കാട്ടാനയ്ക്ക് ചാരിയുറങ്ങാൻ സുഖശയ്യയൊരുക്കി വനം വകുപ്പ്, നാട്ടുകാർക്ക് ശരശയ്യ തീർത്ത് വന്യ ജീവികളും!

JANUARY 18, 2023, 8:30 PM

വന്യജീവികൾക്ക് നാട്ടിലിറങ്ങി സവാരി

നടത്താൻ സ്റ്റേറ്റ് കാറും അവറ്റകളെ സംരക്ഷിക്കാൻ സർക്കാർ ശമ്പളം പറ്റുന്ന ഫോറസ്റ്റ് പൊലീസ് അകമ്പടികളും വരുമോ? എന്തായാലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ പെടുത്തണമെന്ന് കേരളത്തിലെ കർഷകർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കേ, എലി, വവ്വാൽ തുടങ്ങിയ വന്യജീവികളെ ''തൊട്ടാൽ ചുട്ടുകളയുമെന്ന്'' കേന്ദ്രവനം വകുപ്പ് ഉത്തരവിറക്കിക്കഴിഞ്ഞു. 

ചുരുക്കത്തിൽ, മലയാളികൾക്ക് കൈകൂപ്പി പ്രാർത്ഥിക്കാൻ പരസ്യത്തിൽ പറയുന്നതുപോലെ ഒരു കാരണമായി. പുനർജന്മമുണ്ടെന്നു വിശ്വസിക്കുന്നവർക്ക് നല്ല വെടിപ്പായി ഇങ്ങനെ പ്രാർത്ഥിക്കാം: അടുത്ത ജന്മത്തിൽ വന്യജീവിയായി ജനിച്ച് കേരളത്തിൽ ജീവിക്കാൻ വരമരുളണമേ !

vachakam
vachakam
vachakam

മുഹൂർത്തം നോക്കിയോ, മയക്കുവെടി ?

എന്തെല്ലാം വന്യജീവി സംരക്ഷണ നിയമങ്ങളാണെന്നോ നാട്ടിലുള്ളത്? അതെല്ലാം ഓടിച്ചു വായിച്ചാൽ തന്നെ ആ ഓട്ടം കാടില്ലാത്ത ആലപ്പുഴ ജില്ലയിൽ ചെന്നവസാനിപ്പിക്കാൻ ആർക്കും തോന്നും. കാട്ടുപന്നിയുടെ കാര്യമാകട്ടെ ആദ്യം. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും, ആ വന്യജീവിയെ വേദനിപ്പിക്കാതെ വേണം ഈ 'പുണ്യ കർമ്മം' ചെയ്യാനെന്ന് കേന്ദ്ര വനം വകുപ്പിന്റെ നിർദ്ദേശങ്ങളിലുണ്ട് . കടുവയെ പിടികൂടിയാൽ തന്നെ അതിനെ നിശ്ചിത സമയത്തിനകം ചികിത്സ ലഭ്യമാക്കി സുരക്ഷിത സ്ഥലത്തെത്തിക്കണം. അങ്ങനെ, കാടിനുവേണ്ടി , വന്യജീവികൾക്കുവേണ്ടിയുള്ള നിയമങ്ങൾ ഏറെ വിചിത്രങ്ങളാണ് !

പാലക്കാട്ടെ ധോണിയിൽ (ക്രിക്കറ്റ് കളിക്കാരൻ ധോണിയുമായി ഈ നാടിനു ബന്ധമൊന്നുമില്ല ട്ടോ) പി.ടി. 7 എന്ന കാട്ടാന അതിക്രമം കാണിച്ച് വിലസാൻ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ദിവസം ബി.ജെ.പി. പാലക്കാട്ട് ഹർത്താലും ആചരിച്ചു. ഹർത്താൽ വിവരം കാട്ടാനകൾ അറിയാതെ പോയതുകൊണ്ടാകാം, അന്നും പി.ടി.7 എന്ന കാട്ടാന രാത്രി നാട്ടിലിറങ്ങുകയുണ്ടായി. ഷീറ്റ് കൊണ്ട്  മറച്ച കുടിലിൽ കഴിയുന്ന ഒരമ്മ ചോദിക്കുന്നു. ആന വന്നാൽ, എന്തു ചെയ്യാനാ? ഷീറ്റൊക്കെ തകർക്കുകയെന്നത് പി ടി 7ന് കളിതമാശ മാത്രം. ഇന്ന് (ബുധനാഴ്ച) വാർത്താ ബുള്ളറ്റിനിൽകേട്ടത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പിടി 7നെ മയക്കുവെടിവയ്ക്കുമെന്നാണ്.

vachakam
vachakam
vachakam

ഓരോ നിമിഷവും ഈ 'ഓപ്പറേഷൻ' വൈകുമ്പോൾ, ജനങ്ങൾ അനുഭവിക്കുന്ന ദുരിതമൊന്നും വനംവകുപ്പിലെ ഉന്നതർക്ക് അറിയില്ലെന്നാണോ? വന്യജീവികൾ സംരക്ഷിക്കപ്പെടണമെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ  കാടിറങ്ങിവരുന്ന കടുവകളെയും കാട്ടാനകളെയുമെല്ലാം പ്രതിരോധിക്കാനുള്ള വനം വകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? കാട് പരിചയമുണ്ടായിരുന്നവരും വർഷങ്ങൾ അനുഭവസമ്പത്തുണ്ടായിരുന്നവരുമായ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പി.എസ്.സിയിൽ നിന്ന് പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്തി വനം വകുപ്പിൽ നിയമിച്ചിട്ടുണ്ട്. ആ പാവങ്ങൾ എന്തു ചെയ്യാൻ? കാട് എന്ന് പാഠപുസ്തകത്തിലും സിനിമാപ്പാട്ടിലും മാത്രം കേട്ട് പരിചയമുള്ള 'ന്യൂജെൻ യുവത' വന്യജീവികളെയും, വന്യജീവി  ആക്രമണത്തെ തുടർന്ന് അക്രമാസക്തരാകുന്ന നാട്ടുകാരെയും നേരിടാൻ കഴിയാതെ മുട്ട് കൂട്ടിയിടിച്ചു നിൽപ്പാണ്.

പേരിടല്ലേ, കാട്ടിലെ ചാനലിൽ വരും !

ആനകളെ പേരിട്ട് അപമാനിക്കരുതെന്ന ഉത്തരവ് വനംവകുപ്പിന്റേതായുണ്ട്. പടയപ്പ, കാബാലി, അരിക്കള്ളൻ തുടങ്ങിയ അതിസുന്ദരമായ പേരുകൾ അങ്ങനെ കാട്ടാനകൾക്കു നഷ്ടമായി. ഇപ്പോൾ ഓരോ ആനയ്ക്കും നമ്പറുകളാണ്. പി.ടി. എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾക്കുശേഷം ഒരു നമ്പർ, അതാണ് പുതിയ രീതി. വന്യജീവികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തുന്ന വനംവകുപ്പിനെ പോലെ തന്നെ മനുഷ്യരുടെ കാര്യത്തിൽ ഇവിടെയാരാണ് ജാഗ്രത പുലർത്തുന്നത് ? വയനാട്ടിൽ കടുവ ആക്രമിച്ച ഒരു കർഷകനെ വാരിയെടുത്ത് അവിടെയുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ, കോഴിക്കോട്ടെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആരോഗ്യവകുപ്പിലെ ഏമാന്മാർ അവരുടെ കടമ നിറവേറ്റിയോ?സംശയമുണ്ട്.

vachakam
vachakam

ചുരമിറങ്ങിപ്പോകേï ആ രോഗിയിൽ നിന്ന് കൂടുതൽ രക്തം വാർന്നു പോകാതിരിക്കാനുള്ള പ്രാഥമിക ചികിത്സ പോലും അവർ നടത്താതിരുന്നതെന്തേ? ഒടുവിൽ, ആ കർഷകന്റെ മരണം ഹാർട്ട് അറ്റാക്ക് മൂലമാണെന്നു എഴുതി വാങ്ങി വിവാദങ്ങളിൽ നിന്ന് തടിയൂരിയ ആരോഗ്യവകുപ്പ് മന്ത്രിയെക്കുറിച്ച് നാം എന്തുപറയും? ഒന്നും പറയാതെ നാവടക്കുകയെന്നതാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്.

എത്ര സുന്ദരം, കേരളാ, ഗുജറാത്ത് മോഡലുകൾ !

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഗുജറാത്തും ഇപ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കിക്കഴിഞ്ഞു. കേരളാ മോഡൽ മാർക്‌സിസ്റ്റ് പാർട്ടിയും ഗുജറാത്ത് മോഡൽ ബി.ജെ.പി.യും ഉയർത്തിക്കാണിക്കുന്ന ഈ നാളുകളിൽ ഈ രണ്ട് സംസ്ഥാനങ്ങളും നേടിയ 'ദേശീയ ബഹുമതികൾ' എന്തായാലും പൊളിച്ചുവെന്നേ പറയാനാവൂ.

പൊലീസിലെ ഗുണ്ടാ ബന്ധമുള്ളവർക്കു നേരെ കർശന നടപടിയുണ്ടാകുമെന്ന സൂചനകൾ പോയവാരത്തെ വാർത്തകളിലുണ്ട്. എന്നാൽ, ഭരണകക്ഷി തന്നെ പൊലീസിനെ ഉപയോഗിച്ച് എല്ലാ തെമ്മാടിത്തരങ്ങളും നടത്തിവരുന്ന ഈ നാട്ടിൽ മേൽപ്പറഞ്ഞ നടപടികൾ വിജയിക്കുമോ? സംശയമുണ്ട്. പൊലിസിലെ കാക്കിയിട്ട ക്രിമിനലുകൾ സംസ്ഥാന, അന്തർ സംസ്ഥാന തലങ്ങളിലും അന്താരാഷ്ട്ര തലങ്ങളിലും ഓപ്പറേഷൻ വ്യാപിപ്പിച്ചിരിക്കേ, സർക്കാരിന്റെ പ്രഖ്യാപനം നടപ്പാകാൻ കുറെ കാലതാമസമുണ്ടായേക്കാം.

ഏതെങ്കിലും തരത്തിൽ ക്രിമിനലുകളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്ന് പൊലീസ് മാന്വലിൽ ഉണ്ട്. മൂന്നു വർഷം തുടർച്ചയായി ഒരേ സ്ഥലത്ത് ഒരേ തസ്തികയിൽ ഒരു ഉദ്യോഗസ്ഥനെയും ഇരുത്തരുതെന്നും പൊലീസ് ചട്ടങ്ങളിലുണ്ട്. എന്നിട്ടും തലസ്ഥാന നഗരം ഉൾപ്പെടുന്ന ജില്ലയിൽ കുറ്റാരോപിതരായ രണ്ട് ഡിവൈഎസ്പിമാരും നാല് സി.ഐ.മാരും ക്രമസമാധാനച്ചുമതലയിൽ വർഷങ്ങളായി തുടർന്നുവരുന്നു.

സംസ്ഥാനത്തെ 740 സി.ഐ.മാരിൽ 120 പേരും, കൈക്കൂലി വാങ്ങുന്നവരാണ്. നിയമിക്കാൻ സി.ഐ.മാരുടെ ക്ഷാമമുള്ളതുകൊണ്ട് അവരിൽ പകുതിയോളം പേർ സർവീസിൽ തുടരുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഒരു കാര്യം കൂടി: ക്രൈംബ്രാഞ്ചിൽ വലിയൊരു അഴിമതിക്കാരൻ സ്രാവുള്ള കാര്യം എല്ലാവർക്കുമറിയാം. എന്നിട്ടും ഇന്റലിജൻസ് റിപ്പോർട്ടിൽ പോലും ഈ പുള്ളിക്കാരന്റെ പേരില്ല.

വെള്ളക്കരമോ, അടയ്ക്കുന്ന പ്രശ്‌നമേയില്ല...

ഏപ്രിൽ മാസത്തിൽ വൈദ്യുതിനിരക്ക് കൂടുമെന്ന് അറിയിപ്പുണ്ട്. വെള്ളക്കരം ഇതിനകം കൂട്ടിക്കഴിഞ്ഞു. ഈ നിരക്ക് വർധനയ്ക്കു മുമ്പുതന്നെ ജീവനക്കാരുടെ ശമ്പള സ്‌കെയിൽ കൂട്ടിയിരുന്നു. വാട്ടർ അതോറിറ്റി നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായത് അവരുടെ പണപ്പെട്ടി കാലിയായതുകൊണ്ടാണത്രെ. എന്നാൽ ജല അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുള്ള 1763 കോടി രൂപയിൽ 70 ശതമാനവും  സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശികയാണത്രെ. കുടിശ്ശിക കാര്യത്തിൽ ആരോഗ്യവകുപ്പ് മുന്നിലുണ്ട്  127.52 കോടി രൂപ.  മറ്റ് കുടിശ്ശികകൾ: പൊതുമരാമത്ത് (24.27 കോടി) വിദ്യാഭ്യാസ വകുപ്പ് (13.31 കോടി) മന്ത്രി  റോഷി അഗസ്റ്റിന്റെ കീഴിലുള്ള ജലസേചന വകുപ്പിനും കുടിശ്ശികയുണ്ട് 92.15 ലക്ഷം.

വെള്ളക്കരം വർധിപ്പിക്കുന്നതിനെതിരെ കാര്യമായ ജനമുന്നേറ്റമൊന്നുമുണ്ടായിട്ടില്ല. രാഷ്ട്രീയക്കാരും മൗനത്തിലാണ്. ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ജനത്തിന്റെ വെള്ളം കുടി മുട്ടിക്കാനുള്ള ജാഗ്രതയുടെ പത്തിലൊരംശം പോലും സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക വാങ്ങിയെടുക്കാൻ അതോറിറ്റി ജീവനക്കാർ കാണിച്ചിരുന്നുവെങ്കിൽ ! എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നമെന്നു നിങ്ങൾക്കും എനിക്കും പറഞ്ഞ് വണ്ടറടിച്ചു നിൽക്കാം.

കരുവന്നൂരിലെ തട്ടിപ്പും 

പാർട്ടി നേതാക്കളും 67 കോടി രൂപ തട്ടിപ്പ് നടത്തിയ കരുവന്നൂർ സഹകരണബാങ്ക് 1.25 ലക്ഷം രൂപയുടെ കുടിശ്ശികയുടെ പേരിൽ ഒരു പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ പോയത് വാർത്തയായി. തട്ടിപ്പു നടത്തി ജയിലിൽ കഴിയുന്ന സി.പി.എം. പ്രാദേശിക നേതാക്കൾക്ക് അവർ അടയ്ക്കാനുള്ള തുകയിൽ 48 കോടി രൂപ എഴുതിത്തള്ളിയതായി അറിഞ്ഞു. നാട്ടുകാരുടെ പണം വിഴുങ്ങിയതും പോരാഞ്ഞ്, പാവപ്പെട്ടവന്റെ നെഞ്ചത്ത് പൊങ്കാലയിടുന്ന പതിവ് ഇടതുപക്ഷം എന്തിനാണാവോ ഇപ്പോഴും തുടരുന്നത് ?

പാലക്കാട്ട് രൂപതയിൽപ്പെട്ട ഭവാനി എന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഏഷ്യാനെറ്റ് ന്യൂസിൽ പങ്കുവച്ചത് കേട്ടു. നാട്ടുകാരെയും, എന്തിന് സംസ്ഥാന  സർക്കാരിനെ പോലും ഇരുട്ടിൽ നിർത്തി സൈലന്റ് വാലിക്കടുത്ത്  ഭവാനിയിൽ മറ്റൊരു വന്യ ജീവി സങ്കേതം കൂടി ആരംഭിക്കാനും 'ബഫർ സോൺ' പ്രഖ്യാപിക്കാനും അണിയറയിൽ കേന്ദ്ര വന മന്ത്രാലയം തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഒപ്പം  കാടിറങ്ങി ജനങ്ങളെ ആക്രമിക്കാൻ പത്ത് കടുവകൾ തയ്യാറായി നിൽപ്പുണ്ടെന്ന  റിപ്പോർട്ടും വനം വകുപ്പിന്റേതായുണ്ട്.

പ്രായാധിക്യം മൂലം  കിടന്നുറങ്ങാൻ പറ്റാത്ത ആനയ്ക്ക് ചാരി നിന്നുറങ്ങാൻ 'ഡൺലപ്  മെത്ത' മതിയോ എന്ന് ചിന്തിച്ച് തല പുണ്ണാക്കുകയാണ് മന്ത്രി ശശീന്ദ്രനും സംഘവും. വന്യജീവികളുടെ ആക്രമണം മൂലം ദിവസങ്ങളായി ഉറങ്ങാതിരിക്കുന്ന നാട്ടുകാർക്ക് 'നിത്യ നിദ്ര' പൂകാൻ വല്ലതന്ത്രവും പിണറായി സർക്കാർ നിർദ്ദേശിക്കുമോ? കാത്തിരിക്കാമല്ലേ, 'എല്ലാം ശരിയാക്കു'' മെന്നല്ലേ പഴയ മുദ്രാവാക്യം. ആ മുദ്രാവാക്യം എങ്ങനെ പതിരാകാൻ

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam