ചിരി എന്ന മഹാ ഔഷധം സമൂഹത്തിന് പകര്‍ന്നു നല്‍കിയ ആചാര്യന്‍

MAY 5, 2021, 11:16 AM

മലങ്കര മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ക്രൈസ്തവര്‍ക്ക് മാത്രമല്ല നാനാജാതി മതസ്ഥര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.   പൊതുസമൂഹത്തെ തന്റെ വ്യക്തി ജീവിതംകൊണ്ട് ഏറെ സ്വാധീനിച്ച വ്യക്തിത്വം കൂടിയായിരുന്നു ക്രിസോസ്റ്റം തിരുമേനി. 'നര്‍മ്മത്തിന്റെ തമ്പുരാന്‍' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗങ്ങളും കുറിക്കുകൊള്ളുന്ന മറുപടികളും ഏത് സമൂഹത്തേയും പിടിച്ചിരുത്താന്‍ തക്ക പ്രാപ്തിയുള്ളതാണ്. ഈയൊരു സാമീപ്യമാണ് അദ്ദേഹത്തിന് കേരളീയ പൊതുസമൂഹത്തില്‍ ഇത്രയും സ്വീകാര്യത ലഭിച്ചതിന് പ്രധാന കാരണം. സേവനങ്ങളെ മാനിച്ച് 2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. വലിയ മെത്രാപ്പൊലീത്ത 103-ാം വയസിലൂടെ കടന്ന് പോകുമ്പോഴായിരുന്നു ഈ ആദരം.

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന തിരുമേനിയുടെ മുഖമാണ് ഓര്‍മ്മ വരിക. വിശ്വാസി സമൂഹത്തിനു പുറമെ പൊതുസമൂഹത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റ് മതമേലധ്യക്ഷന്മാരുണ്ടോ എന്ന കാര്യം സംശയമാണ്. പ്രസംഗത്തിലും സ്വകാര്യ സംഭാഷണത്തിലും ചിരിയുടെ ഓളങ്ങള്‍ക്കൊപ്പം മാത്രം സഞ്ചരിച്ച വലിയ മെത്രാപ്പൊലീത്ത, പ്രസംഗവും ജീവിതവും രണ്ടുവഴിക്കാകരുതെന്ന് എന്നും ഓര്‍മപ്പെടുത്തിയിരുന്നു. ഏത് ചോദ്യത്തിനും തന്റേതായ ശൈലിയില്‍ ചിരിനിറച്ച ചിന്തകളായിരുന്നു അദ്ദേഹം ഉത്തരമായി നല്‍കിയത്.

ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനി മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു. നമ്മള്‍ ഒന്നാണെന്ന് എത്ര പറഞ്ഞാലും ശരിയാകില്ല. ഞങ്ങള്‍ മെത്രാച്ചന്മാര്‍ കസേരയില്‍ ഇരിക്കുന്നു. നിങ്ങള്‍ മണപ്പുറത്തും. ഞങ്ങള്‍ വിചാരിച്ചാല്‍ മണപ്പുറത്തിരിക്കാം. പക്ഷേ നിങ്ങള്‍ വിചാരിച്ചാല്‍ ഇവിടെ ഇരിക്കാന്‍ പറ്റില്ലല്ല.  പിറ്റേദിവസം ബുദ്ധിഭ്രമമുള്ള ഒരു യുവാവ് തിരുമേനിയുടെ അടുത്ത കസേരയില്‍ കയറിയിരുന്നു. കണ്‍വന്‍ഷന്‍ നടത്തിപ്പിന്റെ ചുമതലയുള്ളയാള്‍ യുവാവിനെ അനുനയപ്പെടുത്തി എഴുന്നേല്‍പ്പിച്ചു കൊണ്ടു പോയി. തിരുമേനി അവസാനം യെശയ്യാവ് 29: 24 ഉദ്ധരിച്ചു. മനോവിഭ്രമമുള്ളവര്‍ ജ്ഞാനം ഗ്രഹിക്കും. എന്റെ പ്രസംഗം ബുദ്ധിഭ്രമമുള്ളവര്‍ക്കേ മനസ്സിലാകൂ എന്നാണ് തോന്നുന്നത്. ഇത്തരത്തില്‍ നര്‍മ്മവും യുക്തിയും ഇഴകലര്‍ന്ന അദ്ദേഹത്തിന്റെ സംഭാഷണം തലമുറകള്‍ക്ക് മുതല്‍ക്കൂട്ടാണ്.

vachakam
vachakam
vachakam

ഒരിക്കല്‍ ബിഡിഎസ്സ് പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാല്‍ തന്റെ ആശുപത്രിയുടെ മുമ്പില്‍ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാന്‍ തീരുമാനിച്ചു. വേദപുസ്തകം മുഴുവന്‍ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മര്‍ത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്‌നം അവതരിപ്പിച്ചു. തിരക്കിനിടയില്‍ ഇക്കാര്യം ആലോചിക്കുവാന്‍ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: 'മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തില്‍ മിടുക്കനാ.' ദന്തഡോക്ടര്‍ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കല്‍ ചെന്നു.

ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: 'എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീര്‍ത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.' ദന്തഡോക്ടര്‍ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു.' നിന്റെ വായ് വിസ്താരത്തില്‍ തുറക്കുക'. 104 ാം വയസിലും പ്രസരിപ്പിന് ഒട്ടും തന്നെ കോട്ടം തട്ടാതെ തിരുമേനി ജീവിച്ചതിന് പിന്നിലെ പ്രധാന മരുന്നും ഈ നര്‍മ്മം തന്നെയായിരുന്നു. പുതിയ തലമുറ പലപ്പോഴും മറന്നു പോകുന്ന ഒരു സുന്ദര വികാരം 'ചിരി'. ജീവിതത്തിലുടനീളം ചിരി എന്ന മഹാ ഔഷധം തിരുമേനിക്കൊപ്പം എന്നും ഉണ്ടായിരുന്നു. ആ ചിരി പുതിയ തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം കാലം ചെയ്തത്.

1917 ഏപ്രില്‍ 27നാണ് അടങ്ങാപ്പുറത്ത് കലമണ്ണില്‍ കുടുംബത്തില്‍ വികാര്‍ ജനറല്‍ കെ.ഇ ഉമ്മന്റേയും നടക്കേവീട്ടില്‍ ശോശാമ്മയുടെയും മകനായിട്ടായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജനനം. ഫിലിപ്പ് ഉമ്മനെന്നായിരുന്നു പേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫിലിപ്പ് ഉമ്മന്‍ ബിരുദം പൂര്‍ത്തിയാക്കിയത് ആലുവാ യുസി കോളേജില്‍ നിന്നാണ്. പിന്നീട് ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം.

vachakam
vachakam
vachakam

1944 ലാണ് അദ്ദേഹം വൈദീകനായി പട്ടം സ്വീകരിച്ചത്. 1953-ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ഒക്ടോബര്‍ 23-ന് ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായി, പിന്നീട് മാര്‍ത്തോമ സഭയുടെ തലവനായി. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തിലാണ് ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സ്ഥാനം അലങ്കരിച്ചത്. ശരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് സഭ മേലദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ തിരുമേനിയെ സഭയുടെ വലിയ മെത്രാപ്പൊലീത്തയായി അവരോധിച്ചു.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്.

2018 ലായിരുന്നു വലിയ മെത്രാപ്പൊലീത്ത പൊതുസമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. ലാളിത്യത്തിന്റെ പ്രതിരൂപമെന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടത്. 

vachakam
vachakam

ആഴമേറിയ വിശ്വാസ പ്രമാണങ്ങള്‍ അത്രമേല്‍ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങള്‍ അദ്ദേഹമെപ്പോഴും വാക്കുകളില്‍ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവന്‍ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam