പ്രവാസം:കഥ:സനിൽ പി.ഗോപാൽ

OCTOBER 15, 2020, 9:38 AM

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിലേക്ക് മടങ്ങുന്ന അനേകരിലൊരുവളായി അവളും.

        വിമാനം ഉയർന്നു പൊങ്ങവെ അവളുടെ മനസ്സിൽ മേഘതുണ്ടുകൾ പോലെ ഓർമ്മകൾ ഒഴുകി വന്നു. പതിനാലു വർഷങ്ങൾക്കു മുമ്പാണ് ജനറൽ നഴ്സിംഗ് പഠിച്ച അവൾ പ്രാരാബ്ധങ്ങളുടെ ഭാണ്ഡങ്ങളും പേറി കൂവെറ്റ് സിറ്റിയിലെത്തിയത്. നാടുവിട്ടുപോരാൻ മനസുണ്ടായിട്ടല്ല.പ്രായമായ മാതാപിതാക്കൾ,വിദ്യാർത്ഥിനിയായ അനുജത്തി ജൂലി, കാലപ്പഴക്കത്താൽ തകർന്നു വീഴാറായ വീട് ഒക്കെയായിരുന്നു അവളെ പ്രവാസ ജീവിതത്തിനു പ്രേരിപ്പിച്ചത്. യാത്രയാക്കാൻ വരുമ്പോൾ അപ്പൻ പറഞ്ഞത് അവളോർത്തു." മോള് മൂന്നാലു വർഷം നിന്ന് നമ്മുടെ കടമൊക്കെ വീട്ടിയേച്ച് ഇങ്ങു പോര് " അതു പറയുമ്പോൾ അപ്പൻ്റെ കണ്ഠമിടരുന്നത് അവളറിഞ്ഞു. പിൻതിരിഞ്ഞു പോകുന്ന ആ വൃദ്ധ രൂപം അവൾ നിറമിഴികളോടെയാണ് നോക്കി നിന്നത്. ഇനിയൊരിക്കലും ആ മുഖം കാണാൻ കഴിയില്ലെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയിരുന്നില്ല.           ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ശമ്പളം അപ്പനയച്ചുകൊടുക്കണമെന്ന സ്വപ്നം അതുപോലെ അവശേഷിപ്പിച്ച് ഒരു നെഞ്ചുവേദനയിലൂടെ അപ്പനങ്ങു പോയി. ജോലിയിൽ കയറിയിട്ട് അധികനാളാകാത്തതിനാൽ നാട്ടിലെത്തി അപ്പനെ ഒരുനോക്കു കാണാൻ കൂടി അവൾക്കായില്ല.     പിന്നീട് കുടുംബത്തിനു വേണ്ടി മാത്രമായി ജീവിതം.അവർക്ക് താനല്ലാതെ മറ്റാരാണുള്ളത്? അനുജത്തിയെയും കൂടി  നഴ്സിംഗ് പഠിക്കാനയച്ചു. അവളുടെ പഠനം കഴിഞ്ഞാൽ ഇങ്ങോട്ടു കൊണ്ട് വന്നാൽ അവളും രക്ഷപ്പെടുമല്ലോ.വർഷങ്ങൾ  കഴിഞ്ഞു. അപ്പൻ്റെ കടങ്ങൾ കുറേശ്ശെ വീട്ടി. അവൾ ചെലവുചുരുക്കി ആ പണം കൂടി നാട്ടിലേക്കയച്ചു.

     അങ്ങനെയിരിക്കെയാണ് നാട്ടിൽ നിന്നും മനസിലേക്ക് തീ കോരിയിട്ടു കൊണ്ട് അമ്മയുടെ ഫോൺ കാൾ വന്നത്.ജൂലിയ്ക്കൊരുത്തനോട് പ്രണയം. അവനിപ്പോൾ തന്നെ അവളെ വിവാഹം കഴിക്കണം.നാൻസി ജൂലിയെ വിളിച്ചു. അടുത്ത മാസം അവളെ കുവൈറ്റിലേക്ക് കൊണ്ടുവരാനുള്ള വിസയും, ടിക്കറ്റുമൊക്കെ ശരിയാക്കിയിരുന്നു. അതിനായി ഒന്നര ലക്ഷം രൂപയോളം മുടക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇങ്ങനെ ..

vachakam
vachakam
vachakam

      ജൂലിയോട് കാര്യങ്ങളൊക്കെ പറഞ്ഞു, ഉപദേശിച്ചു, ശകാരിച്ചു പക്ഷേ അവൾ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി അവളുടെ കാമുകനെയും വിളിച്ചു. അവൾക്ക് ജോലിയൊക്കെയായി നല്ല നിലയിലായിട്ട് വിവാഹം നടത്തി തരാം എന്നു പറഞ്ഞിട്ടും അവൻ ചെവിക്കൊണ്ടില്ല. എനിക്കാരുടെയും കാശും, പൊന്നുമൊന്നും വേണ്ട. എനിക്കവളെ മതി എന്നാണവൻ പറഞ്ഞത്.

പ്രണയത്തിനൊന്നും അവൾ എതിരായിരുന്നില്ല. അവൾക്കുമുണ്ടായിരുന്നു പിരിയുവാനാവില്ലെന്നും, നീയല്ലാതെ മറ്റൊരു പെണ്ണ് ജീവിതത്തിലില്ലെന്നുമൊക്കെ പറഞ്ഞിരുന്നൊരാൾ.ഒരിക്കൽ ലീവിന് നാട്ടിലെത്തിയപ്പോൾ ഭാര്യയോടും മക്കളോടുമൊപ്പം പള്ളിയിൽ വച്ചു കണ്ടു. ഒരു വിളറിയ ചിരിയോടെ അവളെ ഒന്നു നോക്കി അവൻ കുടുംബസമേതം നടന്നു നീങ്ങുന്നത് അവൾ നോക്കി നിന്നു. വീണ്ടും അമ്മയുടെ ഫോൺ വന്നു.പ്രിൻസ് വിവാഹക്കാര്യം വീട്ടിലറിയിച്ചെന്നും അവരുടെ വീട്ടുകാർ (അവർ വലിയ കുടുംബക്കാരാണത്രെ) പെണ്ണുകാണാൻ വരുന്നുണ്ടത്രെ.  പിന്നീട് ധൃതിയിൽ വീടിൻ്റെ അറ്റകുറ്റപണികൾ തീർത്തു, തറയിൽ ഭംഗിയുള്ള ടൈലുകൾ നിരത്തി, അടുക്കളയുടെ ഓടുകൾ മാറ്റി കോൺക്രീറ്റ് ചെയ്തു.വീട് മൊത്തത്തിൽ പെയിൻ്റ് ചെയ്തു. അപ്പോഴേക്കും അവളുടെ പേഴ്സ് കാലിയായിരുന്നു.

       പെണ്ണുകാണലിൻ്റെ വിശേഷവും അമ്മ പറഞ്ഞാണറിഞ്ഞത്. ചെറുക്കൻ്റെ വീട്ടുകാരുടെ കാറ് മുറ്റം വരെ വരില്ല.റോഡിലിട്ടിട്ട് നടന്നു വരേണ്ടി വന്നതിനും പ്രിൻസിൻ്റെ അമ്മ അവനെ ശകാരിച്ചത്രെ. 'അവൻ കണ്ടു പിടിച്ചൊരു ബന്ധം, അതെങ്ങനാ ഓരോ അവളുമാര് തുനിഞ്ഞിറെങ്ങിയാൽ പിന്നെ എന്തോ ചെയ്യും' എന്നു പറഞ്ഞത്രെ. വീട്ടിൽ കയറിയവർ ചായയൊന്നും കുടിച്ചില്ല. ഞങ്ങൾ ഓർത്തഡോക്സുകാരാ, കല്യാണത്തിനു മുമ്പ് പെണ്ണിനെ ഓർത്തഡോക്സ് പള്ളീലോട്ട് മാറ്റണം. പിന്നെ എന്തോ തരും? മൂത്ത മോളോട് ചോദിച്ചിട്ട് പറയാം എന്ന് അമ്മ പറഞ്ഞു. അവർ മടങ്ങി.     ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്നു പറഞ്ഞവൻ ഇപ്പോൾ ചോദിക്കുന്നു എന്തു തരുമെന്ന്? ഒടുവിൽ അവരുടെ ആഗ്രഹം പോലെ ജൂലിയെയും, അമ്മയെയും ഓർത്തഡോക്സ് പള്ളിയിൽ മാമ്മോദീസ മുക്കി. ആ വകയിൽ പള്ളിയും വാങ്ങി കുറേ പണം!      കത്തോലിക്കാ പള്ളിയിലെ കുഴിമാടത്തിൽ കിടന്ന് അപ്പൻ ഇതൊക്കെ കാണുന്നുണ്ടാവുമോ?

vachakam
vachakam
vachakam

ഏതായാലും വിവാഹം കെങ്കേമമായി നടന്നു. പെണ്ണിനെ മാത്രം മതിയെന്നു പറഞ്ഞവന് 3 ലക്ഷം രൂപയും ഇരുപതു പവനും കൊടുത്തിട്ടും തൃപ്തിയായില്ല. അത്രയുമൊപ്പിക്കാൻ താൻ പെട്ട പാട് ! വീടും പറമ്പും ബാങ്കിൽ പണയം വച്ചിട്ടാണ് കല്യാണ ചെലവിനുള്ളത് കണ്ടെത്തിയത്.നിനക്ക് കല്യാണമൊന്നും വേണ്ടേടീന്ന് ഉള്ള നാട്ടുകാരുടെ ചോദ്യങ്ങളാണ് എറെ അസഹ്യമായി തോന്നിയത്.വീണ്ടും കടബാധ്യതയുമായി തിരികെ കുവൈറ്റിലേക്ക് ..

     വീണ്ടും ആവശ്യങ്ങളുമായി വീട്ടിൽ നിന്നും കോളുകൾ വന്നു. അനിയത്തിയുടെ പ്രസവം, കുഞ്ഞിൻ്റെ നൂലുകെട്ട്, അതിനു സ്വർണമാല .. അമ്മ ഒറ്റയ്ക്കായതിനാൽ ജൂലിയുo ഭർത്താവും വീട്ടിൽ താമസമാക്കിയെന്നും അറിഞ്ഞു.അമ്മയ്ക്ക് ഒരു കൂട്ടാവുമല്ലോ എന്നവൾ കരുതി.അങ്ങനെ വർഷങ്ങൾ കടന്നു പോകവെയാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഗ്രസിച്ചത് .ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞു, ഡോക്ടർമാർക്കും, നഴ്സുമാർക്കുമൊക്കെ രോഗം പകർന്നു.തെരുവിൽ ശ്വാസം മുട്ടി പിടഞ്ഞു വീണു മരിക്കുന്നവർ.ലോകം സമ്പൂർണ ലോക്ക് ഡൗണിൽ.ടി വി ചാനലുകളിൽ അനുനിമിഷം മരണത്തിൻ്റെ ഭീതിദമായ കണക്കുകൾ .ലോകം മുഴുവൻ തൻ്റെ ബുദ്ധി കൊണ്ടും അഹങ്കാരം കൊണ്ടും, പണം കൊണ്ടും, ആയുധ ബലം കൊണ്ടും അടക്കിവാണ മനുഷ്യൻ കേവലമൊരു വൈറസിനു മുന്നിൽ മുട്ടുകുത്തുന്ന അവസ്ഥ.അവളുടെ ഹോസ്പിറ്റലിൽ നിന്നും വിദേശ തൊഴിലാളികളെയെല്ലാം പിരിച്ചുവിട്ടു. ഒടുവിൽ ഗവൺമെൻ്റ് ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് വെറും കൈയ്യോടെ ..

    യന്ത്രപക്ഷി കൊച്ചിയുടെ മണ്ണിൽ പറന്നിറങ്ങി. ലഗേജുകളുമായി നാൻസി പുറത്തേക്കിറങ്ങി. വാട്സപ്പ് മെസേജിൻ്റെ ശബ്ദം അവളെ ഓർമ്മകളിൽ നിന്നും തിരികെ വിളിച്ചു. അവൾ ഫോൺ കയ്യിലെടുത്ത് ജൂലിയുടെ മെസേജ് നോക്കി. അത് ഇങ്ങനെയായിരുന്നു" ചേച്ചി എന്തോ പണിയാ ഈ കാണിക്കുന്നത്.ഇവിടെ ക്വാറൻ്റൈനിലിരിക്കാനൊന്നും പറ്റത്തില്ല, ഇവിടെ കൊച്ചു പിള്ളേരുള്ളതാ .അതുകൊണ്ട് വീട്ടിലേക്ക് വരണ്ട "

     പകച്ചു നിന്നു പോയ നാൻസിയുടെ തലയ്ക്കു മുകളിൽ കൂടി അപ്പോൾ ഒരു വിമാനം ഇരമ്പി മുകളിലേക്ക് പറന്നു മേഘപാളികൾക്കിടയിൽ അപ്രത്യക്ഷമായി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS