ഇലക്ഷൻ കാലത്തു പോലും 'ലൈഫ്' കിട്ടാത്ത ഭാഗ്യം കെട്ട മനുഷ്യർ !

MAY 25, 2022, 8:34 PM

എല്ലാവർക്കും ജയിച്ചേ പറ്റൂ. തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിന്റെ രത്‌നച്ചുരുക്കമാണത്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് അടിച്ചമർത്താനാണ് പി.ടിയുടെ ഭാര്യ ഉമയെ തന്നെ സതീശൻ  സുധാകരൻ കൂട്ടുകെട്ട് സ്ഥാനാർത്ഥിയാക്കിയത്. സി.പി.എം. ആകട്ടെ, തൃക്കാക്കരയിലെ ക്രൈസ്തവരിലെ വരത്തൻ ഇരുത്തൻ ഇഫക്ടിനെ ലാക്കാക്കി നല്ല തുകയ്ക്ക് സീറ്റ് വിറ്റുവെന്ന് യു.ഡി.എഫ്. രഹസ്യത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. വീട് കയറിയുള്ള പ്രചരണത്തിൽ ബി.ജെ.പിയാണ് മുന്നിലെന്ന് പറയുന്നു. പാളപോലെയുള്ള കളർഫുൾ ആയ വലിയ നോട്ടീസുകളിൽ എല്ലാം കേന്ദ്രപദ്ധതികളും മോദിയുമാണ് മിന്നിനിൽക്കുന്നത്.

''എന്റെ തല എന്റെ പടം'' എന്ന ശ്രീനിവാസൻ സിനിമയുടെ ഡയലോഗ് പോലെ മോദിയും സ്ഥാനാർത്ഥി രാധാകൃഷ്ണനും ശിവകാശിയിൽ അച്ചടിച്ച കളർ സ്‌പ്രെഡിൽ നിറഞ്ഞു നിൽക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയോ മറ്റ് നേതാക്കളുടെയോ ചിത്രങ്ങൾ നോട്ടീസുകളിൽ ദുർലഭമായേ കാണാനുള്ളൂ. എൻ.ഡി.എ. കൺവീനറെന്ന നിലയിൽ തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രവും നൽകിയിട്ടുണ്ട്.

പരമ്പരാഗത ഇലക്ഷൻ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി അച്ചടിമാധ്യമങ്ങൾ ഇടതു വലതു ബി.ജെ.പി. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ഒരു സ്‌പെഷ്യൽ സ്റ്റോറി എല്ലാ ദിവസവും ഒഴിവാക്കാനാവില്ല. സ്ഥാനാർത്ഥിമാരുടെ തീൻമേശ മുതൽ മറ്റ് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വരെ ചികഞ്ഞെടുത്ത് പത്രങ്ങൾക്ക് നൽകാൻ ഇപ്പോൾ പ്രത്യേക പി.ആർ. കമ്പനികളുണ്ട്.ഡോക്ടർ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി എന്ന ആരോപണമൂയർന്നുവെങ്കിലും അത് കത്തിക്കയറിയില്ല. എന്നാൽ പിന്നീട് ക്യാപ്ടനെതിരെയുള്ള സുധാകരന്റെ പരാമർശവും കേസാക്കിയെങ്കിലും, ആ വിവാദത്തിൽ താൽപ്പര്യമില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നുപറഞ്ഞു. ഉമയ്‌ക്കെതിരെയുള്ള നവമാധ്യമങ്ങളിലെ പരാമർശം കേസായി ഇപ്പോഴും നിലവിലുണ്ട്.

vachakam
vachakam
vachakam

ന്യായമായും, ജനങ്ങൾക്ക് ഒരു സംശയമുണ്ട്. ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതെല്ലാമാണോ ചർച്ച ചെയ്യേണ്ടത്? കെ-റെയിൽ എന്ന സ്വപ്‌നപദ്ധതി ചർച്ച ചെയ്യപ്പെടുമ്പോൾ എന്തുകൊണ്ട് എറണാകുളും ജില്ലയിൽ തന്നെയുള്ള മൂലമ്പിള്ളിയിലെ ദുരിതബാധിതർ
വിസ്മരിക്കപ്പെടുന്നു? ഒറ്റ കുടുംബത്തിനും വികസനത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടില്ലെന്ന് അതേ ജില്ലയിൽ നിന്ന് 'വായ്ത്താരി' പറയാൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു?

അതെന്താ മൂലമ്പിള്ളിക്കാരുടെ ലൈഫ് ലൈഫല്ലേ ?

100 ദിനകർമ്മ പരിപാടിയിൽപ്പെടുത്തി ഭവനരഹിതർക്ക് സർക്കാർ 20808 വീടുകൾ നിർമ്മിച്ചു നൽകിയതിന്റെ ഉദ്ഘാടനം മേയ് 17 മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി. അടുത്ത ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 16 ന് നടത്തുമത്രെ. ജനങ്ങളെ വിശ്വാസത്തിലെടുത്ത്, കേരളത്തിൽ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി സർക്കാർ എന്തുകൊണ്ട് ഇത്ര ക്രൂരമായ നിലപാട് സ്വീകരിക്കുന്നു. 2008 ഫ്രെബ്രുവരി 6 നാണ് മൂലമ്പിള്ളിയിലെ 316 കുടുംബങ്ങളെ പാക്കേജൊന്നും പ്രഖ്യാപിക്കാതെ കുടിയിറക്കിയത്.

vachakam
vachakam
vachakam

ഇടപ്പള്ളി നോർത്ത്, പോണേക്കര, കടുങ്ങല്ലൂർ ഈസ്റ്റ്, മഞ്ഞുമ്മൽ, ഏലൂർ, ചേരാനെല്ലൂർ, കോതാട്, മൂലമ്പിള്ളി എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കിയവർക്ക് പുനരധിവാസപദ്ധതി തയ്യാറാക്കിയതായി അന്ന് സർക്കാർ പറഞ്ഞിരുന്നു. പദ്ധതി പൂർത്തിയാകുന്നതുവരെ വീട്ടു വാടകയും വാഗ്ദാനം ചെയ്തിരുന്നു. കുറെ മാസത്തേയ്ക്ക് വാടക കിട്ടി. പിന്നെ അതും നിലച്ചു. പുനരധിവാസപദ്ധതിക്കായി കാക്കനാട് തുതിയൂരിലുള്ള ചതുപ്പും, വടുതല കായലിൽ മണ്ണിട്ട് നികത്തിയെടുക്കേണ്ട കായലും ഉദ്യോഗസ്ഥർ കണ്ടെത്തി. തുതിയൂരിൽ സ്ഥലം പോലും അളന്നു തിരിച്ചു നൽകിയില്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി നാല് മുതൽ അഞ്ചേക്കർ വരെ വിട്ടുകൊടുത്തവർ ഇന്ന് 5 സെന്റ് ഭൂമി മാത്രമുള്ള കോളനിയിൽ നരകജീവിതം നയിക്കുന്നു. കേരളത്തിൽ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരോട് ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും നീതി കാണിച്ചിട്ടില്ല. 1957ൽ ഇ.എം.എസ്. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ പറഞ്ഞത് പിണറായിയും മറ്റും മറന്നുപോയിരിക്കാം: അന്ന് ഇ.എം.എസ്. പറഞ്ഞത് ഒരു കുടുംബത്തെയും ഒരു കാരണവശാലും അവരുടെ ഭൂമിയിൽ നിന്നും ഇറക്കിവിടില്ലെന്നായിരുന്നു!


vachakam
vachakam

ന്യൂജെൻ കുട്ടികളും നീന്തൽ പഠിക്കണം

കേരളത്തിൽ മുങ്ങി മരണങ്ങൾ കൂടുകയാണ്. ലോക്ഡൗൺ കാലത്ത് വീട്ടിൽ 'പെട്ടുപോയ'വർ ജീവിതമൊന്ന് ആഘോഷിക്കേണ്ടേയെന്ന മട്ടിൽ ജലാശയങ്ങളിലും നദികളിലുമെല്ലാം നീന്തിത്തിമിർക്കുന്ന നാളുകളാണിത്. ഇത്തരം നീന്തൽ വിനോദമേളങ്ങൾക്കിടയിലാണ് ഇപ്പോൾ മുങ്ങി  മരണം സംഭവിക്കുന്നത്. 2021 ജനുവരി മുതൽ ഡിസബർ വരെ 1102 പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. ദിവസേന ശരാശരി 4 മുങ്ങി മരണമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്.

വെള്ളത്തിൽ വീഴുന്ന നീന്തലറിയാത്ത ഒരാളെ 4 മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്തണമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. കൊല്ലം ജില്ലയാണ് നീന്തൽ മരണങ്ങളിൽ പോയ വർഷം ഒന്നാമതുള്ളത് 153 പേർ. ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത് 39 പേർ. 2021 ലെ കണക്കിൽ 18 വയസ്സിനുമുകളിലുള്ള 667 പുരുഷന്മാരും 290 സ്ത്രീകളും മുങ്ങി മരിച്ചു. 18 വയസ്സിൽ താഴെയുള്ള 130 ആൺകുട്ടികളും 45 പെൺകുട്ടികളും മുങ്ങിമരിച്ച പട്ടികയിലുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മണിമലയാറ്റിലും അച്ചൻകോവിലാറ്റിലും മീനച്ചിലാറ്റിലും മുങ്ങിമരണങ്ങളുണ്ടായി. പാലാ ഇടനാട്ടിൽ ഒരു കുട്ടിയും തൃശൂർ ചാവക്കാട്ട് 3 കുട്ടികളും മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് 1 കുട്ടിയും മുങ്ങിമരിക്കുകയുണ്ടായി. കോട്ടയത്തുനിന്ന് വിനോദയാത്രയ്ക്കു പോയ 3 വിദ്യാർത്ഥികൾ ഉഡുപ്പിക്കടുത്തുവച്ച് മുങ്ങിമരിച്ചതും കണ്ണീർ വാർത്തയായി. കോഴിക്കോട് പേരാമ്പ്രയിൽ നവദമ്പതിമാരിൽ ഒരാൾ പുഴയിൽ വീണുമരിക്കുകയുണ്ടായി. 2019ൽ 1473, 2020ൽ 1266, 2021 സെപ്തബർ 30 വരെ 1013 എന്നിങ്ങനെയാണ് പോയവർഷങ്ങളിലെ മുങ്ങിമരണക്കണക്ക്.

മുങ്ങിമരണങ്ങളുടെ പട്ടികയിലും 15% അസ്വാഭാവിക മരണങ്ങളാണെന്ന് പൊലീസ് രേഖയിലുണ്ട്.
നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് നിർദ്ദേശിച്ചിരുന്നു. സർക്കാർ ഈ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ, ഇതുവരെ ഇക്കാര്യത്തിൽ ഫയലുകളൊന്നും അനങ്ങിയിട്ടില്ല. 44 നദികളും കായലുകളും കുളങ്ങളും കിണറുകളും തോടുകളുമെല്ലാം കാലവർഷത്തിലും വേനൽമഴയിലും മരണക്കെണികൾ തീർക്കുമ്പോൾ, ഇക്കാര്യത്തിൽ നാം അൽപ്പം ജാഗ്രത കാണിക്കേണ്ടേ?


ആനവണ്ടിക്കാരുടെ സങ്കടങ്ങൾക്കുമുണ്ട് ആന വലിപ്പം...

കെ.എസ്.ആർ.ടി.സി. ഇപ്പോൾ ഒരു കടങ്കഥ കോർപ്പറേഷനാണ്. തൊഴിലാളികൾ പണിയെടുക്കുന്നില്ല, രാഷ്ട്രീയം കളിക്കുന്നു എന്നെല്ലാം മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു. തൊഴിലാളികളാകട്ടെ, ടിക്കറ്റ് വരുമാനം കൊണ്ടുതന്നെ കോർപ്പറേഷന്റെ കാര്യങ്ങൾ നടന്നുപോകുമെന്ന് കണക്കുകൾ ഉദ്ധരിച്ച് വാദിക്കുന്നു. ഗ്രാമീണരാകട്ടെ ഓടാത്ത ട്രാൻസ്‌പോർട്ട് ബസ്സിനായി കാത്തുനിന്ന് നരകിക്കുന്നു.
എന്തേ ആനവണ്ടിക്ക് ഈ ദുർഗതി? ആഗോളവത്ക്കരണത്തിന്റെ ദുർഭൂതം പിടികൂടി കടിച്ചുകുടഞ്ഞ കേരളത്തിലെ നിരവധി പൊതുമേഖലാ സ്വകാര്യ സംരംഭങ്ങളിൽ ഒന്നുമാത്രമാണ് ആനവണ്ടി കോർപ്പറേഷൻ. ആദ്യം ലോകത്തിലില്ലാത്ത പലിശയ്ക്ക് പുതിയ ബസ്സുകൾ വാങ്ങാൻ ഒരു കോർപ്പറേഷനുണ്ടാക്കി കെ.ടി.ഡി.എഫ്.സി. പിന്നീട് ബസ് ഡിപ്പോകൾ പണയംവച്ച് പണമെടുത്തു തുടങ്ങി.

ഇതിനിടെ 1 കോടിയിലേറെ ഓരോ ബസ്സിനും വിലയുള്ള ബസ്സുകൾ സൗജന്യമായി കിട്ടിയത് ഓടിച്ചും ഓടിക്കാതെയും നശിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വർഷങ്ങളായി മുടങ്ങിക്കിടന്ന ശമ്പളപരിഷ്‌കരണവും നടപ്പാക്കി.ഇപ്പോഴത്തെ ആനവണ്ടി ജീവനക്കാരുടെ കാര്യം കഷ്ടമാണ്. ശമ്പളവിതരണം അനിശ്ചിതത്വത്തിലാണ്. മരുന്നു വാങ്ങാൻ പണമില്ലാത്ത ജോലിക്കാരൻ ഡിപ്പോയിൽ തന്നെ കുഴഞ്ഞുവീണ് മരിക്കുന്നു. വൈദ്യുതിബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ കെ.എസ്.ആർ.ടി.സി.യിൽ നിന്ന് റിട്ടയർ ചെയ്ത കുടുംബനാഥനും ഭാര്യയും ആത്മഹത്യയ്‌ക്കൊരുങ്ങുന്നു.

ചേർത്തല പാണാവള്ളിയിൽ ഒരു ട്രാൻസ്‌പോർട്ട് ജോലിക്കാരൻ സ്വന്തം കിടപ്പാടം വിൽക്കാൻ നവമാധ്യമങ്ങളിൽ സഹായം തേടുന്നു. ഒന്നാമതായി സർക്കാർ മനസ്സിലാക്കേണ്ടത് ആനവണ്ടിയിലെ ഡ്രൈവർമാരുടെ അവസ്ഥയാണ്. കുടംബത്തെ ഓർത്ത് ഉള്ള് നീറുമ്പോൾ, ഡ്രൈവിങ്ങിൽ പൂർണമായി ശ്രദ്ധിക്കാൻ അവർക്ക് കഴിയുമോ? നല്ല വരുമാനമുള്ള ദീർഘദൂര റൂട്ടുകളെല്ലാം സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുടേതാക്കുന്നത് ചതിയല്ലേയെന്ന് ജോലിക്കാർ ചോദിക്കുന്നു. ജോലിക്കാർ പറയുന്നത് 2022 ഏപ്രിലിൽ ടിക്കറ്റ് വരുമാനം 164 കോടി രൂപയാണെന്നാണ്.

ഇതിൽ ശമ്പളത്തിന് 82 കോടിയും ഇന്ധനച്ചെലവ് 70 കോടിയും സ്‌പെയർപാർട്ട്‌സിന് 10 കോടിയും മാറ്റിവച്ചാലും പണം ബാക്കിവരും. വാടക, പരസ്യവരുമാനം എന്നിവയെല്ലാം ഇതിനു പുറമെയുണ്ട് മാത്രമല്ല, ആനവണ്ടി കോർപ്പറേഷനിൽ ഓഡിറ്റിംഗ് മുടങ്ങിയിട്ട് വർഷങ്ങളായി. ജോലിക്കാരുടെ ഇത്തരം ആരോപണങ്ങൾക്ക് മാനേജ്‌മെന്റ് കൃത്യമായി മറുപടി നൽകുമോ? ആനവണ്ടി കോർപ്പറേഷനിൽ അഴിമതിയുടെ ആനരൂപങ്ങളുണ്ടോ? ഉണ്ടെങ്കിൽ അതെല്ലാം ഒന്ന് ക്ലീനാക്കേണ്ടതല്ലേ ?

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam