, ആ ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ചതിന്റെ പേരിൽ പ്രതികൂട്ടിലായ എസ്.എഫ്.ഐ.യുടെ വയനാട് ജില്ലാ കമ്മറ്റിയെ പുനഃസ്ഥാപിച്ചുകൊണ്ട് സി.പി.എം. ശൗര്യം കാണിച്ചു

കോടിയേരി സെക്രട്ടറിയായിരിക്കെ ഏ.കെ.ജി. സെന്ററിൽ വിളിച്ചുവരുത്തി ശാസിച്ച കമ്മറ്റി എം.വി. ഗോവിന്ദൻ മാസ്റ്റർ സെക്രട്ടറിയായതോടെ എങ്ങനെ 'നല്ല പിള്ള' മാരായി ആവോ ?

പൊലീസ് വടിപിടിക്കും, കൊച്ചു സഖാക്കൾ കൊടിപിടിക്കും

ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ജൂലൈ 6 ന് പത്രങ്ങൾ ആഘോഷിച്ച ഏ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കാൻ ജനാധിപത്യപക്ഷത്തുള്ളവരെ ക്ഷണിക്കട്ടെ. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ: രാഹുലിന്റെ ഓഫീസ് ആക്രമണത്തെക്കുറിച്ച്, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് അറിഞ്ഞതേയില്ല. എന്നാൽ, സംസ്ഥാന ഇന്റലിജെൻസ് രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ദ്രുതകർമ സേനയെ ഈ അനിഷ്ട സംഭവം ഒഴിവാക്കാനായി വിനിയോഗിക്കാമെന്നുവരെ വയനാട് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിരുന്നു. എസ്.എഫ്.ഐ. മാർച്ച് നടത്താൻ പൊലീസിന്റെ അനുമതി തേടിയിരുന്നില്ല. ആക്രമണമുണ്ടായ ദിവസം ഉച്ചയ്ക്ക് 12.30 ന് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് എസ്.എഫ്.ഐ. മാർച്ച് എത്തുമ്പോൾ കൽപ്പറ്റ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ 15 അംഗ പൊലീസ് സംഘമേ സംഭവ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഓഫീസ് ആക്രമണത്തിനെത്തിയ വനിതകളടക്കം 300 പേരായിരുന്നു.

പൊലീസിനെ അവർ കൈയേറ്റം ചെയ്തു. അക്രമം തടയാൻ പൊലീസ് രാഹുലിന്റെ ഓഫീസിലേക്ക് പോയില്ല. 19 എസ്.എഫ്.ഐ.ക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരക്കാർ ഒരു പൊലീസ് ബസ് തകർത്തു. 8 പൊലീസുകാർക്ക് അക്രമത്തിൽ പരുക്കേറ്റു. നിയമവാഴ്ചയെയും നിയമപാലകരെയും വെല്ലുവിളിച്ച എസ്.എഫ്.ഐ. ജില്ലാ യൂണിറ്റ് മുപ്പതിൽപരം കേസുകളിൽ ഉൾപ്പെട്ട സംസ്ഥാന സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ വച്ച് 'പൂ മാല ചാർത്തി' പുനഃസ്ഥാപിച്ചപ്പോൾ ഭരണകക്ഷി ഈ നാടിനു നൽകുന്ന സന്ദേശം എന്തായിരിക്കും ?

തട്ടിപ്പിന്റെ പുതിയ 'ചുവന്ന വഴികൾ'

മത്സ്യത്തൊഴിലാളി ക്ഷേമത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട മത്സ്യഫെഡിലെ കാര്യങ്ങൾ ഇപ്പോൾ മീൻ ചീഞ്ഞു നാറുന്ന പരുവത്തിലാണ്. മത്സ്യഫെഡിൽ നിലവിൽ കഷ്ടിച്ച് 150 സ്ഥിര ജീവനക്കാരേ ഉള്ളൂ. ശേഷിച്ച 950 ജീവനക്കാരും പാർട്ടിലേബലിൽ കയറിപ്പറ്റിയ താത്കാലിക ജീവനക്കാരാണ്. സംസ്ഥാന സർക്കാരിന്റെ സഹായവും കേന്ദ്രസർക്കാരിന്റെ ഗ്രാന്റും ലഭിക്കുന്ന ഈ പ്രസ്ഥാനം ഇപ്പോൾ ആർക്കും ഊഹിക്കാൻ കഴിയാത്ത വിധം കെട്ടുകാര്യസ്ഥതയിൽ മുങ്ങിക്കഴിഞ്ഞു.

മത്സ്യ വിൽപ്പനക്കാരായ വനിതകളെ സഹായിക്കാൻ 'അന്തിപ്പച്ച' എന്ന പേരിൽ ഒരു പരിപാടി തുടങ്ങിയിരുന്നു. മീൻപിടിത്തക്കാരിൽ നിന്ന് മീൻ ശേഖരിച്ച് കൊല്ലം ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിംഗ് സെന്ററിൽ എത്തിച്ച് നന്നാക്കി വിൽക്കാനായി മത്സ്യ വിൽപ്പനക്കാരികൾക്ക് നൽകും. അതാതു ദിവസം തന്നെ. മീൻ വിറ്റുകിട്ടുന്ന പണം ഇവർ സെന്ററിൽ അടയ്ക്കണം. ഇങ്ങനെ അടച്ച തുകയിൽ ഒരു കോടി രൂപയോളം മത്സ്യഫെഡിലെ താത്ക്കാലിക ജീവനക്കാരൻ അടിച്ചു മാറ്റിയ കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ മത്സ്യവിൽപ്പനക്കാരികളായ സ്ത്രീകൾ അധികൃതർക്ക് പരാതി നൽകി. അധികൃതർ അനങ്ങാതായപ്പോൾ അവർ പൊലീസിൽ പരാതി നൽകി.

തട്ടിപ്പ് നടത്തിയ ആൾ പാർട്ടിക്കാരനായതിനാൽ പൊലീസും ഉരുണ്ടു കളിച്ചു. ഇപ്പോൾ തട്ടിപ്പിനെതിരെ കേസുണ്ടെന്ന് പൊലീസ് പറയുന്നു. തട്ടിപ്പ് നടത്തിയവൻ കൂളായി നടക്കുന്നു. കേരളത്തിൽ മീനില്ലാത്തതുകൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മീനെത്തിച്ചാണ് ഇപ്പോൾ 'അത്തിപ്പച്ച'വാടാതെ നോക്കുന്നത്. അങ്ങനെ 'തമിഴ്‌നാട് മീൻ' വാങ്ങുമ്പോഴുള്ള തരികിടകൾ ആരറിയാൻ ?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam