കിനാവുകൾ നെയ്ത് കോൺഗ്രസ് ; കനയ്യകുമാർ കച്ചിത്തുരുമ്പാകുമോ?

OCTOBER 7, 2021, 11:03 AM

സി.പി.ഐയുടെ തീപ്പൊരി പ്രാസംഗികനും ഫാസിസത്തിനെതിരെ ഗർജിക്കുന്ന യുവനേതാവെന്ന വിശേഷണവുമുള്ള കനയ്യകുമാർ കോൺഗ്രസ്സിൽ ചേർന്നതിന്റെ അരികു പിടിച്ച് ഉയരുന്ന ചോദ്യങ്ങൾ ബി ജെ പിയെ വ്യാകുലപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങളില്ലെങ്കിലും ഇടതു പക്ഷത്ത് സ്വാഭാവികമായുണ്ടായിട്ടുള്ള പതർച്ച പ്രകടം. കനയ്യകുമാറിനെച്ചൊല്ലി ഡി. രാജയും കാനം രാജേന്ദ്രനും നടത്തുന്ന വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളേക്കാൾ നിർണ്ണായകമാകുന്നത് കോൺഗ്രസിന് ഇതിലൂടെ എന്തു നേട്ടമുണ്ടാകുമെന്ന വിശകലനം തന്നെ.

ഗുജറാത്തിലെ ജനസ്വാധീനമുള്ള ഫാസിസ്റ്റ്വിരുദ്ധ, ദളിത് പോരാളി ജിഗ്‌നേഷ് മേവാനിയുമുണ്ട് കനയ്യയോടൊപ്പം. ഒഴുക്കിൽ പെട്ട് മുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ വലിയൊരു കച്ചിത്തുരുമ്പായിട്ടു വേണം ഇവരുടെ കോൺഗ്രസ്സ് പ്രവേശത്തെ വിലയിരുത്താൻ. കനയ്യക്കാവുമോ കോൺഗ്രസ്സിനെ രക്ഷിക്കാൻ എന്ന ചോദ്യത്തിലേറെ പ്രസക്തമാകുന്നത് അന്തഃഛിദ്രങ്ങളാൽ തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സിനാകുമോ കനയ്യയെപ്പോലുള്ള ഒരു നേതാവിനെ ഉൾക്കൊള്ളാൻ എന്ന ചോദ്യമാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ശരിയായ വഴി ഇതുതന്നെയാണോ എന്നതാണ് അനുബന്ധ ചോദ്യം.

സ്വന്തം നേതൃനിരയെ ശരിയായി ഉപയോഗിക്കാത്ത കോൺഗ്രസ്സിന് എങ്ങനെയാണ് കനയ്യയെപ്പോലെ ഒരാളെ പ്രവർത്തന ഗോദയിലെ ആവേശമാക്കാൻ സാധിക്കുകയെന്ന് ആമുഖ ചോദ്യവും പ്രധാനം. രാഹുൽ ഗാന്ധിയെ കേരളത്തിൽ മത്സരിപ്പിച്ച് ബി ജെ പിയേക്കാളും വലിയ ശത്രു ഇടതുപക്ഷമാണെന്ന് വരുത്തിത്തീർക്കാൻ ചരടുവലിച്ചവരിൽ പ്രധാനികളായ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെല്ലാം ഇപ്പോൾ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബിഹാറിലും അതിന്റെ ഒരു തനിയാവർത്തനമല്ലേ സി പി ഐയിൽ നിന്ന് കനയ്യയെ അടർത്തിയെടുക്കുന്നതിലൂടെ സംഭവിക്കാൻ പോകുന്നതെന്ന് ഇടതുപക്ഷം ചോദിക്കുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ പൊതുവേ കോൺഗ്രസ്സിനോട് എന്നും മൃദുസമീപനം വെച്ചു പുലർത്തിയിട്ടുള്ള സി പി എയെ കടുത്ത കോൺഗ്രസ്സ് വിരോധത്തിലേക്ക് തള്ളിയിടുന്നതിനപ്പുറം ബി ജെ പിക്ക് എന്ത് ക്ഷീണമാണ് ഇതിലൂടെ വരുത്താനാവുകയെന്നു വിശദീകരിക്കാൻ കോൺഗ്രസ് മുതിരുന്നതേയില്ല.

vachakam
vachakam
vachakam

കനയ്യ കുമാർ ഇടതുപക്ഷനയത്തിലൂന്നി ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തിനും കോൺഗ്രസ്സുൾപ്പെടെയുള്ള വലതുപക്ഷ കക്ഷികൾ അവിടങ്ങളിൽ സ്വീകരിച്ചിരുന്ന മൃദു ഹിന്ദുത്വത്തിനും കോർപറേറ്റ്വത്കരണത്തിനും എതിരേ ശബ്ദിച്ചതുകൊണ്ടു കൂടിയായിരുന്നു ഇന്ത്യൻ യുവതയുടെ ആവേശമായി ചിത്രീകരിക്കപ്പെട്ടിരുന്നത്. അത് ഇപ്പോഴത്തെ അവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് പോലും നയിക്കാനില്ലാത്ത കോൺഗ്രസ്സിലിരുന്നുകൊണ്ട് കനയ്യക്ക് സാധ്യമാകുമെന്ന് ആരും കരുതുന്നില്ല. ഒരു പക്ഷേ സി പി ഐ എന്ന കക്ഷിയെ ബിഹാറിൽ ക്ഷീണിപ്പിക്കാൻ കഴിഞ്ഞേക്കുമെന്ന് മാത്രം.

ഫാസിസത്തെയും സവർണ ഹിന്ദുത്വത്തെയും ദുർബലമാക്കി ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും തിരിച്ചു കൊണ്ടുവരലാണ് ലക്ഷ്യമെങ്കിൽ അവരുടെ ശക്തികേന്ദ്രങ്ങളിൽ കടന്നുകയറി പ്രതിരോധം തീർക്കാനുള്ള രാഷ്ട്രീയ പോരാട്ടങ്ങളാണ് നടക്കേണ്ടത്. അതിന് ആദ്യം വേണ്ടത് നേതൃത്വത്തിന്റെ കഴിവില്ലായ്മയിലും കെടുകാര്യസ്ഥതയിലും മനം മടുത്ത് കോൺഗ്രസ്സ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ വലിയൊരു നിര നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ്്. ഇപ്പോഴുള്ള നേതൃത്വത്തിന്റെ കഴിവുകേടുകൾ തിരുത്തി പാർട്ടിയെ ജനാധിപത്യ രീതിയിൽ സജ്ജമാക്കാൻ നിരന്തരം ശബ്ദിക്കുന്ന ജി 23 നേതാക്കൾക്ക് ചെവികൊടുക്കാനുള്ള സൻമനസ്സെങ്കിലും സോണിയ കുടുംബം കാണിക്കുന്നതായി തോന്നുന്നുമില്ല.

ഇതിലൊന്നും  ശ്രദ്ധ പതിപ്പിക്കാതെ കനയ്യ കുമാറെന്ന മുൻ കമ്മ്യൂണിസ്റ്റിനെ മുൻ നിർത്തി പ്രയോഗികമായി ഒരു നേട്ടവും ഉണ്ടാക്കാൻ കോൺഗ്രസ്സിനാകുമെന്ന് വിവേക ബുദ്ധിയുള്ളവർ പറയുന്നില്ല. ഇന്ദിരയുടെ സുവർണകാലത്ത് മോഹൻ കുമരമംഗലവും നന്ദിനി സത്പതിയുമൊക്കെ സി പി ഐയിൽ നിന്ന് കോൺഗ്രസ്സിലേക്ക് കൂറുമാറിയപ്പോൾ സംഭവിച്ചതു തന്നെയാവും കനയ്യയുടെ മാറ്റത്തിലൂടെയും സംഭവിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.അന്ന് മാറിയ കമ്മ്യൂണിസ്റ്റുകൾ തനി വലതുപക്ഷമായി മാറിയതൊഴിച്ചാൽ അവർ പാർട്ടിയിൽ എത്തിയതുകൊണ്ട് കോൺഗ്രസ്സിന്  ഇടതുപക്ഷ മുഖമോ കോർപറേറ്റ്വിരുദ്ധതയോ ഒന്നും കൈവന്നില്ല.

vachakam
vachakam
vachakam

അന്ന് ശക്തമായ നേതൃനിരയും സംഘടനാ ചട്ടക്കൂടുമുണ്ടായിരുന്നു കോൺഗ്രസ്സിന്. ഇന്ന് സംഘടനാപരമായി ചരിത്രത്തിൽ ഏറ്റവും ദുർബലാവസ്ഥയിലും. അപക്വമായ നേതൃനിര മാത്രമുള്ള പാർട്ടിയിൽ ചേരാൻ കനയ്യയും ജിഗ്‌നേഷും എടുത്ത തീരുമാനം വഴി അവർക്കും കോൺഗ്രസ്സിനും വലിയ നേട്ടങ്ങൾക്കുള്ള സാധ്യത വിരളം.

ഇന്ത്യൻ രാഷ്ടീയം ഫാസിസത്തിന്റെ പിടിയിലേക്കു വഴുതിവീഴുന്നതായുള്ള ആരോപണം ശക്തമാകുന്നുണ്ട്. അതേസമയം, ആ അപകടം ഉൾക്കൊണ്ടുള്ള ചെറുത്തു നിൽപ്പുകൾ അത്ര തീവ്രമാകുന്നുമില്ല. ഫാസിസ്റ്റ് കക്ഷിയെന്ന് ആക്ഷേപിക്കപ്പെടുന്നവർ വിജയക്കൊടി നാട്ടുന്ന ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അവർ വേരോട്ടവും തേരോട്ടവും നടത്തുന്ന സ്ഥലങ്ങളെല്ലാം കോൺഗ്രസ്സ് എന്ന ദേശീയകക്ഷി നാൾക്കുനാൾ തകർന്നു തരിപ്പണമാകുകയുമാണ്.

ഒരർഥത്തിൽ നിലവിൽ ബി ജെ പി നേതാക്കളുടെ വലിയൊരു നിര മോദി അധികാരത്തിൽ എത്തിയതിന് ശേഷം കോൺഗ്രസ്സ് വിട്ട് അവിടെയെത്തിയവരാണ്. കേരളം, തമിഴ്‌നാട് പോലുള്ള ചുരുക്കം ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മാറ്റിനിർത്തിയാൽ മിക്കയിടങ്ങളിലും കോൺഗ്രസ്സിൽ നിന്ന് ബി ജെ പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു, ഏറ്റവും ഒടുവിൽ പഞ്ചാബിൽ കോൺഗ്രസ്സിന്റെ ക്യാ്ര്രപൻ സ്ഥാനത്തുണ്ടായിരുന്ന അമരീന്ദർ സിംഗ് തന്നെ കോൺഗ്രസ്സ് വിടുന്ന സ്ഥിതിയിലാണ്. ബി ജെ പിയിലേക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അമിത് ഷായെ കണ്ട് ചർച്ച നടത്തിയ സ്ഥിതിക്ക് കളംമാറ്റം എപ്പോഴാണെന്നേ അറിയാനുള്ളൂ.

vachakam
vachakam

കപിൽ സിബൽ, ശശിതരൂർ പോലെ കോൺഗ്രസ്സിലെ ഏറ്റവും കരുത്തുറ്റ  നിരയെ ജി 23 ഗണത്തിൽപ്പെടുത്തി പാർട്ടിയിൽ തരംതാഴ്ത്തിക്കെട്ടാൻ അമിതാവേശം കാണിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രിതമായി നടന്നു കൊണ്ടിരിക്കുന്നു. ആത്യന്തികമായി അതിന്റെ ഫലം കൊയ്യുക ബി ജെ പി തന്നെ. ഇങ്ങനെ അഭ്യന്തര കലഹത്താൽ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ടീയ തറവാട്ടിലേക്കാണ് കനയ്യയും ജിഗ്‌നേഷുമൊക്കെ കടന്നുവരുന്നത്. സത്യത്തിൽ ഇത് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ച് ഇടതുപക്ഷത്തെ പരമാവധി ക്ഷീണിപ്പിച്ച് മറ്റിടത്തൊക്കെ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളരാനുള്ള അവസരമൊരുക്കിയതുപോലുള്ള ഭീമാബദ്ധമായി കലാശിക്കുമെന്ന നിരീക്ഷവുമുണ്ട്.

ഇടതുപക്ഷം, ദ്രാവിഡ കക്ഷികൾ പോലുള്ള മതേതര കാഴ്ചപ്പാടും വർഗീയ വിരുദ്ധതയുമുള്ള പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് ഫാസിസത്തിനെതിരേയുണ്ടാവേണ്ട ഐക്യമുന്നണി കെട്ടിപ്പടുക്കാൻ കോൺഗ്രസ്സ് മുന്നിൽ നിന്ന് പ്രവർത്തിക്കുകയെന്നതും നിർണ്ണായകം.

അതിനാകുന്നില്ലെങ്കിൽ കനയ്യയെക്കൊണ്ടും വലിയ പ്രയോജനമൊന്നുമുണ്ടാകില്ല. മൃദുഹിന്ദുത്വ നിലപാടുകളെ പൂർണമായി തള്ളിക്കളഞ്ഞ് കോൺഗ്രസ്സിന് തത്കാലം മുന്നോട്ട് പോകാനാകില്ല. ഉദാരവത്കരണ, ആഗോളവത്കരണ നയങ്ങളിൽ എന്തെങ്കിലും മാറ്റം ഇതുവരെ കോൺഗ്രസ്സ് പ്രഖ്യാപിച്ചിട്ടുമില്ല.

വസ്തുത ഇതായിരിക്കേ ദളിത്, ജാതീയതാവിരുദ്ധ നേതാവായ മേവാനിയും കമ്മ്യൂണിസ്റ്റ് നേതാവായ കനയ്യയും എങ്ങനെയാണ് അവരുടെ രാഷ്ട്രീയം അവിടെ രൂപപ്പെടുത്തുകയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ വൈരുധ്യത്തെ അവർ എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ കോൺഗ്രസ്സ് പ്രവേശത്തിന്റെ ലാഭനഷ്ടങ്ങൾ. ന്ത്യയിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന സവർണ വർഗീയ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കണമെന്ന ആത്മാർഥതയുണ്ടെങ്കിൽ പാർട്ടിയിൽ ഇപ്പോൾ വ്യാപകമായി നടക്കുന്ന കൊഴിഞ്ഞ് പോക്കിന് തടയിടാൻ കോൺഗ്രസിനാകണ്ടേ?

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam