ഒരു വര്‍ഷക്കാലം താമസം ഭൂമിയിലെ 'ചൊവ്വ'യില്‍

MAY 31, 2023, 8:59 AM

ഇത് പരീക്ഷണങ്ങളുടെ കാലമാണ്. പുതിയതിനെ തേടിയുള്ള ശാസ്ത്രത്തിന്റെ കുതിപ്പ്. ഇപ്പോള്‍ ഇതാ, ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളില്‍ ജീവിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് നാലംഗ സംഘം. കനേഡിയന്‍ ജീവശാസ്ത്രജ്ഞ കെല്ലി ഹാസ്റ്റന്റെ നേതൃത്വത്തില്‍ നാലു പേരാണ് ഭൂമിയില്‍ ചൊവ്വയുടെ അന്തരീക്ഷത്തിനു സമാനമായി തയ്യാറാക്കിയിരിക്കുന്ന പരിതസ്ഥിതിയില്‍ ഒരു വര്‍ഷക്കാലം ചെലവഴിക്കുക. ടെക്സാസിലെ ഹൂസ്റ്റണിലാണ് ചൊവ്വയുടേതിന് സമാനമായ ഇടം ഒരുക്കിയിരിക്കുന്നത്.

ക്രൂ ഹെല്‍ത്ത് ആന്‍ഡ് പെര്‍ഫോമന്‍സ് എക്സ്പ്ലൊറേഷന്‍ അനലോഗ് അഥവാ സിഎച്ച്എപിഇഎ എന്ന ദൗത്യത്തിന്റെ ഭാഗമായാണിത്. വിശദമായ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കുമൊടുവിലാണ് നാസ കെല്ലിയടക്കം നാലു പേരെ ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നാസയുടെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്ററിലാണ് പരീക്ഷണങ്ങള്‍ നടക്കുക. ഒറ്റപ്പെട്ട പരിതസ്ഥിതികളില്‍ സംഘാംഗങ്ങളുടെ പെരുമാറ്റം എങ്ങിനെയാണെന്ന് വിലയിരുത്താനുള്ള ദീര്‍ഘ കാല പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും. യഥാര്‍ത്ഥ ചൊവ്വാ ദൗത്യത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പു കൂടിയാണിത്.

നാസയുടെ കീഴില്‍ മിഷന്‍ കമാന്‍ഡറായാണ് കെല്ലി ഹാസ്റ്റണ്‍ ദൗത്യത്തില്‍ പങ്കുചേരുക. 'ഞാന്‍ വളരെയധികം ആവേശത്തിലാണ്. അതേസമയം, ഇതില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. ഞങ്ങള്‍ ചൊവ്വയിലെത്തിയതായി വെറുതേ ഭാവിക്കാനാണ് പോകുന്നത്.' കെല്ലിയെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. പല വിധത്തിലുള്ള വെല്ലുവിളികളാണ് സ്പേസ് സെന്ററില്‍ സംഘാംഗങ്ങളെ കാത്തിരിക്കുന്നത്. ചൊവ്വയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള എല്ലാ പ്രതിസന്ധികളും ഇവിടെയും സംഭവിക്കും. ഉപകരണങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നതും കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും ആശയവിനിമയത്തില്‍ വരുന്ന താമസവുമെല്ലാം നാല്‍വര്‍ സംഘം അനുഭവിച്ചറിയും.

ഭൂമിയും ചൊവ്വയും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാനെടുക്കുന്ന അതേ സമയദൈര്‍ഘ്യം സംഘാംഗങ്ങളും പുറംലോകവുമായുള്ള ആശയവിനിമയത്തിലും ഉണ്ടായിരിക്കുമെന്ന് നാസയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയുടെയും ചൊവ്വയുടെയും സ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണക്കു കൂട്ടിയാണ് ഈ സമയദൈര്‍ഘ്യം കണക്കാക്കിയിരിക്കുന്നത്. സ്പേസ് സെന്ററില്‍ നിന്നും അയയ്ക്കുന്ന സന്ദേശങ്ങള്‍ പുറം ലോകത്തെത്താന്‍ 20 മിനുട്ട് എടുക്കും. അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് 40 മിനുട്ട് കഴിഞ്ഞേ മറുപടി ലഭിക്കുകയുള്ളൂ. അമേരിക്കയില്‍ നിന്നുള്ള സ്ട്രക്ചറല്‍ എഞ്ചിനീയര്‍ റോസ്സ് ബ്രോക്ക്വെല്‍, എമര്‍ജന്‍സി ഫിസിഷ്യന്‍ നഥാന്‍ ജോണ്‍സ്, കാലിഫോര്‍ണിയയില്‍ നിന്നുള്ള നഴ്സ് അലിസ്സ ഷാനന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. റോസ്സ് ബ്രോക്ക്വെല്‍ ഫ്ളൈറ്റ് എഞ്ചിനീയറായും നഥാന്‍ ജോണ്‍സ് മെഡിക്കല്‍ ഓഫീസറായും അലിസ്സ ഷാനന്‍ സയന്‍സ് ഓഫീസറായുമാണ് സംഘത്തോടൊപ്പം ചേരുക.

മാര്‍സ് ഡ്യൂണ്‍ ആല്‍ഫ എന്നു പേരിട്ടിരിക്കുന്നയിടത്താണ് ചൊവ്വയുടേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 700 ചതുരശ്ര അടി വ്യാപ്തിയുള്ള ഈ സംവിധാനം 3ഡി പ്രിന്റിംഗിലൂടെയാണ് നിര്‍മിച്ചെടുത്തത്. കിടപ്പുമുറികള്‍, ജിം, കഴിക്കാനുള്ള ഭക്ഷണം സ്വയം കൃഷിചെയ്തുണ്ടാക്കാന്‍ ഒരു വെര്‍ട്ടിക്കല്‍ ഫാം എന്നിവ ഇവിടെയുണ്ടാകും. ചൊവ്വയിലെത്തുന്ന ഒരു ബഹിരാകാശസഞ്ചാരി ചെയ്യേണ്ടി വരുന്ന കാര്യങ്ങളെല്ലാം സംഘം ഇവിടെ ചെയ്യേണ്ടിവരും. ബഹിരാകാശ വസ്ത്രം ധരിച്ച് ബഹിരാകാശ നടത്തങ്ങള്‍ ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ആരാണ് കെല്ലി ഹാസ്റ്റണ്‍?

കാനഡയില്‍ നിന്നുള്ള ജീവശാസ്ത്രജ്ഞയാണ് കെല്ലി ഹാസ്റ്റണ്‍. മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളുടെ മാതൃകകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധയാണ് ഈ അമ്പത്തിരണ്ടുകാരി. ഗവേഷക കൂടിയായ കെല്ലി ഹാസ്റ്റണ്‍, മൂല കോശങ്ങളുമായി ബന്ധപ്പെട്ട അനവധി പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വന്ധ്യത, കരള്‍ രോഗങ്ങള്‍, നാഢീവ്യൂഹക്ഷയം എന്നിവയുടെ ചികിത്സയില്‍ സഹായിക്കാന്‍ കഴിയുന്ന വിവിധ കോശ വിഭാഗങ്ങള്‍ കെല്ലി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും ഇന്റഗ്രേറ്റീവ് ബയോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ഡോക്രൈനോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള കെല്ലി, ബയോമെഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിലവില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുകയാണ് കെല്ലി ഹാസ്റ്റണ്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam