വൃത്തിയാകട്ടെ 'ഈജിയൻ' തൊഴുത്ത്; മന്ത്രി റിയാസ് ഭയക്കേണ്ടതില്ല കടലാസ് റോക്കറ്റുകളെ

OCTOBER 21, 2021, 10:39 AM

'പഞ്ചവടിപ്പാല'ങ്ങളുടെ അഴിമതിക്കാലത്തുനിന്ന് കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുറത്തുകടക്കണമെന്നാഗ്രഹിക്കുന്ന മുഴുവൻ പേർക്കും ആവേശം പകരുന്ന പ്രസ്താവനയാണ് മരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസിൽ നിന്നുണ്ടായിരിക്കുന്നത്. എം എൽ എമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാൻ വരുന്നതിനെയും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയും സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടാക്കിയ ഭൂകമ്പം നിസ്സാരമല്ലെന്നതു തന്നെ മന്ത്രിയുടെ വാക്കുകളുടെ ഗൗരവം തുറന്നുകാട്ടുന്നു.

മന്ത്രിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ജനപ്രതിനിധികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇതിടയാക്കുമെന്നും ചൂണ്ടിക്കാട്ടി ധാർമ്മിക രോഷം കൊള്ളുന്ന എം.എൽ.എമാർ പ്രതിപക്ഷത്തു മാത്രമല്ല. സി പി എം നിയമസഭാകക്ഷി യോഗത്തിൽ ചില ജനപ്രതിനിധികൾ മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചുവെന്നാണ് റിപ്പോർട്ട്. മന്ത്രിയുടെ പ്രസ്താവന എം.എൽ.എ എന്ന നിലയിൽ തനിക്ക് അപമാനകരമായെന്നായിരുന്നു മുൻ മന്ത്രി കെ.ബാബുവിന്റെ പ്രതികരണം.

'മന്ത്രി പറഞ്ഞതിന്റെ ധ്വനി എം.എൽ.എമാരും കരാറുകാരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നാണ്. ഇതുവഴി എം എൽ എമാരെ മൊത്തം അപകീർത്തിപ്പെടുത്തുകയാണ് മന്ത്രി'ബാബുവിന്റെ ആരോപണം ഇങ്ങനെ. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 155 പ്രകാരം മന്ത്രിക്കെതിരെ സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.അതേസമയം, മരാമത്തുവകുപ്പിൽ കാര്യങ്ങൾ നല്ലനിലയിൽ നടക്കണമെന്നാഗ്രഹിക്കുന്ന ജനങ്ങളത്രയും മന്ത്രിയുടെ പ്രസ്താവന ഉപരിപ്‌ളവമാകാതെ ഫലപ്രദമാകണമെന്നാഗ്രഹിക്കുന്നുവെന്നതാണ് വസ്തുത.

vachakam
vachakam
vachakam

മരാമത്തുവകുപ്പിൽ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വഴിവിട്ട കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം മന്ത്രിയുടെ വാക്കുകളുടെ പൊരുൾ എളുപ്പം മനസിലാകും. മരാമത്തു വകുപ്പ് അഴിമതി മുക്തമാകണമെന്നു ശാഠ്യം പുലർത്തുന്നത് മഹാപാതകമെന്നു പറയാനാകുന്നതെങ്ങനെ?മരാമത്തുവകുപ്പിൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴുമുണ്ടെന്ന മന്ത്രി റിയാസിന്റെ പ്രസ്താവന ലജ്ജാകരമായ ഒരു യാഥാർത്ഥ്യത്തിനു നേരെയുള്ള കണ്ണാടി മാത്രമാണ്.മന്ത്രിയുടെ നിർദ്ദേശമല്ല, അവിഹിത ശുപാർശകളുമായി കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ പോകുന്നതാണ് യഥാർത്ഥത്തിൽ എം.എൽ.എമാർക്ക് നാണക്കേടുണ്ടാക്കുക. 

എം എൽ എമാർ കരാറുകാരെ കൂട്ടിയോ കരാറുകാർ എം എൽ എമാരുടെ ശിപാർശയിലോ മന്ത്രിയുടെ അടുത്തു വരുന്ന ഒരു സ്ഥിതി ഉണ്ടാകരുത്. അത് ഭാവിയിൽ പല രീതിയിലും ദോഷകരമായി ഭവിക്കുമെന്ന് ചോദ്യോത്തര വേളയിലാണ് മന്ത്രി പറഞ്ഞത്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പ് ഉയർന്നതിനെ തുടർന്ന് പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ മന്ത്രി ഖേദപ്രകടനം നടത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.കരാറുകാർക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർക്ക് നേരിട്ടു വന്നുകാണാം. അതല്ലെങ്കിൽ അവരുടെ സംഘടന വഴി പരിഹാരം തേടാനുള്ള അവസരവുമുണ്ട് ്ര്രമന്തി വിശദീകരിച്ചതിങ്ങനെ.

മരാമത്തുപണികൾക്കായി സർക്കാർ മുടക്കുന്ന പണത്തിന്റെ ഒരുഭാഗം കരാറുകാർ വഴി ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ കീശയിലേക്കാണു പോകുന്നതെന്ന കാര്യം ആർക്കും നിഷേധിക്കാനാകില്ല.  ഊതിവീർപ്പിച്ച എസ്റ്റിമേറ്റുകൾ,ബില്ലിലെ തിരിമറികൾ, മന:പൂർവം പണികൾ നീട്ടിക്കൊണ്ടുപോകൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ കരാറുകാർക്ക് ഒത്താശ നൽകാറുണ്ട്. ഇതൊക്കെ ആരു വിചാരിച്ചാലും ഒറ്റയടിക്ക് ഇല്ലാതാകാൻ പോകുന്നില്ലെന്നതിന് അഴിമതി വിദഗ്ധരുടെ പേടിസ്വപ്‌നമായ മുൻ മന്ത്രി ജി. സുധാകരൻ തന്നെ തെളിവ്.

vachakam
vachakam
vachakam

ഒന്നാം പിണറായി സർക്കാരിൽ മരാമത്തുവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ജി. സുധാകരൻ വകുപ്പു ശുദ്ധീകരിക്കാനും ചിട്ടയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സ്തുത്യർഹമായ ഒട്ടേറെ നടപടികളാണ് സ്വീകരിച്ചത്. അഭിനന്ദനാർഹമായ ഫലങ്ങളുമുണ്ടായി. ഇച്ഛാശക്തിയും താത്പര്യവുമുണ്ടെങ്കിൽ എതിർപ്പുകളെ നേരിട്ടുകൊണ്ട് മരാമത്തുവകുപ്പിനെ മാതൃകാ വകുപ്പാക്കാനാകുമെന്ന് അതോടെ വ്യക്തമായിരുന്നു. ഒരു വട്ടം കൂടി സുധാകരനോ അദ്ദേഹത്തെപ്പോലൊരാളോ മരാമത്തുവകുപ്പിനെ നയിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും ചെയ്തു.

മരാമത്തു വകുപ്പെന്ന 'ഈജിയൻ' തൊഴുത്ത് ഇത്തിരിയെങ്കിലും വൃത്തിയാക്കാനുള്ള  ആത്മാർത്ഥ ശ്രമങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് മുന്നോട്ടുവരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയുമല്ലേ വേണ്ടതെന്ന ചോദ്യമാണ് സാധാരണ ജനങ്ങളിൽ നിന്നുയരുന്നത്. കരുത്തും കർമ്മശേഷിയുമുള്ളയാളാണ് മന്ത്രി റിയാസ് എന്ന് അദ്ദേഹത്തിന്റെ നീക്കങ്ങൾ സൂചിപ്പിക്കുന്നു. സർക്കാരിന്റെ പ്രഖ്യാപിതനയവും ഇതിന് അനുസൃതമായതിനാൽ മന്ത്രി അഹിതമെന്തെങ്കിലും പറഞ്ഞതായും വ്യാഖ്യാനിക്കാനാകില്ല. അതിന്റെ പേരിലുള്ള ഹാലിളക്കത്തിന് ന്യായീകരണവുമില്ല. മന്ത്രിയുടെ വാക്കുകൾ വഴി  എം.എൽ.എമാർ അപമാനിതരാകുന്നുമില്ല.

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം സി എ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായുള്ള കരാറുകാരുടെ ഒത്തുകളിയിലൂടെ സർക്കാരിന് കോടികളുടെ അധികപണം നൽകേണ്ടി വരുന്നു. റോഡ് നിർമാണത്തിനുള്ള ടാർ വാങ്ങിയതിന് ഒരേ ബില്ല് ഹാജരാക്കി അഞ്ച് തവണ വരെ കരാറുകാർ പണം വാങ്ങിയിട്ടുണ്ട് സി എ ജി ചൂണ്ടിക്കാട്ടി. ഒരു ജില്ലയുടെ ഇൻവോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു.

vachakam
vachakam

മൂന്ന് റോഡുകളുടെ നിർമാണത്തിൽ ഒരേ ഇൻവോയിസ് പല തവണ ഉപയോഗിച്ച് 12.22 ലക്ഷം തട്ടിയെടുത്തതായും സി എ ജി കണ്ടെത്തിയിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെയും കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലിന്റെയും മറ്റും ബലക്ഷയത്തിനിടയാക്കിയത്. ഇതിനൊക്കെ ഒരു നിയന്ത്രണം ആവശ്യമല്ലേ?

ഭരണം അഴിമതിരഹിതവും ആക്ഷേപങ്ങിളിൽ നിന്ന് മുക്തവുമാകണമെങ്കിൽ അതിനു നേതൃത്വം നൽകുന്നവർ ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരും. കരാറുകാരുടെ സ്വാധീനങ്ങൾക്കും സമ്മർദങ്ങൾക്കും വിധേയമാകാതിരിക്കുകയെന്നത് അതിൽ മുഖ്യമാണ്. പലപ്പോഴും കരാറുകാർ ജനപ്രതിനിധികളെ സ്വാധീനിച്ച് അവർ മുഖേന മന്ത്രിമാരിൽ സമ്മർദം ചെലുത്തി റിവൈസ്ഡ് എസ്റ്റിമേറ്റ് തരപ്പെടുത്തിയും മറ്റും വിവിധ പദ്ധതികൾക്ക് അർഹതപ്പെട്ടതിലേറെ പണം കൈപ്പറ്റാറുണ്ട്. ഒരു കരാർ ജോലിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറുകാരനെ ഏൽപ്പിച്ചു കഴിഞ്ഞ ശേഷം ആകസ്മികമായുണ്ടാകുന്ന അധിക പ്രവൃത്തികളുടെ പേരിലോ മറ്റോ തുക പുതുക്കുന്നതാണ് റിവൈസ്ഡ് എസ്റ്റിമേറ്റ.് 

പറയത്തക്ക അധിക ജോലിയില്ലാതെ ദുഃസ്വാധീനത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കുന്നവരുണ്ട് കരാറുകാരിൽ. പരമാവധി 20 ശതമാനം വരെ മാത്രമേ പൊതുവെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ സംഖ്യ വർധിപ്പിച്ചു കൊടുക്കാറുള്ളൂ. സ്വാധീനത്തിന്റെ ബലത്തിൽ 100 ശതമാനത്തിലധികം റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കുന്നവരുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നൂറിലേറെ വൻകിട ജോലികൾക്കാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയത്. 201116 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ റിവൈസ്ഡ് എസ്റ്റിമേറ്റ് പാസ്സാക്കിയത്. ഇക്കാലയളവിൽ വൻകിട കരാറുകളുടെ മറവിൽ 1,500 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായി ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി  ഒരു ചാനലിനോട് പറയുകയുണ്ടായി.

സാധാരണ ഗതിയിൽ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കുന്നത്. മിക്കപ്പോഴും ടെൻഡറിൽ പറഞ്ഞതിനേക്കാൾ കൂടുതലായി ചെറിയ ചില വർക്കുകളാണ് ജോലിക്കിടയിൽ പിന്നീട് ഉണ്ടാകാറുള്ളത്. എന്നാൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ അധിക വർക്കുകളുണ്ടെന്നു വരുത്തി വലിയ തുകക്കുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കും ചിലർ.

എന്നാൽ വലിയ കരാർ ജോലികളിൽ കരാർ തുക പുതുക്കണമെങ്കിൽ ഉദ്യോഗസ്ഥരെ മാത്രം സ്വാധീനിച്ചാൽ പോരാ, പൊതുമരാമത്ത് മന്ത്രിയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി കൂടി വേണ്ടതുണ്ട്. ഇത് നേടിയെടുക്കാൻ കരാറുകാർ ചിലപ്പോൾ എം എൽ എമാരെയും കൂട്ടിയാണ് മന്ത്രിമാരെ കാണാനെത്തുന്നത്.

കാര്യം സാധിപ്പിച്ചു കൊടുത്താൽ അധിക കരാർ തുകയുടെ നല്ലൊരു വിഹിതം എം എൽ എയുടെയും ഉദ്യോഗസ്ഥരുടെയും കീശയിലാണെത്തുന്നത്. എസ്റ്റിമേറ്റിൽ തുക കൂടുന്നതിനനുസരിച്ച് അവർക്കു ലഭിക്കുന്ന തുകയും വർധിക്കും. പൊതു ഖജനാവ് ചോർത്തുന്ന വഴിവിട്ട ഏർപ്പാടാണിത്. ഇതിന് അറുതിവരുത്തുകയോ നിയന്ത്രണം കൊണ്ടുവരികയോ ആയിരിക്കണം വിവാദ പ്രസ്താവനയിലൂടെ മന്ത്രി റിയാസ് ഉദ്ദേശിച്ചത്. ദുരുദ്ദേശ്യപരമാണ് അദ്ദേഹത്തിന്റെ നീക്കവും നിലപാടുമെന്ന് പറയാനാകുന്നതെങ്ങനെ?

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam