അനുഭവങ്ങളിലെ ഉമ്മൻചാണ്ടി: (തോമസ് ഡിക്രൂസ്, സെക്രട്ടറി, വേൾഡ് മലയാളി കൗൺസിൽ, ഷിക്കാഗോ പ്രൊവിൻസ്)

SEPTEMBER 20, 2020, 8:35 AM

'ഐക്യമുന്നണി ...ഐക്യമുന്നണി'.

അലയടിച്ചടിച്ചിറങ്ങുമൈക്യമുന്നണി ...

''മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല

vachakam
vachakam
vachakam

.................................മുട്ടു മടക്കാൻ മനസ്സില്ല ...'.


vachakam
vachakam
vachakam

വൻപിച്ച ജാഥകൾ, പൊതുസമ്മേളനങ്ങൾ,..... പോസ്റ്ററുകൾ,.... കമാനങ്ങൾ, ...മൈക്കുവച്ചു ചീറിപ്പായുന്ന ജീപ്പുകൾ'.., 1970 കളുടെ അന്ത്യത്തിൽ നടന്ന തെരെഞ്ഞെടുപ്പ് പ്രചരണങ്ങൾ കൊഴുക്കുമ്പോൾ ഞാനും എന്റെ പിതാവിന്റെ കൈയിൽ തൂങ്ങി ഞങ്ങളുടെ നിയമസഭാ സ്ഥാനാർഥിയായിരുന്ന ഉമ്മൻചാണ്ടിയുടെ പ്രചാരണപരിപാടികളിൽ ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ നിരവധിതവണ പങ്കെടുത്തിട്ടുണ്ട്. തൂവെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ചു നീണ്ട മുടിയും കൃതാവുമുള്ള മുഖവുമായി 'പശുവും കിടാവും', 'രണ്ടില'യും ഒക്കെയായി കവലയിൽ ഒപ്പം ഞങ്ങളുടെ കടയിലും സുസ്‌മേരവദനനായി വോട്ട് തേടുന്ന ഉമ്മൻചാണ്ടി എപ്പോഴും ഞങ്ങൾക്ക് വലിയ ആവേശവും  പ്രത്യേക ഉർജ്ജവുമായിരുന്നു.

വീട്ടിലെത്തുമ്പോൾ എന്റെ 'സ്പീച്' എത്രമാത്രമായെന്നറിയാനാവണം അമ്മ ചോദിക്കും 'ആരാ നമ്മുടെ സ്ഥാനാർഥി?'എന്റെ ഉത്തരം പൊടുന്നനവെ ആയിരിക്കും: ' ഉമ്മഞ്ചാണ്ടി!' 'ഉമ്മഞ്ചാണ്ടി' മാത്രം! അന്ന് ചെറുപ്പക്കാരനായ ഉമ്മൻചാണ്ടി പിന്നീട് ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും രചിച്ച വിജയഗാഥകൾ സമ്മതിദായകരായ ഞങ്ങൾക്ക് നൽകിയ വലിയ അഭിമാനത്തിനു പിന്നിൽ അദ്ദേഹത്തിനു മാത്രം കൈമുതലായുള്ള സവിശേഷ വ്യക്തിത്വം മാത്രമാണുള്ളത്.

ഉമ്മൻചാണ്ടിയെ പലതവണ നേരിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായി അദ്ദേഹത്തെ കാണാൻ മണ്ഡലം പ്രസിഡന്റ് ജേക്കബ് സാറിനോടൊപ്പം പുതുപ്പള്ളിവീട്ടിൽ ചെന്നദിവസം ഇപ്പോഴും ഓർക്കുന്നു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും മുറ്റംമുഴുവൻ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിൽ ഉമ്മൻചാണ്ടി! ഒന്നുമറിയാത്തപോലെ ദീർഘനേരമായി അകലെമാറി ഞങ്ങൾ മതിലിൽ ചാരിനിന്നു.  ആദ്യത്തെ സന്ദർശനത്തിന്റെ ആകാംക്ഷയും പിരിമുറുക്കവും 'അറിവില്ലായ്മ' യും കൊണ്ട് ഞാൻ ജേക്കബ് ചേട്ടനോട് ചോദിച്ചു 'നമ്മൾ ഇവിടെ നിന്നാ മതിയോ'? ' ചെക്കിൻ' ചെയ്തില്ലല്ലോ? 'അതുവേണ്ട' എന്നായിരുന്നു മറുപടി. കുറെനേരം കഴിഞ്ഞു അക്ഷമനായ ഞാൻ വീണ്ടും ചേട്ടനോട് ചോദിച്ചു 'ഇതുപോലെ തിരക്കിൽ നമുക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ലല്ലോ, പോയിട്ട് നാളെ വന്നാലോ?' അതിനൊരു ശകാരമായിരുന്നു:

'തിരക്കടിക്കാതെടോ'! ഉമ്മൻചാണ്ടി നമ്മളെ വിളിക്കും'. ഇതാ അല്പം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതുപോലെതന്നെ ഉമ്മൻചാണ്ടി ജേക്കബിനെ കണ്ണ് കാണിക്കുന്നു!. ജേക്കബ് എന്നെയുംകൂട്ടി അകത്തേക്ക്! ആ മുറിയിൽ ഞങ്ങൾ മൂന്നുപേർ മാത്രം. അന്നാണ് ആദ്യമായി ഉമ്മൻചാണ്ടി മുണ്ടുമടക്കികുത്തിനിന്നു ഒരാളുടെ ആവശ്യം കേൾക്കുന്നത് ഞാൻ കാണുന്നത് ! ശുപാർശകൾ ചിലപ്പോൾ ഫലം കാണാറില്ലെന്ന് ആരോപിക്കുന്നവരുണ്ട്. എന്നാൽ എന്റെ അനുഭവം മറിച്ചാണ്. തൃശ്ശൂർ ഗവ. ഹോസ്പിറ്റലിൽ ജോലി ചെയ്യവെ ജോലിസംബന്ധമായി രണ്ടുപ്രാവശ്യം ഞങ്ങളുടെ നേതാവ് അപ്പുക്കുട്ടൻനായർക്കൊപ്പം അദ്ദേഹത്തെ തിരുവനന്തപുരത്തുചെന്ന് കാണേണ്ടിവന്നു. രണ്ടും സഫലം, സന്തോഷം!

എവിടെയെത്തിയാലും ഉമ്മൻചാണ്ടി ഒരു തരംഗമാണ്. എസ്.ബി. കോളേജിലെ തന്റെ കലാലയ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നത് ഞങ്ങൾ ആഹ്‌ളാദത്തോടും അഭിമാനത്തോടെയുമായാണ് കേട്ടിരുന്നിട്ടുള്ളത്. ഒപ്പം അദ്ദേഹത്തെ മാതൃകയാക്കാൻ വൈദികരുടെ ഉപദേശവും!. കോളേജ് രാഷ്ട്രീയം വേണമെന്നുണ്ടെങ്കിൽ ഒരു 'ഉമ്മൻചാണ്ടി' എങ്കിലും  ആയിത്തീരുമെന്നുറപ്പുണ്ടെങ്കിൽ പോരെ? എന്ന് ഞങ്ങളുടെ ഒരു പ്രിയപെട്ട പ്രൊഫസർ ഞങ്ങളോട് ഒരിക്കൽ ചോദിച്ചുപോയിട്ടുണ്ട്!

ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ ലോഡ്‌ഷെഡിങ് സമയം... തിരിതെളിച്ചു വരുന്നതേയുള്ളു... മുറ്റത്തു വന്നുനിന്ന കാറിൽനിന്നും രണ്ടുപേർ! ..ഒന്ന് ഉയരംകൂടിയ ഖദറിട്ട ആൾ .....ആ അരണ്ട വെളിച്ചത്തിലും വല്യമ്മച്ചിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ഉമ്മൻചാണ്ടി, അതിനു മന്ത്രിസ്ഥാനമൊന്നും പ്രസക്തമല്ല.  '... അങ്ങനെ എത്രയെത്ര അവസരങ്ങൾ !

കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വന്തം സമ്മതിദായകരോടുള്ള പ്രത്യേക സ്‌നേഹവും കരുതലുമാണ് ഉമ്മൻചാണ്ടിയെ മറ്റുനേതാക്കളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. മികച്ച ഭരണ തന്ത്രജ്ഞൻ എന്നതിലുപരി അങ്ങേയറ്റം വിനയപൂർവ്വമായ പെരുമാറ്റം, പ്രതിപക്ഷബഹുമാനം, അസാധാരണമായ ഓർമശക്തി, കർമ്മകുശലത, ഈശ്വര വിശ്വാസം,  സത്യം നീതി എന്നീ മൂല്യങ്ങളോടുള്ള ഉയർന്ന പ്രതിബദ്ധത ഇവയെല്ലാം ഉമ്മൻചാണ്ടിയെ കേരളത്തിന്റെ നായകസ്ഥാനം വരെ എത്തിച്ചു.

മുഖ്യമന്ത്രിയായും വിവിധ വകുപ്പുളിൽ മന്ത്രിയായും നിയമസഭാസാമാജികനായും മികച്ച ഭരണതന്ത്രജ്ഞതയോടെ ജനകീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് നീണ്ട അഞ്ചുപതിറ്റാണ്ടു  അദ്ദേഹം കേരള സംസ്ഥാനത്തിനു നൽകിയ വിലയേറിയ സംഭാവനകൾ മുഴുവൻ വിവരിക്കാൻ പരിമിതിയുണ്ട്.

ഉമ്മൻചാണ്ടിയുടെ പ്രവാസിലോകത്തോടുള്ള ബന്ധം ബൃഹത്തും സുദൃഢവുമാണ്. ഏതുരാജ്യത്തുനിന്നും എപ്പോൾവിളിച്ചാലും ഉമ്മൻചാണ്ടി ഒരു വിളിപ്പാടകലെ സഹായഹസ്തവുമായി ഉണ്ടാകും. പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളിൽ അദ്ദേഹം നേരിട്ട് ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്തിട്ടുള്ളത് ഏവരും തിരിച്ചറിയുന്ന വസ്തുതയാണ്. 'ഉമ്മൻചാണ്ടി' എന്ന മഹത്‌വ്യക്തിത്വത്തിന്റെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുന്നു.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS