കർഷകർക്കുനേരെ അരങ്ങേറുന്നത് ഫാസിസ്റ്റുഭീകരത

OCTOBER 7, 2021, 10:48 AM

ഇന്ത്യയിലിപ്പോൾ എന്താണ് നടക്കുന്നത്..? മനഃസാക്ഷിയുള്ളവരെ ഞെട്ടിക്കുന്ന ഫാസിസ്റ്റു ഭീകരതയാണ് കർഷകർക്കുനേരെ അരങ്ങേറിയത്. പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട, നൽകുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ  ഒരു കേന്ദ്ര മന്ത്രിഅജയി കുമാർ മിശ്ര പരസ്യമായി പ്രകോപനമുണ്ടാക്കും വിധം പെരുമാരിയിരിക്കുന്നു. ആ മന്ത്രിയുടെ മകനാകട്ടെ മാനുഷീകത തൊട്ടുതീണ്ടാത്ത തരത്തിലുള്ള, മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നതിനായി കച്ച മുറുക്കിയിരിക്കുകയാണ്. 

അല്ലെങ്കിൽ  പ്രതിഷേധസമരം നടത്തിക്കൊണ്ടിരുന്ന കർഷകർക്കുമേലെ പ്രതികാരവാഞ്ചയോടെ വാഹനമോടിച്ചു കയറ്റാനും വെടിവയ്ക്കാനും മുതിരുമോ...? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ പ്രതീകാത്മകമായ പ്രതിഷേധങ്ങൾ പലപ്പോഴും ഡെൽഹിയിൽ നടക്കാറുണ്ട്. ലഖിംപൂർ ഖേരിയിലെ സംഭവത്തെ തുടർന്നും സമാനമായ പ്രതിഷേധമാണ് യു.പി. ഭവനു മുന്നിലും നടന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അതുപോലും അനുവദിക്കില്ലെന്ന്  ഉറപ്പിച്ചിരിക്കുകയാണല്ലോ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

ഏതെല്ലാം വഴിയഖിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടാമോ, ആ വഴികളെല്ലാം വെട്ടിത്തെളിച്ചു കൊണ്ടിരിക്കുകയാണ് മോദിയും അമിത്ഷായും. ലഖിംപൂരിലെ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം നിർദാക്ഷിണ്യം ഓടിച്ചുകയറ്റി ഒമ്പതു പേരെയാണ് കുരുതികഴിച്ചത്. ഈ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ഗത്യന്തരനില്ലാതെ ഒടുവിൽ കേസ് എടുക്കേണ്ടി വന്നു. കൊലക്കുറ്റത്തിനു പുറമേ ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

സംഭവത്തിൽ ഉൾപ്പെട്ട 14 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ആശിഷ് മിശ്രയാണ് കർഷകർക്കിടയിലേക്ക് വാഹനം കയറ്റിയതെന്ന് കർഷക സംഘടനകൾ കൃത്യമായി പറഞ്ഞിരുന്നു.  എന്നാൽ സംഭവ സമയത്ത് താൻ സ്ഥലത്തില്ലായിരുന്നുവെന്നും ബാൻബിർപൂർ ഗ്രാമത്തിലെ  ഒരു ചടങ്ങിൽ ങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര ശുദ്ധമായ കളവ് പറഞ്ഞു നോക്കി.  

''കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഒരൊറ്റ കർഷകനേയും  വെറുതെ വിടില്ലെന്നും സമരം ചെയ്യുന്ന കർഷകരെ പാഠം പഠിപ്പിക്കും. വെറും രണ്ട് മിനിറ്റ്‌കൊണ്ട് അവരെ ഞാൻ ശരിപ്പെടുത്തും'' എന്ന് ദിവസങ്ങൾക്കുമുമ്പ് മന്ത്രി അജയ് കുമാർ മിശ്ര ഭീഷണി മുഴക്കിയിരുന്നുവെന്ന കാര്യവും നമ്മൾ മറന്നു കൂട. 

ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ  മകനെതിരെ എന്തെങ്കിലും തെളിവുകൾ ഹാജരാക്കിയാൽ താൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അജയ് മിശ്ര മര്യാദരാമനെപ്പോലെ  പറഞ്ഞിരുന്നു.  ലഖിംപൂർ ഖേരിയിൽ സംഘർഷം നടക്കുമ്പോൾ തന്റെ  മകൻ സ്ഥലത്തുണ്ടായിരുന്നു എന്നതിന് ഒരു തെളിവ് ആരെങ്കിലും ഹാജരാക്കിയാൽ താൻ പദവിയിൽ തുടരില്ലെന്ന്  അജയ് മിശ്ര അന്ന്  പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

ലഖിംപുർ സംഘർഷത്തിൽ  അജയ് മിശ്രയ്ക്ക്  വീഴ്ച പറ്റിയെന്ന് ബിജെപിയിലെ വിലിയൊരു വിഭാഗം വിലയിരുത്തുമ്പോൾ, ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട അജയ് മിശ്രയെ പുറത്താക്കരുത് എന്നപക്ഷത്താണ് ബിജെപിയിലെ ബ്രാഹ്മണ ലോബി.  എന്തായാലും   തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി പൊതുവെ വിലയിരുത്തുന്നത്. 

ഇതിനിടെ  സംഘർഷത്തിൽ കൊല്ലപ്പെട്ട  എല്ലാ കർഷകരുടെയും മൃദേഹം സംസ്‌ക്കരിച്ചു. കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകിയിരിക്കുകയുമാണണല്ലോ..! എഫ് ഐ ആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.  അറസ്റ്റ് നീണ്ടാൽ എന്തായാലും കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് ഉറപ്പാണ്. കർഷക നേതാവ് രാകേഷ് ടികായത്ത് ഇതിനുള്ള കരുക്കൾ നീക്കുന്നുമുണ്ട്.  ലഖിംപൂർ സംഘർഷത്തിൽ യു പി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുമുണ്ട്. 

 കർഷക കൂട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘം അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭിഭാഷകരായ ശിവകുമാർ ത്രിപാഠിയും സി എസ് പാണ്ഡയും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എൻ വി രമണയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam

സംഭവത്തിൽ കേന്ദ്രസംസ്ഥാന സർക്കാരിനും സംസ്ഥാനപൊലീസിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. നിഷ്പക്ഷമായ അന്വേഷണത്തിന് മാമ്രേ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും അഭിഭാഷകർ  ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ ഹീനമായ അരും കൊലയ്ക്ക് ശേഷം നേപ്പാൾ അതിർത്തിയോട് ചേർന്ന ലഖിംപുർ ഖേരി ജില്ല അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് സമാനമാണ്. അർധസൈനികരടക്കം വൻപൊലീസിനെ വിന്യസിച്ചു. ഭരണകൂട ഭീകരത പുറത്തറിയാതിരിക്കാൻ  ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ പാടെ വിച്ഛേദിച്ചു.  മരിച്ചവരുടെ കുടുംബാംഗങ്ങളെയും സംഘർഷബാധിത പ്രദേശവും സന്ദർശിക്കാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് അനുമതി നിഷേധിച്ചു.

പ്രിയങ്ക ഗാന്ധി  ഉൾപ്പെടെയുള്ള നേതാക്കളെ  യുപി പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ കർഷകർ എത്തുന്നത് തടയാൻ ജില്ലാ അതിർത്തി അടച്ചിരിക്കുകയാണ്.  കടുത്ത ജനാധിപത്യ ധ്വംസനമാണ് യുപിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജനരോഷവും എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവന്നതും മൂലം ഗത്യന്തരമില്ലാതെ പ്രിയങ്കയെ വിട്ടയച്ചു. രാഹുൽ ഗാന്ധിക്ക് മരണമടഞ്ഞ കർഷകരുടെ ബന്ധുക്കളെ കാണാൻ അനുമതി കൊടുക്കേണ്ടിയും വന്നു. 

ഒരുമാസംമുമ്പ്  മുസഫർനഗറിൽ നടന്ന  കിസാൻ മസ്ദൂർ മഹാപഞ്ചായത്തിന്റെയും തുടർന്നു നടത്തിയ  ഭാരത് ബന്ദിന്റെയും വിജയം കേന്ദ്രസർക്കാരിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.  ബിജെപി സ്വാധീന മേഖലകളിൽപ്പോലും കർഷകസമരത്തിന് പിന്തുണയേറുന്നു.  ഭീഷണിപ്പെടുത്തി കർഷകരെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് ഭരണകൂട ഭീകരത അഴിച്ചുവിടുന്നത്. 

കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അക്രമം പ്രോത്സാഹിപ്പിക്കുന്നു. യുപി മുഖ്യമന്ത്രി യോഗി മാത്രമല്ല, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും കർഷകരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസംമുമ്പ് ഖട്ടർ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധിച്ച കർഷകരെ ക്രൂരമായി ലാത്തിചാർജ് ചെയ്തു. കർഷകപ്പോരാളിയായ  സുശീൽ കാജലിനെ  പൊലീസ് അടിച്ചുകൊന്നു.  '' സമരം ചെയ്യുന്ന കർഷകരെ ലാത്തികൾ കൈയിലെടുത്ത് നേരിടണമെന്ന് '' ഖട്ടർ ആക്രോശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ടല്ലോ.

ഭരണകൂടത്തോടു മാത്രമല്ല, ആഗോള കോർപ്പറേറ്റ് മൂലധന താൽപര്യങ്ങളോടും ഇപ്പോൾ കർഷകർക്ക് ഏറ്റുമുട്ടേണ്ടി വന്നിരിക്കുകയാണ്.  

 പുതിയ കാർഷിക നിയമങ്ങൾ കൂനിന്മേൽ കുരുവെന്ന വിധം എരിതീയിൽ നിന്നും വറചട്ടിയിലേക്ക് കർഷകരെ എടുത്തെറിയുന്നു. അതായത് നിലവിലുള്ള  സർക്കാർ  തറവില പോലും കൃഷിക്കാർക്ക് ലഭ്യമാകാത്ത വിധം കോർപ്പറേറ്റുകൾക്ക് കാർഷികോല്പന്നങ്ങൾ ചുളുവിലക്ക് തട്ടിയെടുക്കാൻ അവസരം ഒരുക്കിക്കൊടുക്കാൻ വെമ്പുകയാമല്ലോ..!

ഈ സന്ദർഭത്തിൽ ഇന്ത്യൻ കർഷകന് ഇനി കൃഷിയിടത്തിലേക്ക് തിരിച്ചു ചെന്നിട്ട് ഒരപ്രയോജനവുമില്ല. അവിടെ അവരെ കാത്തിരിക്കുന്നത് കാർഷിക വൃത്തി ഉപേക്ഷിക്കലോ ആത്മഹത്യയോ മാത്രമാണ്. അതുകൊണ്ടാണ് രണ്ടും കൽപ്പിച്ച് കർഷക സഹസ്രങ്ങൾ സമരമുഖത്തുതന്നെ നിലയുറപ്പിക്കുന്നത്.

ഒടുവിൽ സുപ്രീം കോടതി ലഖിം പൂർ പ്രശ്‌നത്തിൽ സ്വമേധയ കേസ് എടുത്തിരിക്കുന്നു എന്നത് അല്പം ആശ്വാസം നൽകുന്ന വാർത്തയാണ്

സ്‌പെഷ്യൽ റിപ്പോർട്ടർ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam