കിട്ടുമോ ലങ്കയ്ക്ക് ശാപമോക്ഷം ?

MAY 18, 2022, 12:21 PM

ശ്രീലങ്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് മെയ് 18. രണ്ടര പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിച്ചതിന്റെ വിജയ ദിനമാണ് സര്‍ക്കാരിനെ സംബന്ധിച്ച് ഈ തീയതി. അതേസമയം വംശീയ പോരിനിടെ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട സാധാരണക്കാരന്റെ ഓര്‍മകളുടെ നോവാണ് തമിഴ് വംശജര്‍ക്ക് ഈ ദിനം. ഇത് മനസിലാക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ പുറകോട്ട് പോകേണ്ടി വരും.

1956ല്‍ പാസാക്കിയ സിംഹള നിയമം ആണ് ലങ്കയില്‍ സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ജോലികളില്‍ അടക്കം സുപ്രധാന പദവികളിലെല്ലാം തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതായിരുന്നു തമിഴ് ന്യൂനപക്ഷങ്ങളുടെ പരാതി. തര്‍ക്കം മൂത്തപ്പോള്‍ തങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന ആവശ്യം തമിഴര്‍ മുന്നോട്ട് വച്ചു. 

തമിഴ് ഐക്യവിമോചന മുന്നണി ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജയിച്ച് പാര്‍ലിമെന്റില്‍ ഇടം നേടിയിട്ടും അവഗണ തുടര്‍ന്നപ്പോഴാണ് പോരാട്ടങ്ങള്‍ക്ക് ഒരു തീവ്ര സ്വഭാവം കൈവരുന്നതും ഇന്ത്യയടക്കം നിരവധി ലോക രാജ്യങ്ങള്‍ പിന്നീട് തീവ്രവാദ സംഘടനയുടെ പട്ടികയില്‍ പെടുത്തിയ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴ (LTTE )ത്തിന്റെ രൂപീകരണത്തിലേക്ക് എത്തിച്ചേര്‍ന്നതും.

vachakam
vachakam
vachakam

1983 സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മില്‍ സ്വാതന്ത്ര്യാനന്തരം തുടങ്ങിയ പോര് ഏറ്റവും തീവ്രതയിലേക്ക് എത്തി ഒരു ആഭ്യന്തര കലാപമായി പരിണമിച്ച വര്‍ഷം. ജെആര്‍ ജയവര്‍ധനെ ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്. ജൂലൈ 23ന് ജാഫ്നയിലെ ലങ്കന്‍ സൈനിക ക്യാമ്പ് ആക്രമിച്ച എല്‍ടിടിഇ 13 സൈനികരെ വധിച്ചു. രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. ശ്രീലങ്കന്‍ ചരിത്രത്തിലെ കറുത്ത ജൂലൈ. ഒന്നും രണ്ടുമല്ല 25 വര്‍ഷക്കാലത്തിലധികം നീണ്ടു നിന്ന ഒരു ഏറ്റുമുട്ടലിന്റെ തുടക്കം മാത്രമായിരുന്നു അത്.

ഒരു വശത്ത് ലങ്കന്‍ സര്‍ക്കാരിന്റെ സൈന്യം. മറുവശത്ത് വേലുപ്പിള്ള പ്രഭാകരന്‍ നേതൃത്വം നല്‍കുന്ന എല്‍ടിടിഇ. ഡിബി വിജേതുംഗെ, ചന്ദ്രിക കുമാരതുംഗെ തുടങ്ങി ലങ്കയുടെ ഭരണക്കസേരയില്‍ ആളുകള്‍ മാറി മാറി വന്നു. ഇതിനിടെ ഇന്ത്യയടക്കം ലോകരാജ്യങ്ങളുടെ ഇടപെടലില്‍ നടന്ന സമാധാന ശ്രമങ്ങളും നിരവധി. പ്രധാനമന്ത്രി ആയിരിക്കെ രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ തമിഴ് വംശജര്‍ക്ക് എതിരെയാണെന്ന ബോധ്യത്തില്‍ തമിഴ് പുലികള്‍ അദ്ദേഹത്തിന്റെ ജീവനെടുത്തത് ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടമായി.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ സമാധാന കരാറുകളും വെടിനിര്‍ത്തലുകളും നിലവില്‍ വന്നു. പക്ഷെ കാര്യമായ ഫലം ഉണ്ടായില്ല. പുറമെ ശാന്തമെങ്കിലും ലങ്ക നീറിപ്പുകഞ്ഞ നാളുകളായിരുന്നു അതെല്ലാം. 2005ല്‍ മഹിന്ദ രാജപ്സേ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ഭീകരവാദികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും എന്ന ആഹ്വാനവുമായി കസേരയിലെത്തിയ മഹിന്ദ, എല്‍ടിടിഇ വെടിനിര്‍ത്തല്‍ പലകുറി ലംഘിച്ചു എന്നാരോപിച്ച് 2006ല്‍ സൈനിക നടപടി തുടങ്ങി.

vachakam
vachakam
vachakam

സര്‍വ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട നാളുകളെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തിയ ദിനങ്ങളിലൂടെയാണ് ശ്രീലങ്കയെന്ന കൊച്ചു രാജ്യം പിന്നീട് കടന്ന് പോയത്. സൈനിക നടപടികളില്‍ പുലര്‍ത്തേണ്ട എല്ലാ മര്യാദകളും മറന്നുകൊണ്ടായിരുന്നു മഹിന്ദ സര്‍ക്കാരിന്റെ നീക്കങ്ങള്‍. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് ഒപ്പം നിന്നത് ഇന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റും അന്നത്തെ സര്‍ക്കാരില്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോത്തബായ രജപക്സേ. സാധാരണക്കാരെ മനുഷ്യമതിലാക്കിയായിരുന്നു എല്‍ടിടിഇയുടെ തിരിച്ചടി.

മുല്ലൈത്തീവിലെ എല്‍ടിടിഇ ക്യാമ്പ് ലക്ഷ്യമിട്ട് സൈന്യം നടത്തിയ അതിക്രൂരമായ ഷെല്ലാക്രമണത്തില്‍ ആശുപത്രികളും ജനവാസകേന്ദ്രങ്ങളും കത്തിയമര്‍ന്നു. സാധാരണക്കാരുടെ ജീവന് പുല്ല് വില കല്‍പ്പിച്ച് ഇരുപക്ഷവും മുന്നേറിയപ്പോള്‍ മുല്ലൈത്തീവിലെ മുള്ളിവായ്ക്കാലില്‍ സംഭവിച്ചത് ലോക ചരിത്രത്തിലെ തന്നെ വലിയ കൂട്ടക്കുരുതികളില്‍ ഒന്നാണ്. 2009 മെയ് 18ന് വേലുപ്പിള്ള പ്രഭാകരനും കുടുംബവും കൊല്ലപ്പെടുന്നവരെ ആക്രമണങ്ങള്‍ തുടര്‍ന്നു. കലാപം അവസാനിച്ചപ്പോള്‍, യുഎന്നിന്റെ എകദേശ കണക്ക് പ്രകാരം ആകെ പൊലിഞ്ഞത് ഒരു ലക്ഷത്തിലധികം മനുഷ്യ ജീവനുകളായിരുന്നു.

ഇതില്‍ 30,000 മുതല്‍ 70,000 വരെ നിസഹായരായ സാധാരണ മനുഷ്യര്‍. കലാപത്തിന്റെ അവസാന നാളുകളില്‍ ആണ് ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൂട്ടക്കുരുതിക്ക് ഇരയായത്. അതുകൊണ്ടാണ്, കലാപം അവസാനിച്ച മെയ് 18, തമിഴ് വംശജര്‍ മുള്ളിവായ്ക്കാല്‍ അനുസ്മരണ ദിനം എന്ന പേരില്‍ ആചരിക്കുന്നത്. ഈ ദിനത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് അടക്കം തമിഴ് ജനതയ്ക്ക് സര്‍ക്കാര്‍ വിലക്കുണ്ട്.  ഒരു മുള്ളിവായ്ക്കാല്‍ അനുസ്മരണ ദിനം കൂടി കടന്ന് പോകുമ്പോള്‍ ലങ്ക വീണ്ടും ആഭ്യന്തര സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉഴലുകയാണ്. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് നട്ടം തിരിയുകയാണ് രാജ്യം.

vachakam
vachakam

തമിഴ് വംശജരുടെ പലായനം വീണ്ടും തുടര്‍ക്കഥയാകുന്നു. 2009 മെയ് 19ന് ആഭ്യന്തരയുദ്ധം ജയിച്ചതായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സക്ക് ഇന്ന് ജനാരോഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. പകരമെത്തിയ റെനില്‍ വിക്രമസിംഗെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, എയര്‍ലൈന്‍ സ്വകാര്യ വത്കരണം, നോട്ടടിക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്നു. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam