അബ്ദുള്‍ റഹ്മാന്‍ മക്കി ആഗോള ഭീകരന്‍; യുഎന്‍ നടപടി ഇന്ത്യയുടെ വിജയമോ

JANUARY 18, 2023, 5:10 AM

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ (യുഎന്‍എസ്സി). ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമാണ് അബ്ദുള്‍ റഹ്മാന്‍ മക്കി. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ പ്രധാനമായും സമ്മര്‍ദം ചെലുത്തിയത് ഇന്ത്യയാണ്.

അതുകൊണ്ടു തന്നെ ഇത് ഇന്ത്യയുടെ വിജയമായിക്കൂടി കണക്കാക്കപ്പെടുന്നു. അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി പട്ടികപ്പെടുത്താനുള്ള യുഎന്‍എസ്സി നീക്കത്തെ മുന്‍പ് ചൈന തടഞ്ഞിരുന്നു. ചൈനയുടെ നടപടിയെ നിശിതമായാണ് ഇന്ത്യയും അമേരിക്കയും വിമര്‍ശിച്ചത്. 'അങ്ങേയറ്റം നിര്‍ഭാഗ്യകരം' എന്നാണ് ചൈനയുടെ നീക്കത്തെ അന്ന് ഇന്ത്യ വിശേഷിപ്പിച്ചത്.

ഇന്ത്യയില്‍, മക്കിയെ തീവ്രവാദികളുടെ യുഎപിഎ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2000-ല്‍ ഡല്‍ഹിയില്‍ നടന്ന ചെങ്കോട്ട ആക്രമണം, 2008 ലെ മുംബൈ ഭീകരാക്രമണം, ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണം എന്നിവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലും ഇന്ത്യ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിട്ടിള്ള ഭീകരനാണ് മക്കി.

മക്കിയെ അമേരിക്കയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്ഥാന്‍ പരാജയം ആണെന്നും, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 2020 ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍മാരായ ജെയ്ഷെ മുഹമ്മദ് (ജെഇഎം) സ്ഥാപകന്‍ മസൂദ് അസ്ഹര്‍, ലഷ്‌കര്‍ ഇ ടിയുടെ സാജിദ് മിര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനും മതിയായ നടപടികള്‍ കൈക്കൊള്ളുന്നതിലും രാജ്യം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാക് ഭീകരരെ ആഗോള തീവ്രവാദികളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കങ്ങളെ ചൈന ആവര്‍ത്തിച്ച് എതിര്‍ത്തു വരികയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, യുഎന്‍ നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെയും ചൈന രംഗത്തു വന്നിരുന്നു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂരില്‍ ജനിച്ച അബ്ദുള്‍ റഹ്മാന്‍ മക്കി ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) തലവന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍ കൂടിയാണ്. ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ) പാക്കിസ്ഥാന്‍ ഡീപ് സ്റ്റേറ്റിന്റെയും സഹായത്തോടെ മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സൂത്രധാരന്‍ കൂടിയാണ് ഹാഫിസ് സയീദ്.

മക്കിയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളും തീവ്രവാദികളുമായുള്ള ബന്ധവും ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പല ഓപ്പറേഷനുകള്‍ക്കും മക്കി നേതൃത്വം വഹിച്ചിട്ടുണ്ട്. ലഷ്‌കര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും മക്കി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ലഷ്‌കര്‍ ത്വയ്ബയുടെ ഫോറിന്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തലവനായും ഷൂറ (ലഷ്‌കര്‍ ഭരണസമിതി) അംഗമായും മക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam