എന്റമ്മോ, നമ്മുടെ വെള്ളാനകളും പെറ്റുകൂട്ടാൻ തുടങ്ങിയോ ?

OCTOBER 14, 2021, 10:36 AM

കേരളാ സ്റ്റേറ്റ്  റോഡ്  ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. പേരൊക്കെ ഗംഭീരം. ജനങ്ങൾക്ക് സമയത്തിനും കാലത്തിനും ഏതെങ്കിലും ഒരു യാത്രയ്ക്ക് കൈസഹായി എന്ന മട്ടിൽ തുടങ്ങിയ ആനവണ്ടി    കോർപ്പറേഷൻ ഒരു വെള്ളാനയുടെ രൂപം സ്വീകരിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ, അതേ വെള്ളാനയ്ക്ക് സംസ്ഥാനത്തൊട്ടാകെ വെളുവെളുത്ത വെള്ളാനക്കുഞ്ഞുങ്ങൾ എത്രയാണെന്നോ ?  

കെ. എസ്. ആർ. ടി. സി. യുടെ  സ്വത്തുവകകൾ വിഴുങ്ങാൻ ഔദ്യോഗികതലത്തിൽ തന്നെ ഒരു   സ്ഥാപനമുണ്ടായി. അതിന്റെ ചുരുക്കപ്പേര് കെ. ടി. ഡി. എഫ്. സി. വിശദമായ പേര്  കേരള  ട്രാൻസ്‌പോർട്ട് ആൻഡ് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ. കോർപ്പറേഷൻ വക ഭൂസ്വത്തും കെട്ടിടങ്ങളും നാട്ടിലില്ലാത്ത പലിശ നിരക്കിന് ഈ പുതിയ അവതാരം ഈട് വാങ്ങി ആനവണ്ടികോർപ്പറേഷന് വായ്പ നൽകും.

ആന വണ്ടിയല്ലേ ? കടം വാങ്ങിയാൽ തിരിച്ചടവ് മുടങ്ങുമെന്ന കാര്യം കട്ടായം. ഒടുവിൽ സംസ്ഥാനത്തെ പല നഗരങ്ങളിലുമുള്ള കണ്ണായ സ്ഥലത്തെ കോർപ്പറേഷന്റെ ഭൂസ്വത്തെല്ലാം കെ.ടി.ഡി. എഫ് സിയുടെ കൈവശമെത്തി. അവിടെ തീർന്നില്ല കഥ. 

vachakam
vachakam
vachakam

പിന്നീട്  കെ.ടി.ഡി.എഫ് സി സ്വന്തമാക്കിയ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലെക്‌സുകൾ നിർമ്മിക്കാൻ തുടങ്ങി. അങ്ങനെയാണ് കോഴിക്കോട് മാവൂർ റോഡിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലെക്‌സ് പതിമൂന്നുനിലയിൽ നിർമ്മിച്ചത്. കണ്ടാൽ, കാസർകോട്ടുകാരുടെ ഭാഷയിൽ സംഭവം ജോർജോർ! പക്ഷെ, കെട്ടിടത്തിന്റെ കാലുകൾക്ക് ബലക്ഷയമില്ലെന്ന് മദ്രാസ് ഐ.ഐ.ടി.

റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഇനി കെട്ടിടം പൊളിഞ്ഞുവീഴാതിരിക്കാൻ 'അറ  റ കുറ  റ പ്പണി' നടത്തണമത്രെ. ഇതിനായി 20 കോടി രൂപ വേണമെന്നാണ് പുതിയ കണക്ക്.

13 എന്ന അൺലക്കി നമ്പർ! 

vachakam
vachakam
vachakam

പണിപൂർത്തിയായ ഈ കെട്ടിടം വെറുതെ കിടന്നത് ആറ് വർഷമാണ് ! ഭൂനിരപ്പിനു താഴെയുള്ള 2 നിലകൾ ഉൾപ്പെടെ 13 നിലകളുള്ള ഈ കെട്ടിടം നിർമ്മിക്കാൻ ചെലവായത് 74.79 കോടി രൂപ.   ഉദ്ഘാടന പ്രഹസനങ്ങൾക്കു പോലും പിശുക്കു കാണിച്ചില്ല 30.44 ലക്ഷം രൂപയാണ് ഉദ്ഘാടനച്ചടങ്ങുകളുടെ ചെലവ്! 2009ൽ നിർമ്മാണം തുടങ്ങി 2015ൽ പൂർത്തിയാക്കിയ ഈ കെട്ടിടനിർമ്മാണത്തിന്റെ പ്രാരംഭ എസ്റ്റിമേറ്റ് വെറും 19 കോടി രൂപയായിരുന്നു.

പിന്നീട്  അത് 54 കോടിയായി. ഒടുവിൽ പണിതീർന്നപ്പോൾ കത്തിത്തീർന്നത് 74.79 കോടി! 2021 ഓഗസ്റ്റ് 26ന് ഈ കെട്ടിടത്തിന്റെ നടത്തിപ്പു  ചുമതല ഒരു സ്വകാര്യ കമ്പനിക്ക് നൽകി. 45 കോടി രൂപ തിരിച്ചുകൊടുക്കേണ്ടതില്ലാത്ത നിക്ഷേപം, 43 ലക്ഷം രൂപ പ്രതിമാസവാടക, 30 വർഷത്തെ കാലാവധി എന്നിവയായിരുന്നു വ്യവസ്ഥകൾ.

മാവൂർ റോഡിൽ ചതുരശ്ര അടിക്ക് 175 രൂപ ഇപ്പോൾ തന്നെ വാടകനിരക്കുള്ളപ്പോൾ ഇവിടെ ചതുരശ്രയടിക്ക് 13 രൂപയെന്ന സൗജന്യനിരക്കും അധികൃതർ നിശ്ചയിച്ചു.

vachakam
vachakam

ഓടിമറഞ്ഞ ഓഡിറ്റ് റിപ്പോർട്ട് 

ഈ തരികിടകളെല്ലാം ഭരിക്കുന്നവർ അറിഞ്ഞിരുന്നില്ലേ ? ഇടതുവലതു മുന്നണികൾ ഒരേപോലെ ഈ കണക്കുകളിൽ പങ്കാളികളാണോ ? കാരണം 2014ൽ കോഴിക്കോട്ടെ കെട്ടിടനിർമ്മാണത്തിലെ ക്രമക്കേടുകളും ധൂർത്തും ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞിരുന്നു.

ഈ പരിശോധനാ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി.യുടെ ചീഫ് ഓഫീസിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഫയലിന് കൈയ്യും കാലുമില്ലാത്തതുകൊണ്ട് അത് ഓടിപ്പോയെന്നു പറയാനാവില്ല. ആരോ ഫയൽ മുക്കിയെന്നു തന്നെ പറയേണ്ടിവരും.

വിവാദങ്ങൾ പോലും വിജയപടവുകളോ ?

കെ.എസ്.ആർ.ടി.സി.യുടെ മിക്ക മരാമത്തു പണികളും അഴിമതി നിറഞ്ഞതാണെന്ന പുതിയ വെളിപ്പെടുത്തലുകളുണ്ട്. എറണാകുളം ഡിപ്പോയ്ക്കു സമീപം നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണത്തിൽ 1.39 കോടി രൂപ നഷ്ടമുണ്ടായതായി ധനകാര്യ വിഭാഗത്തിന്റെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. എറണാകുളം എം.പി. ഹൈബി ഈഡൻ എം.പി. ഫണ്ടിൽ നിന്നു നൽകിയ 3 കോടി രൂപ മുടക്കിയാണ് ഈ ബ്ലോക്ക് നിർമ്മിച്ചത്.

ഈ കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും വിജിലൻസ് അന്വേഷണം നടത്താനും നിർദ്ദേശമുണ്ടായി. കെ.എസ്.ആർ.ടി.സി.യിലെ സിവിൽ വിഭാഗത്തെക്കുറിച്ച് നിരന്തരം പരാതികളുണ്ടായിട്ടും അധികൃതർ അനങ്ങാതിരിക്കുന്നതിനും മറുപടിയില്ല. ഇപ്പോൾ വിവാദത്തിൽപെട്ട ഉദ്യോഗസ്ഥ ഒരു ഇടതു കക്ഷിയുടെ ബലത്തിൽ പുതിയ ലാവണം കരസ്ഥമാക്കിയിരിക്കുന്നുവെന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്.

ഇവരുടെ പേരിൽ തന്നെ കെ.എസ്.ആർ.ടി.സി.യുടെ നാല് കേന്ദ്രങ്ങളിലെ നിർമ്മാണങ്ങളുടെ പേരിൽ പരാതികളുണ്ടെന്നുകൂടി ഓർമ്മിക്കണം.

പച്ചവെള്ളം വിറ്റിട്ടും നഷ്ടം 

പച്ചവെള്ളം വിറ്റാൽ പോലും സർക്കാരിന് ലാഭമുണ്ടാക്കാൻ അറിയില്ലെന്ന് ജല അതോററ്റിയിൽ നിന്നുള്ള വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസം അതോറിറ്റിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ മുടങ്ങിയിരുന്നു. ഈ സർക്കാർ വകുപ്പിലും ഒരു വെള്ളാനയുണ്ട്. പേര് ജൽ ജീവൻ പദ്ധതികൾ. ഈ പദ്ധതികൾക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റുകൾ മൊത്തം തരികിടയാണത്രെ. അതോററ്റിയുടെ എം.ഡി.യെപ്പോലും  ഇരുട്ടത്തുനിർത്തി ചില ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നാണ് എസ്റ്റിമേറ്റുകൾ തയ്യാറാക്കിയതത്രെ.

കേട്ടുകേൾവിയില്ലാത്ത വിലയാണ് പൈപ്പുകൾക്കായി ക്വോട്ട് ചെയ്തിരിക്കുന്നത്.  കേരളത്തിൽ റോഡുകളേക്കാൾ നീളത്തിൽ പൈപ്പുകൾ വാങ്ങി നിരത്തിയിട്ട ഒരു മന്ത്രി ഈ വകുപ്പിലുണ്ടായിരുന്നു. പേര് എം.പി.ഗംഗാധരൻ! അദ്ദേഹത്തിന്റെ പിൻഗമുറക്കാർ വീണ്ടും പൈപ്പിൽ ഇന്ദ്രജാലം കാണിക്കുന്നുവെന്നു കരുതിയാൽ മതി.

ഇതാ വേറൊരു വെള്ളാന

അതോറിറ്റിക്ക് പിരിഞ്ഞുകിട്ടാനുള്ള തുക 191.94 കോടിയാണ്. ബാധ്യത 1781.52 കോടിയേയൂള്ളൂ. ഇതിൽ ഗാർഹിക ഉപയോക്താക്കളുടെ കുടിശ്ശിക 226.73 കോടിയേയുള്ളൂ. 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 23.89 രൂപ വേണം. ഇതേ വെള്ളം വിൽക്കുന്നത് 10.48 രൂപയ്ക്കും. പ്രതിവർഷം 34 കോടി രൂപ അതോറിറ്റിക്ക് സർക്കാർ നൽകിവന്നിരുന്നു.

ഇത് ഈ വർഷം 21 കോടി രൂപയായി സർക്കാർ കുറച്ചു. സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമാണ് അതോറിറ്റിക്ക് കുടിശ്ശിക നൽകേണ്ടവരിൽ പ്രമുഖർ. ഗാർഹികേതരക്കാർക്ക് നിരക്ക് കൂട്ടി നഷ്ടം നികത്താനും നിർമ്മാണ മേഖലയിലെ ക്രമക്കേടുകൾ ഇല്ലാതാക്കാനും അതോറിറ്റിക്ക് കഴിയണം. അതല്ലെങ്കിൽ പാവം ജനം വീണ്ടും മറ്റൊരു വെള്ളാനയുടെ തൊഴിക്കൂടി കൊള്ളേണ്ടിവരും.


കേരളത്തിന്റെ ഭൂമി ഹാരിസന്റെ പോക്കറ്റിൽ ?

പാവപ്പെട്ടവന്റെ കൈവശമുള്ള ഭൂമിയെ സംബന്ധിച്ച് ഒരിക്കലും റവന്യൂവകുപ്പിന് സംശയം   തീരില്ല. കരം അടച്ചിട്ടും കൈവശാവകാശം നൽകാതിരിക്കുക, റീസർവേ എന്ന ഭൂതത്തെ കാണിച്ച്  പാവങ്ങളുടെ വീട് വനത്തിലുള്ളതാണെന്ന് അവകാശപ്പെടുക തുടങ്ങിയ ലീലാവിനോദങ്ങൾ    റവന്യൂവനം വകുപ്പിന്റേതായി അരങ്ങേറി വരുമ്പോൾ, ഇതാ ഒരു ചൂടൻ വാർത്ത.

ഹാരിസൺ മലയാളം എന്ന പ്ലാന്റേഷൻ കമ്പനിക്ക് എതിരെയുള്ള എല്ലാ വിജിലൻസ് കേസുകളും സംസ്ഥാന സർക്കാർ പിൻവലിക്കുവാൻ പോകുകയാണത്രെ. കമ്പനിയുടെ കൈവശമുള്ള 1923 ലെ 1600 ാം നമ്പർ പ്രമാണം വ്യാജമാണെന്ന് 2013ൽ വിജിലൻസ് ഡി.വൈ.എസ്.പി. എൻ. നന്ദനൻ പിള്ള സർക്കാരിനെ അറിയിച്ചിരുന്നു. അതുമാത്രമല്ല, സർക്കാർ നിയോഗിച്ച അഞ്ച് കമ്മീഷനുകളും കമ്പനിയുടെ അവകാശവാദം നിലനിൽക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്.

എന്നിട്ടും 74000 ഏക്കർ ഭൂമി ഹാരിസൺ മലയാളം കൈവശം വച്ചനുഭവിക്കുകയും, ഇതിൽ 15000 ഏക്കർ കൈമാറ്റം നടത്തുകയും ചെയ്തു. കമ്പനിയുടെ കൈവശമുള്ള പ്രമാണത്തിൽ 63 തിരുത്തലുകൾ നടത്തിയെന്ന് ഹൈദ്രാബാദിലെ ഫോറൻസിക് ലാബിലെ ഡെപ്യൂട്ടി  ഡയറക്ടർ എസ്. അപർണ നൽകിയ ആധികാരിക റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കിയതുമില്ല.

കമ്പനിക്കെതിരെയുള്ള കേസുകൾ വിചാരണ ഘട്ടത്തിലാണെന്നു മാത്രമല്ല, പുതിയ 42 കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനിരിക്കെയാണ് സർക്കാർ വിജിലൻസ് കേസുകൾ പിൻവലിക്കാനൊരുങ്ങുന്നത്! ഈ പ്രശ്‌നം ജനസമക്ഷമെത്തിക്കാനുള്ള സമരം ഒക്‌ടോബർ 12ന് സെക്രട്ടറിയേറ്റിനു മുമ്പിൽ തുടങ്ങിക്കഴിഞ്ഞു. 

ഓർമ്മിക്കണം പഴയകാല വീരസാരഥികളെ

കേരളത്തിന്റെ ചരിത്രത്തിൽ  അനീതിക്കെതിരെ പോരാടിയ നിരവധി ക്രൈസ്തവ നേതാക്കളുണ്ട്. അവരെ ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുമുള്ള ശ്രമങ്ങൾ കേരളസഭയിൽ കണ്ടുതുടങ്ങിയിരിക്കുന്നു. 1945ൽ ദിവാൻ പേഷ്‌ക്കാർ  സർ സി.പി. കത്തോലിക്കാ വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിനെതിരെ ഇടയ ലേഖനമെഴുതിയ ചങ്ങനാശ്ശേരി മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയെ അറസ്റ്റ് ചെയ്യാൻ ഭരണകൂടം തയ്യാറെടുത്തു. ഈ നീക്കത്തിനെതിരെ പ്രക്ഷോഭം നയിച്ച വീരസാരഥിയാണ് ഷെവലിയർ ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ.

ഈ മഹിത വ്യക്തിയുടെ 66ാം ചരമവാർഷികം കോതമംഗലത്ത് ആചരിക്കപ്പെടുകയുണ്ടായി. ഇക്കഴിഞ്ഞ ഒക്‌ടോബർ 8 ന്   കുഞ്ഞിത്തൊമ്മനെ അറസ്റ്റ് ചെയ്തതിന്റെ 75ാം വാർഷികവും കത്തോലിക്കാ കോൺഗ്രസ് ഓർമ്മിക്കുകയുണ്ടായി. കത്തോലിക്കാ കോൺഗ്രസിന്റെ പ്രസിഡണ്ടായിരിക്കെയാണ് കുഞ്ഞിത്തൊമ്മൻ ഭരണകൂടത്തിന്റെ അനീതിക്കെതിരെ പടപ്പുറപ്പാടിനിറങ്ങിയത്. പലപ്പോഴും കേരള സഭയുടെ ചരിത്രം നാം പുനർവായിക്കുന്നത്  പഴയ  മുറിവുകൾ നക്കിത്തുടയ്ക്കാനാണ്. അങ്ങനെയാവരുത് . 

ഇനിയെങ്കിലും കേരളസഭയുടെ പരിപ്രേക്ഷ്യത്തിൽ പഴയ പോരാട്ടങ്ങളുടെ വീരകഥകൾ വരും തലമുറകൾക്കായി പറഞ്ഞുകൊടുക്കാൻ നാം വിമുഖത കാണിക്കരുത്. പഴയത് ഓർമ്മിക്കുന്നത്, പുതിയ പടനിലങ്ങൾ തീർക്കാനാകരുത്. പകരം, ഒരുമയുടെ വരുംകാല സ്‌നേഹ സംഗമങ്ങൾക്ക് വേദി തീർക്കാനാകണം ആ ഓർമ്മച്ചെപ്പുകൾ തുറക്കേണ്ടത്.

പ്രതീകം പോലെ അനാഥമായൊരു പ്രതിമ  

ഗൂഡല്ലൂർ 1978 ഒക്‌ടോബർ 7ന്  പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത തിരുത്തിയിൽ ലൂയിസ് എന്ന കർഷകനെയും വേണ്ടവിധം നാം ഓർമ്മിച്ചുവോ ? ഗൂഡല്ലൂരിലെ ഭൂപ്രശ്‌നത്തിന്റെ പേരിലാണ്. ലൂയിസ് ആത്മാഹൂതി നടത്തിയത്. ഈ മരണം നടന്നിട്ട് 43 വർഷമായി. ഗൂഡല്ലൂരിലെ  കർഷക പോരാളി അഡ്വ. ചെറിയാന്റെ വീടിനു മുന്നിൽ ഇപ്പോഴും ലൂയിസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാതെ അനാഥമായി നിൽപ്പുണ്ട്.

ഗൂഡല്ലൂർ താലൂക്കിലെ ശ്രീ മധുര പഞ്ചായത്തിലെ മച്ചികൊല്ലിയിലെ കാപ്പിത്തോട്ടവും മറ്റ് കൃഷികളും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചതാണ് കർഷകരെ ക്ഷുഭിതരാക്കിയത്. അന്ന് ഗൂഡല്ലൂർ ആർ.ഡി.ഒ. ഓഫീസിലേക്ക് കർഷകർ മാർച്ച് നടത്തി. സത്യഗ്രഹമിരുന്നു. ഈ സമരവേദിയിൽ വച്ചായിരുന്നു ലൂയിസിന്റെ ആത്മാഹൂതി. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ. ലൂയിസിന്റെ ഭാര്യ പെണ്ണമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.

പക്ഷെ, ഇന്നും ഈ ഭൂപ്രശ്‌നം പൂർണ്ണമായും പരിഹൃതമായിട്ടില്ല. കർഷകൻ കോർപ്പറേറ്റ് കമ്പനിക്കാരനൊന്നുമല്ലല്ലോ. ആയിരുന്നെങ്കിൽ ഇതല്ല, ഇതിലും വലിയ പ്രശ്‌നം പോലും ഭരണകർത്താക്കൾ പുല്ലുപോലെ പരിഹരിച്ചേനെ!

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam