മന്ത്രി കെ. രാജന് ബിഗ് സെല്യൂട്ട്..!

JUNE 3, 2021, 12:27 PM

ടൂള്‍കിറ്റ് 10 (ജോഷി ജോര്‍ജ്)

ചൂടിന്റെ രൂക്ഷത പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ആ തീവെയിലില്‍ റെയില്‍പ്പാളങ്ങളുടെ നടുവിലൂടെ ഒരു മനുഷ്യന്‍ നടന്നുനീങ്ങുന്നു.ഖദര്‍ ജുബയില്‍ വിയര്‍പ്പുകണങ്ങള്‍ ഉതിര്‍ന്നോഴുകി. വീട്ടിലെത്താന്‍ ധൃതിയില്‍ നടക്കുകയായിരുന്നു ആ മനുഷ്യന്‍..!
'എന്താ മാഷേ ഈ വെയിലത്ത് റെയിലിലൂടെ നടക്കുന്നത്? '
'വേഗം വീട്ടിലെത്താമല്ലോ എന്നു കരുതി.'
അതിനീ പൊരിവെയിലത്ത് നടക്കണോ? സുഹൃത്തിന്റെ സംശയം.
നടപ്പാണെടോ എന്റെ ഈ ആരോഗ്യത്തിന്റെ രഹസ്യം. മറുപടിക്കുശേഷം ആ മനുഷ്യന്‍ വീണ്ടും നടന്നു.


vachakam
vachakam
vachakam

നടന്നകലുന്ന ആ മനുഷ്യനെത്തന്നെ നോക്കി, സഹതാപത്തോടെ, അതിനേക്കാള്‍ പതിന്മടങ്ങ് സ്‌നേഹാദരങ്ങളോടെ ആ ചങ്ങാതി നിന്നു.
ആ മനുഷ്യന്‍ അലക്‌സാണ്ടര്‍ പറമ്പിത്തറ മാസ്റ്ററായിരുന്നു. കാല്‍ നൂറ്റാണ്ടിലധികം സംസ്ഥാന നിയമസഭകളില്‍ അംഗവും നാലുവര്‍ഷക്കാലം കേരള നിയമസഭയുടെ സ്പീക്കറുമായിരുന്ന മനുഷ്യന്‍.

ഇതൊരൊറ്റപ്പെട്ട സംഭവമല്ല.

കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും എറണാകുളം ലോകസഭാംഗവും പോര്‍ച്ചുഗലിലെ ഇന്ത്യന്‍ അംബാസിഡറുമൊക്കെയായിരുന്ന ഹെന്റി ഓസ്റ്റിനും കോണ്‍ഗ്രസിലും കരണാകരന്റെ കരുനീക്കത്താല്‍ പിന്നീട് കമ്മ്യീണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്രസ്ഥാനാത്ഥിയുമായ മറ്റൊരു മനുഷ്യനുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ. വി തോമസിനെ പരാജയപ്പെടുത്തിയ സേവ്യാര്‍ അറയ്ക്കല്‍. ഏറണാകുളത്തെ പല വഴികളിലൂടേയും വിയര്‍പ്പില്‍ കുളിച്ചു ഇവര്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. അതിനുശേഷം അങ്ങിനെ നടക്കുന്ന നേതാക്കളെ കണ്ടുകിട്ടിയിട്ടില്ല.
ഇതൊക്കെ ഇവിടെ പറയാന്‍ കാരണം. ആര്‍ഭാടത്തില്‍ ഭ്രമിക്കാത്ത ഒരു പുതിയ മന്ത്രിയെ കണ്ടു എന്നുള്ളതാണ്. സി.പി.ഐ നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയുമായ 48 കാരന്‍ കെ.രാജന്‍. അദ്ദേഹത്തിന് ഒരു ബിഗ് സെല്യൂട്ട്..!

vachakam
vachakam
vachakam

കക്ഷിക്ക് അനുവദിച്ച മന്ത്രി മന്ദിരം ' ഗ്രേസി'ന് മോടികൂട്ടിയെ അടങ്ങു എന്നുപറഞ്ഞെത്തിയത് ടൂറിസം ടിപ്പാര്‍ട്ടുമെന്റാണ്. അവരതിന് വകകൊള്ളിച്ചിരിക്കുന്നത് 23 ലക്ഷമാണ്.
മന്ത്രി അതിന് വട്ടം നിന്നു. എനിക്കീവക മോഡിയുടെ ഒരാവശ്യവുമില്ല. എന്റെ പാര്‍ട്ടിക്കാരനായ മുന്‍ മന്ത്രി സുനില്‍കുമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഇതിലല്ലേ കഴിഞ്ഞത്. എനിക്കിതുതന്നെ ധാരാളം. പിന്നെ കറച്ച് ഇലക്ട്രിക് വര്‍ക്കുകള്‍ വേണ്ടിവരും. അതിന് ഏറിപ്പോയാല്‍ ഒരു പതിനയ്യായിരം രൂപ മതിയാകും. അത് ചെയ്താല്‍ മാത്രം മതി.

അല്ലാ ഇത് മന്ത്രിയുടെ പേരില്‍ വരുന്ന ചിലവല്ല, എല്ലാവര്‍ഷവും ഇത് ഞങ്ങള്‍ ചെയ്യാറുണ്ട്. ഊരാളുങ്കല്‍ എന്ന സൊസൈറ്റിയെയാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്.
തനിക്കിതൊന്നും അവശ്യമില്ലെന്ന് മന്ത്രി തറപ്പിച്ചുപറഞ്ഞു.
അപ്പോള്‍ നമുക്കാലോചിക്കാമല്ലോ, മറ്റുമന്ത്രിമാരുടെ താമസസ്ഥലം ഒരുക്കുന്നതിന് പൊതുഖജനാവില്‍ നിന്ന് എത്ര ചിലവുവരുമെന്ന്. കെ. രാജനെപ്പോലെ ഇങ്ങനെ പറയാന്‍ എന്തുകൊണ്ട് മറ്റ് മന്ത്രിമാര്‍ക്ക് കഴിയുന്നില്ല..!
കണ്ണടയ്ക്കും ടയറിനുമൊക്കെ വേണ്ടുവോളം പൊതുഖജനാവില്‍ കൈയിട്ടുവാരി ശീലമുള്ളവരാണല്ലോ
മുന്‍ഗാമികളിലേറെയും. എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ ഈ മന്ത്രിയുടെ ലാളിത്യം മുഖ്യ വാര്‍ത്തയാക്കുന്നില്ല എന്നാണ് സാധാരണക്കാരന്റെ സംശയം..!

ഈ പുതിയ മന്ത്രിയെ നമുക്കൊന്നു പരിചയപ്പെടാം. തൃശൂരിലെ അന്തിക്കള്ളുമണക്കുന്ന അന്തിക്കാട് കരയില്‍ പുളിക്കല്‍ കൃഷ്ണന്‍കുട്ടി മേനോന്റെയും രമണിയുടെയും മകനാണ് കഥാനായകന്‍. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പയറ്റിത്തെളിഞ്ഞതും പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയതും. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. ഈ കാലഘട്ടത്തിലാണ് എ.ഐ.എസ്.എഫിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തല്പരനാകുന്നത്. കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. തൃശ്ശൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും കളവുപറയാന്‍ പറ്റാത്തതിനാല്‍ നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകനായിമാറി. എ.ഐ.എസ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ എ.ഐ.വൈ.എഫ്. ദേശീയ ജനറല്‍ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എല്‍.എ.യായ രാജന്‍ പതിനാലാം നിയമസഭയില്‍ ചീഫ് വിപ്പ് സ്ഥാനവും ശാന്തനായി വഹിച്ചിരുന്നു.
ഇതിനെല്ലാം തികച്ചും അനുപമയായ ഭാര്യ അനുപമയുടെ പിന്തുണ വേണ്ടുവോളമുണ്ട്.
ഒറ്റക്കും തെറ്റയക്കും ഇതുപോലുള്ളവരെ ഇടക്ക് കണ്ടെത്താനാകുന്നതാണ് ജനാധിപത്യകേരളത്തിന് അല്പമെങ്കിലും ആശ്വാസം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam