മിൽമ ബൂത്തിനു മുമ്പിൽ തിരക്ക് കൂടിയാൽ 5000 രൂപ പിഴ, അപ്പോൾ ബിവറേജസിന്റെ കാര്യമോ?

JULY 17, 2021, 10:19 AM

പാൽ വിൽക്കുന്ന മിൽമ ബൂത്തിനു മുമ്പിൽ ആളു കൂടിയതിന് പോലീസ് വിധിച്ചത് 5000 രൂപ പിഴ. ഒരു പാക്കറ്റ് പാൽ വിറ്റാൽ കടക്കാരന് കിട്ടുന്ന കമ്മീഷൻ 35 പൈസയാണെന്ന് ഓർക്കണം. അതേസമയം മദ്യം വിൽക്കുന്ന കടകൾക്കു മുമ്പിലുള്ള തിക്കും തിരക്കും കണ്ട് കോടതി വരെ ഇടപെടേണ്ടി വന്നു. ബിവറേജസ് കോർപ്പറേഷന്റെ എം. ഡിക്ക്. പോലീസ് എന്തേ പിഴ അടിക്കാത്തത് ?

ചോദിക്കുന്നത് കുണ്ടറയിൽ നിന്ന് ജയിച്ച പി.സി. വിഷ്ണുനാഥ് എം.എൽ.എ ആണ്. എന്തായാലും കേരളത്തിലെ വ്യാപാരികൾ മൊത്തം കലിപ്പിലാണ്. മുഖ്യമന്ത്രി വിളിച്ചിട്ടുള്ള യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് കടയുടമകൾ ആശ്വസിക്കുന്നു

ഏറെ രസകരമായ കാര്യം ഇടതുപക്ഷ ചായ്‌വുള്ള സംഘടന പോലും കടകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ നിയന്ത്രണത്തിൽ അതൃപ്തി അറിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി എന്തെങ്കിലും വിട്ടുവീഴ്ച ചെയ്‌തേക്കാമെന്ന് എല്ലാവരും കരുതുന്നു.

vachakam
vachakam
vachakam

ചെലവ് ചുരുക്കൽ രാജവെമ്പാലയോടോ ?

കോവിഡ് കാലത്തെ കേരള സർക്കാരിന്റെ ചെലവ് ചുരുക്കൽ രാജവെമ്പാലയുടെ അടുത്ത് വിലപ്പോയില്ല. രാജവെമ്പാല കൊത്തിയെടുത്ത ജീവന്റെ വിലയായി ആ കുടുംബത്തിന് സർക്കാർ നൽകേണ്ടി വന്നത് 20 ലക്ഷം രൂപ ! തിരുവനന്തപുരും മൃഗശാലയിലെ ഒരു ജീവനക്കാരൻ പാമ്പു കടിയേറ്റ് മരിച്ച ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്.

പാമ്പിൻകൂട്ടിൽ പ്രവേശിക്കുമ്പോൾ രണ്ടു പേർ ജോലിക്കുവേണം എന്നാണ് നിബന്ധന. കോവിഡ് മൂലം സർക്കാർ ചെലവ് ചുരുക്കി. ഇക്കാര്യം പാമ്പിനെ വിശദമായി ''അറിയിക്കാനുള്ള'' സർക്കാർ ഉത്തരവ് തയ്യാറാക്കിയിരിക്കാം പക്ഷേ സർക്കാർ കാര്യമല്ലേ ഫയൽ വച്ച് താമസിപ്പിക്കുന്നതിൽ പല സർക്കാർ ഓഫീസുകളും പരസ്!*!പരം മത്സരത്തിലാണല്ലോ. അതുകൊണ്ട് പാമ്പ് ''വെവരം'' അറിയാൻ വൈകി. ഏതായാലും ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അതിബുദ്ധിയിൽ വിരിഞ്ഞ ഉഡായിപ്പിന് നികുതിപ്പണത്തിൽ നിന്നുള്ള 20 ലക്ഷം രൂപ ഒരു ജീവന്റെ വിലയായി നൽകേണ്ടി വന്നു !

vachakam
vachakam
vachakam

തറവില തരികിടവിലയായോ ?

കർഷകർക്ക് മറ്റു രാജ്യങ്ങളിൽ ലഭിക്കുന്ന പ്രോത്സാഹനവും പ്രാധാന്യവും ഇന്ത്യയിൽ ലഭിക്കുന്നില്ലെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴും തുടർന്നുവരുന്ന കർഷക സമരം ഒഴിവാക്കാൻ കേന്ദ്രം തുനിയാത്തതുതന്നെ കാലാകാലങ്ങളായി കൃഷിയോടുള്ള അധികൃതരുടെ അവഗണനയല്ലേ ? അമേരിക്കയിലെ ഗ്രാമീണ കാർഷിക മേഖലയെക്കുറിച്ച് ഈയിടെ ഒരു വിഡിയോ റിപ്പോർട്ട് കണ്ടു. യു.എസിൽ കാർഷിക ഇടങ്ങളിലേക്ക് ആർക്കും ചെല്ലാം.

കൃഷിയിടങ്ങളിൽ ഒരുക്കിയിട്ടുള്ള ചെറിയ ഷോപ്പുകളുണ്ട്. അവിടെ കിട്ടുന്നതു വാങ്ങാം. അല്ലെങ്കിൽ തോട്ടങ്ങളിൽ പോയി നമുക്ക് പഴവർഗങ്ങൾ പറിച്ചെടുത്ത് തൂക്കി വിലയ്ക്ക് വാങ്ങാം. കേരളത്തിൽ കർഷകർക്ക് പ്രയോജനപ്പെടാൻ സർക്കാർ തറവില പ്രഖ്യാപിച്ചിട്ടും പത്തുമാസമായി. തറവില കൊണ്ട് വല്ല ഗുണവും കർഷകർക്ക് കിട്ടിയോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ഉദാഹരണം പറയാം: പൈനാപ്പിളിന് തറവില കിലോഗ്രാമിന് 15 രൂപയാണ്.

vachakam
vachakam

പക്ഷെ, മൂവാറ്റുപുഴ മാർക്കറ്റിൽ കിലോയ്ക്ക് 12 രൂപവരെ വില താണു പോകുമ്പോൾ അതോടൊപ്പം കർഷകരും നിലയില്ലാക്കയത്തിലാകുന്നു. കപ്പ നട്ടവരുടെ കാര്യമാണ് ഏറെ കഷ്ടം. തറവില കിലോയ്ക്ക് 10 രൂപ. 5 രൂപയെങ്കിലും കിട്ടിയാൽ മതിയെന്നാണ് കർഷകർ ചിന്തിക്കുന്നത് പക്ഷെ ആ വിലയ്ക്കും കപ്പ ആർക്കും വേണ്ട. ഗതികെട്ട് സർക്കാർ വാട്ടു കപ്പ വിപണിയിൽ ഇറക്കിയിട്ടുണ്ട് . വാടുന്നതാരായിരിക്കും ? കർഷകരോ സർക്കാരോ ?

മറ്റ് രാജ്യങ്ങളിൽ എന്നപോലെ കേരളത്തിലും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടണം. കുന്നുകൾ ഇടിച്ചു നിരത്തിയും പാറകൾ പൊട്ടിച്ചും നാം ഉയർത്തുന്ന റിസോർട്ടുകളിലേക്ക് ഇനി ടൂറിസ്റ്റുകൾ വരില്ല. അവർക്ക് മണ്ണിന്റെ മണമുള്ള 'സ്വാഭാവിക താവളങ്ങൾ' മതി. അത് മരത്തിലോ മലയിലോ വച്ചു കെട്ടാവുന്ന കുടിലുകളാണെന്ന കാര്യം മറക്കരുത്. കോവിഡാനന്തര കാലത്ത് ചെലവ് ചുരുക്കി കാഴ്ച കാണാനായിരിക്കും അന്താരാഷ്ട്ര തലത്തിലുള്ള സന്ദർശകർ ശ്രദ്ധിക്കുക.

കേരളത്തിന്റെ മഴയും മലയും പുഴയും പ്രകൃതിയുമെല്ലാം കളഞ്ഞു കുളിച്ചാൽ നമ്മെത്തേടി ആരും വരില്ല. ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കേരളാ ടൂറിസത്തിന്റെ ഒരു പരസ്യ ബോർഡുണ്ട്. കേരളത്തിന്റെ പച്ച പുതച്ച ദൃശ്യങ്ങൾ അവിടെ വേണം. പകരം, ആ പച്ചപ്പ് വലിച്ചെറിഞ്ഞ കോൺക്രീറ്റ് മന്ദിരങ്ങളുടെ നേർചിത്രം അവിടെ അവതരിപ്പിച്ചാൽ, വാതിലും തുറന്നിരിക്കാമെന്നു മാത്രമേയുള്ളു. ടൂറിസ്റ്റുകൾ മറ്റ് ഹരിതമയമായ കാഴ്ചകളുള്ള നാടുകളിലേക്ക് വിമാനം കയറും.

ഇനി പ്രവാസിയെ കബളിപ്പിക്കാനാവില്ല

ഭൂമിയും വീടും ഫ്‌ളാറ്റുമെല്ലാം കബളിപ്പിക്കപ്പടാതെ പ്രവാസികൾക്കും മറ്റും വാങ്ങാനാകുന്ന വിധം കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റി ഒരു പോർട്ടൽ തുടങ്ങിയിട്ടുണ്ട്. rera.kerala.com എന്ന പോർട്ടലിൽ 582 പദ്ധതികളെക്കുറിച്ചറിയാൻ കഴിയും. പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെയുള്ള വിവരങ്ങൾ പോർട്ടലിൽ ഉണ്ടാകും. മൂന്നു മാസം കൂടുമ്പോൾ പദ്ധതികളുടെ പുരോഗതി വെബ്‌പോർട്ടലിൽ ലഭ്യമാക്കണമെന്ന നിർദ്ദേശവുമുണ്ട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam