ഒരു സംസ്‌കാരച്ചടങ്ങിന് ഇത്രയും ലക്ഷങ്ങള്‍ മുടക്കണോ ? ചോദ്യം ജപ്പാന്‍കാരുടേതാണ്...

SEPTEMBER 27, 2022, 7:50 PM

ജപ്പാന്‍ അവരുടെ പ്രിയപ്പെട്ട നേതാവ് ഷിന്‍സോ ആബേക്ക്  അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്. ഔദ്യോഗിക സംസ്‌കാരച്ചടങ്ങുകളില്‍  പ്രധാനമന്ത്രി നരേന്ദ്രമോഡി, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലോങ്, ദക്ഷിണ  കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡുക് സൂ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി തെരേസ മേ, ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് ആബേക്ക് അന്ത്യനമസ്‌കാരം അര്‍പ്പിക്കാന്‍ എത്തിയത്. 

ജപ്പാന്റെ ഭരണ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ആബേയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍  സര്‍ക്കാര്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ നീണ്ടുനിന്ന ഭരണകാലം സമാനതകള്‍ ഇല്ലാത്തതാണ് എന്നതു കൊണ്ട് തന്നെയാണ്. പൊതുവെ രാജകുടുംബത്തിലെ മരണങ്ങളും സംസ്‌കാരച്ചടങ്ങുകളുമാണ് ഔദ്യോഗിക ബഹുമതികളോടെ നടത്താറുള്ളത്. ഇതിന് മുമ്പ് രാജകുടുംബത്തിന് പുറത്തുള്ള, രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരാളുടെ സംസ്‌കാരം ഔദ്യോഗികമായി നടത്തിയിട്ടുള്ളത് 1967-ല്‍ ആയിരുന്നു. 

പൊതുശീലം മാറ്റി വെച്ച്, 1.65 ശതകോടി യെന്‍ ചെലവഴിച്ച് ആബെയുടെ സംസ്‌കാരം  ഒരു വലിയ ചടങ്ങാക്കുന്നതില്‍ ജപ്പാന്‍കാരില്‍ ഭൂരിപക്ഷവും കടുത്ത പ്രതിഷേധത്തിലാണ്. ഇക്കഴിഞ്ഞ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിച്ചവരെ സഹായിക്കുക തുടങ്ങി നാട്ടില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഒട്ടനവധി ഉണ്ടെന്നിരിക്കെ എന്തിനാണ് ഇത്രയും കാശു മുടക്കി ഒരു സംസ്‌കാര മഹാമഹം നടത്തുന്നത് എന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.  

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് റാലിക്കിടെ അക്രമിയുടെ വെടിയേറ്റ് ജൂലൈയിലായിരുന്നു ആബേയുടെ മരണം. പൊതുവെ ആയുധ ഉപയോഗത്തിലും ഉടമസ്ഥതയിലും എല്ലാം നിയന്ത്രണങ്ങള്‍ ഉള്ള ജപ്പാനില്‍ നിന്ന് വന്ന ആ വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ഒട്ടനവധി ലോകനേതാക്കളുടെ സ്നേഹിതനായിരുന്നു ആബേ. അന്താരാഷ്ട്ര വേദിയില്‍ ജപ്പാന്റെ മുഖം. രാജ്യത്തിന് സ്ഥിരതയും സുരക്ഷയും ഉറപ്പാക്കിയ നേതാവ്. ചൈന കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും മേഖലയില്‍ ആധിപത്യം നേടുമെന്നും മുന്‍കൂട്ടി കണ്ട് കരുക്കള്‍ നീക്കിയ നേതാവാണ് അദ്ദേഹം. 

ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്ക പിന്‍മാറിയപ്പോള്‍ ഏഷ്യാ പസഫിക് മേഖലയില്‍ ഐക്യവും സ്വതന്ത്ര വ്യാപാരവും  ഉറപ്പാക്കാന്‍ ബാരക് ഒബാമ  രൂപം കൊടുത്ത ട്രാന്‍സ് പസഫിക് പാര്‍ട്നര്‍ഷിപ്പ് എന്ന കൂട്ടായ്മ പൊളിയുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ഏതാണ്ട് ഉറപ്പിച്ചതാണ്. ആബേ മുന്നോട്ടു വന്നു നേതൃത്വം ഏറ്റെടുക്കുകയും സഖ്യവും പദ്ധതികളും കൂടുതല്‍ വിശാലമാക്കുകയും ചെയ്തു. 

തീര്‍ന്നില്ല ഇനിയുമുണ്ട് ആബേയുടെ പ്രവര്‍ത്തനമികവ് തെളിയിക്കുന്ന ഉദാഹരണങ്ങള്‍. അമേരിക്കയേയും ഇന്ത്യയേയും ഓസ്ട്രേലിയയേയും ഒപ്പം ചേര്‍ത്തുള്ള ക്വാഡ് എന്ന കൂട്ടായ്മയുടെ രൂപീകരണത്തിലും ആബേക്ക് നിര്‍ണായക പങ്കുണ്ട്. അന്താരാഷ്ട്ര  സഹകരണ രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ നേതാവ് ആയിരുന്നു ആബേ. ടോക്കിയോവില്‍ എത്തുന്ന ലോകനേതാക്കളുടെ നിര ആ സ്വാധീനത്തിന്റെ തെളിവാണ്. 

vachakam
vachakam
vachakam

അതേസമയം സ്വന്തം നാട്ടില്‍ അത്രയും ജനപ്രിയത ആബേക്ക് ഉണ്ടായിരുന്നില്ല. ഏറെക്കാലം നാടു ഭരിച്ചിട്ടും അഭിപ്രായ വോട്ടെടുപ്പുകളില്‍ ഒന്നും ആബേ മിന്നിത്തിളങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രീതി ഇടിഞ്ഞതിന്റെ ഒരു പ്രധാന കാരണം 2014-ല്‍ ജപ്പാന്റെ യുദ്ധനിലപാടുകളില്‍ പുനര്‍വായനയുമായുള്ള നിയമഭേദഗതിയാണ്. സംയുക്ത സ്വയം പ്രതിരോധം എന്നതായിരുന്നു ആശയം. അതിര്‍ത്തികളുടെ വേര്‍തിരിവുകള്‍ക്ക് അപ്പുറം അമേരിക്കയുമായി സൈനിക നടപടികളില്‍ പങ്കെടുക്കാന്‍ കഴിയും എന്നതായിരുന്നു അതിന്റെ അര്‍ത്ഥം. 

രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹിരോഷിമ ദുരന്തത്തിന്റെയും മുറിവുകള്‍ ഇപ്പോഴും രക്തം പൊടിയുന്ന ചരിത്രശേഷിപ്പുകളായി കൊണ്ടു നടക്കുന്ന ജപ്പാന്‍ ജനതക്ക് പൊതുവെ അത് സ്വീകാര്യമായില്ല. വിവാദമായ ആ ബില്ലിലുള്ള പ്രതിഷേധം വര്‍ഷങ്ങള്‍ക്കിപ്പുറം 2022ലും ടോക്കിയോവില്‍ ഉയര്‍ന്നു കേട്ടു. ആബേയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഔദ്യോഗികമായി നടത്തുന്നതിന് എതിരെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍. 

യുദ്ധാഹ്വാനം നല്‍കില്ലെന്ന് ഉറപ്പു പറയുന്ന യുദ്ധാനന്തര ഭരണഘടനാ വ്യവസ്ഥ മാറ്റണം എന്നുണ്ടായിരുന്നുവെങ്കില്‍ ഹിതപരിശോധന നടത്തി നാട്ടാരുടെ അഭിപ്രായം അറിയണമായിരുന്നു ആബേ എന്നാണ് വിമര്‍ശനം. അതിന് നില്‍ക്കാതെ നിയമഭേദഗതി കൊണ്ടുവന്ന്, നിയമഭേദഗതി പുനര്‍നിര്‍വചിച്ച് യുദ്ധത്തിനിറങ്ങാമെന്ന അവസ്ഥ ജപ്പാന് ഉണ്ടാക്കി എന്നത് ധാരാളം ജപ്പാന്‍കാര്‍ ആബേയുടെ വലിയ അപരാധമായി കാണുന്നു. പ്രതിഷേധക്കാരില്‍ വലിയൊരു വിഭാഗം ഇവരാണ്. 

vachakam
vachakam

ചൈനയുടെ സ്വാധീനം നേരിടാന്‍ ആബെ എടുത്ത മുന്‍കരുതല്‍ എന്ന് നിരീക്ഷകരില്‍ ഒരു വിഭാഗം വിലയിരുത്തുന്നു, വിമര്‍ശകര്‍ പറയുന്നു, ആബെ ജനാഭിപ്രായം മാനിച്ചില്ലെന്ന്. തീരുമാനങ്ങളുടെ വിലയിരുത്തലിലെ ഈ വൈരുദ്ധ്യമാണ് ടോക്കിയോവില്‍ ഇപ്പോള്‍ കാണുന്ന കല്ലുകടി എന്നതാണ് സത്യം. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam